Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഡുവും ജിലേബിയും ഇനി നിറങ്ങൾ ഇല്ലാതെ നിർമ്മിക്കും; കൃത്രിമ കളറുകൾ ഉപേക്ഷിക്കാൻ ബേക്കറി ഉടമകൾ; നാട്ടികയിൽ നിന്നൊരു പുതു മാതൃക

ലഡുവും ജിലേബിയും ഇനി നിറങ്ങൾ ഇല്ലാതെ നിർമ്മിക്കും; കൃത്രിമ കളറുകൾ ഉപേക്ഷിക്കാൻ ബേക്കറി ഉടമകൾ; നാട്ടികയിൽ നിന്നൊരു പുതു മാതൃക

തൃശൂർ: ഭക്ഷ്യവസ്തുക്കളിലെ വിഷാംശത്തെ കുറിച്ച് എങ്ങും ചർച്ചയാണ്. പക്ഷേ ആരും ഒന്നും ചെയ്യുന്നില്ല. കച്ചവടക്കാരുടെ കണ്ണ് ലാഭത്തിലാണ്. അതുകൊണ്ട് തന്നെ അവരുടെ ഭാഗത്ത് നിന്ന് അനുകൂലമായി ഒന്നും ഉണ്ടാകില്ലെന്നാണ് പൊതു ധാരണ. ഇതിനെയാണ് നാട്ടികയിലെ ബേക്കറി ഉടമകൾ പൊളിച്ചെഴുതുന്നത്.

മലയാളിക്ക് നാവിൻ തുമ്പത്ത് രുചിയെത്തിക്കുന്ന പേരുകളാണ് ലഡുവും ജിലേബിയും. രുചിക്കൊപ്പം അതിന്റെ നിറവും പ്രധാനമാണ്. നല്ല മഞ്ഞ നിറമുള്ളതാണ് കൂടുതൽ ഗുണനിലവാരമുള്ള ലഡുവെന്നും ചുവപ്പ് കൂടിയാൽ നല്ല ജിലേബിയായെന്നും കരുതുന്നവർ പോലുമുണ്ട്. എന്നാൽ നിറങ്ങളുടെ അതിപ്രസരമാണ് ലഡുവിലും ജിലേബിയിലും ഉള്ളത്. വാങ്ങുന്നവരെ ആകർഷിക്കാൻ നിറങ്ങൾ ചേർത്തുണ്ടാക്കുന്ന രസക്കാഴ്ചയാണിത്. ഈ നിറ സൗന്ദര്യം പക്ഷേ ലഡുവിലും ജിലേബിയിലും ചെറിയ തോതിലെങ്കിലും വിഷാംശമെത്തിക്കും. നിറങ്ങളുള്ള മിക്ക ബേക്കറി വസ്തുക്കളുടേയും അവസ്ഥ ഇതാണ്.

കഴിക്കുന്നവർക്ക് അറിയില്ലെങ്കിലും എന്താണ് ചേർക്കുന്നതെന്ന് ഉണ്ടാക്കുന്നവർക്കും വിൽക്കുന്നവർക്കും അറിയാം. പക്ഷേ തെറ്റ് തിരുത്താൻ തയ്യാറാകില്ല. ഇവിടെയാണ് നാട്ടികയിലെ ബേക്കേഴ്‌സ് അസോസിയേഷൻ കേരളയുടെ യൂണിറ്റ് വ്യത്യസ്തമാകുന്നത്. ഇനി അവർ ലഡുവിലും ജിലേബിയിലും നിറങ്ങൾ ചേർക്കില്ല. കാഴ്ചയ്ക്ക് ഒരു സുഖമുണ്ടാകില്ലെങ്കിലും ശുദ്ധമായ ലഡുവും ജിലേബിയും നാട്ടുകാർ വാങ്ങുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ ഭക്ഷ്യവസ്തുക്കളിലെ മായത്തിനെതിരെ ഒരു ബോധവൽക്കരണ സന്ദേശവും നൽകുന്നു. കഴിക്കുന്ന പലതും വേണ്ടാത്തതാണെന്ന് ഓർമിപ്പിക്കുകയാണ് അവർ.

നാട്ടിക നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തുകളിലും തീരുമാനം നടപ്പാക്കും. ലഡുവും ജിലേബിയും ഉണ്ടാക്കുന്നവരും രാസവസ്തുക്കളടങ്ങിയ നിറങ്ങൾ ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബേക്കറികൾ കൃത്രിമനിറം ചേർത്ത ലഡ്ഡുവും ജിലേബിയും വിൽക്കുന്നത് നിരുത്സാഹപ്പെടുത്താൻ ആരോഗ്യവിഭാഗത്തിന്റെ സേവനം ലഭ്യമാക്കാൻ പഞ്ചായത്ത് അധികാരികളും ഉണ്ട്. ഇതോടെ നാട്ടികയിലെ 210 ബേക്കറിയിലും മായങ്ങളില്ലാത്ത ലഡുവും ജിലേബിയും വിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

നാട്ടികയിലെ പരീക്ഷണം വിജയിച്ചാൽ കേരളത്തിലാകെ ഇതു വ്യാപിപ്പിക്കും. നിറമില്ലാത്ത ലഡുവും ജിലേബിയും നാട്ടികക്കാർ വാങ്ങി കഴിച്ചാൽ അതിന്റെ ഗുണം കേരളത്തിനാകെ കിട്ടും. കൃത്രിമനിറം ചേർത്ത ലഡ്ഡുവും ജിലേബിയും ഉത്പാദിപ്പിക്കുകയോ വിൽക്കുകയോ ചെയ്യില്ലെന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരളയുടെ തീരുമാനത്തിന് ജനപ്രതിനിധികളുടെ പിന്തുണയുമുണ്ട്. ബേക്കറി ഉടമകളുടെ തീരുമാനത്തെ ഗീതാഗോപി എംഎ‍ൽഎ. സ്വാഗതം ചെയ്തു. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി കൃത്രിമനിറം ഒഴിവാക്കി ലഡ്ഡുവും ജിലേബിയും ഉണ്ടാക്കുന്നത് നല്ല കാര്യമാണെന്നും പൊതുജനത്തെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും എംഎ‍ൽഎ. നിർദ്ദേശിച്ചു

കൃത്രിമനിറം ഒഴിവാക്കി ലഡ്ഡുവും ജിലേബിയും നിർമ്മിക്കാനുള്ള ബേക്കറി ഉടമകളുടെ തീരുമാനത്തെ നാട്ടിക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിൽ പുളിക്കലും സ്വാഗതം ചെയ്തു. ആരോഗ്യ കാര്യത്തിൽ കേരളം ആശങ്കപ്പെടുന്നതിനിടയിൽ എടുത്ത തീരുമാനം ജനങ്ങൾക്ക് ആശ്വാസമേകുന്നതാണ്. മറ്റ് ഉത്പന്നങ്ങളിലും കൃത്രിമവസ്തുക്കൾ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കാൻ ബേക്കറി ഉടമകളും ഫാസ്റ്റ്ഫുഡ് കടയുടമകളും തയ്യാറാകണമെന്ന് അനിൽ പുളിക്കൽ ആവശ്യപ്പെട്ടു.

കൃത്രിമനിറം ചേർത്ത് ലഡ്ഡുവും ജിലേബിയും ഉണ്ടാക്കില്ലെന്ന ബേക്കേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിന് തളിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി പിന്തുണ പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP