Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലയോര മേഖലയിൽ 2005 വരെ ഭൂമി കൈയേറിയവർക്കെല്ലാം പട്ടയം; കർഷകരെ മറയാക്കി കയേറ്റങ്ങൾക്ക് നിയമസാധുത നൽകാൻ സർക്കാർ നീക്കം വിവാദത്തിൽ; റിയൽ എസ്റ്റേറ്റു മാഫിയയെ സഹായിക്കാനെന്നു സിപിഎം

മലയോര മേഖലയിൽ 2005 വരെ ഭൂമി കൈയേറിയവർക്കെല്ലാം പട്ടയം; കർഷകരെ മറയാക്കി കയേറ്റങ്ങൾക്ക് നിയമസാധുത നൽകാൻ സർക്കാർ നീക്കം വിവാദത്തിൽ; റിയൽ എസ്റ്റേറ്റു മാഫിയയെ സഹായിക്കാനെന്നു സിപിഎം

തിരുവനന്തപുരം: സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾക്ക് നിയമസാധുത നൽകിയുള്ള റവന്യൂ വകുപ്പിന്റെ വിജ്ഞാപനം വിവാദത്തിൽ. മലയോര മേഖലയിൽ 2005 ജൂൺ ഒന്നു വരെയുള്ള കയ്യേറ്റങ്ങൾക്കു നിയമസസാധുത നൽകുമെന്ന വിജ്ഞാപനമാണ് വിവാദത്തിലായത്. നാല് ഏക്കറിനു വരെ പട്ടയം നൽകും.

സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങളുടെ വാർത്തകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കെ, കയ്യേറ്റങ്ങൾക്കു നിയമസാധുത നൽകിക്കൊണ്ടുള്ള റവന്യൂ വകുപ്പിന്റെ വിജ്ഞാപനം ഏറെ വിവാദങ്ങൾക്കു വഴിവയ്ക്കുന്നതാണ്. റിയൽ എസ്റ്റേറ്റു മാഫിയയെ സഹായിക്കാനുള്ള നീക്കമാണു സർക്കാർ നടത്തുന്നതെന്നു സിപിഐ(എം) കുറ്റപ്പെടുത്തി.

ഭൂമി പതിച്ചു നൽകുന്ന ചട്ടങ്ങളിൽ ഭേദഗതിയും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. നിലവിലെ നിയമപ്രകാരം 1971 വരെയുള്ള കയ്യേറ്റങ്ങൾക്കേ പട്ടയം നൽകാൻ വ്യവസ്ഥയുള്ളു. ഭൂമി പതിവു ചട്ടത്തിലാണ് മാറ്റങ്ങൾ വരുത്തിയത്. ഇത് കർഷകരെ പോലും അട്ടിമറിക്കാനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നുണ്ട്.

ഭൂമി പതിച്ചുകിട്ടിയാൽ 25 വർഷത്തേക്കു ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥയിലും മാറ്റങ്ങൾ വരുത്തി. ചട്ടങ്ങൾ ഭേദഗതി ചെയ്ത് സർക്കാർ അസാധാരണ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ആറുമാസത്തിനുള്ളിൽ നിയമസഭയുടെ പരിഗണനയ്ക്ക് എത്തിച്ച് അംഗീകാരം നേടിയാൽ മതിയാകും.

ഇപ്പോൾ പുറത്തുവന്ന വിജ്ഞാപനത്തിന് അംഗീകാരം ലഭിച്ചാൽ ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലടക്കം റവന്യൂവനഭൂമികളിൽ നടത്തിയ ഏക്കർകണക്കിന് കയ്യേറ്റങ്ങൾക്ക് നിയമസാധുത ലഭിക്കും. മൂന്നാറിലടക്കമുള്ള കയ്യേറ്റ ഭൂമികൾ ഒഴിപ്പിക്കുന്നതിന് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സ്വീകരിച്ച നടപടികളെയും ഇതുമായി ബന്ധപ്പെട്ട നിയമയുദ്ധങ്ങളെ ബാധിക്കുന്നതാണ് സർക്കാർ ചർച്ചപോലും കൂടാതെ പുറത്തിറക്കിയ വിജ്ഞാപനം.

അതേസമയം സർക്കാർ വിജ്ഞാപനത്തിന്റെ വാർത്ത പുറത്തുവന്നതോടെ എതിർപ്പുമായി ഭരണപക്ഷ എംഎൽഎമാർ തന്നെ രംഗത്തെത്തി. വിജ്ഞാപനം കൈയേറ്റക്കാർക്ക് ഒത്താശ ചെയ്യുന്നതാണെന്ന് ടി എൻ പ്രതാപൻ എംഎൽഎ പറഞ്ഞു. കൈയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ തീരദേശത്തുള്ളവരോടും മലയോരമേഖലയിലുള്ളവരോടും വ്യത്യസ്ത സമീപനമാണ്. തീരദേശ മേഖലയിലുള്ളവർക്ക് പതിറ്റാണ്ടുകളായി പട്ടയം നൽകിയിട്ടില്ലെന്നും ആശങ്ക ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും പ്രതാപൻ വ്യക്തമാക്കി.

കെപിസിസിയും സർക്കാർ ഏകോപന സമിതിയും അറിയാതെയാണ് സുപ്രധാനമായ ഈ തീരുമാനം റവന്യൂ വകുപ്പ് കൈക്കൊണ്ടതെന്നും സൂചനയുണ്ട്. ഇടുക്കിയിലെ കർഷകർക്ക് പട്ടയം നല്കണമെന്ന ആവശ്യവുമായി കർഷകർ സമരത്തിലുണ്ട്. എന്നാൽ 2005 വരെയുള്ള കൈയേറ്റങ്ങൾക്ക് അനുമതി ലഭിക്കുന്നതോടെ കർഷകരം കൂടാതെ പുതിയ കൈയേറ്റക്കാർക്കും സഹായകരമാകും.

സർക്കാരിനോടു കെപിസിസി പ്രസിഡന്റ് വിശദീകരണം തേടി

ഭൂനിയമ ഭേദഗതി സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ സർക്കാരിനോട് വിശദീകരണം തേടി. ഏത് സാഹചര്യത്തിലാണ് നിയമഭേദഗതി എന്ന് വ്യക്തമാക്കണം എന്നും ആവശ്യപ്പെട്ടു. ഇതേ കുറിച്ച് മന്ത്രി അടൂർ പ്രകാശുമായി സുധീരൻ സംസാരിച്ചു.

അതേസമയം നിയമഭേദഗതി പെട്ടെന്നെടുത്ത തീരുമാനമല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. വർഷങ്ങളായി ഭൂമി കൈവശം വച്ചിരുന്നവർക്കാണ് പട്ടയം നൽകുന്നത്. ഇത് സർക്കാരിന്റെ വാഗ്ദാനമായിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സർക്കാരിന്റെ ഭൂനിയമ ഭേദഗതി ദുരൂഹം: കോടിയേരി

സംസ്ഥാന സർക്കാരിന്റെ പുതിയ ഭൂനിയമ ഭേദഗതി ദുരൂഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭൂമാഫിയക്കാരേയും റിയൽ എസ്റ്റേറ്റുകാരേയും സഹായിക്കാനാണ് തിടുക്കപ്പെട്ട് ഈ വിജ്ഞാപനമിറക്കിയത്. ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തണം. കൈയേറ്റക്കാർക്ക് പ്രോത്സാഹനം നൽകുന്നതാണ് പുതിയ ഭേദഗതിയെന്നും കോടിയേരി പറഞ്ഞു.


റിയൽ എസ്റ്റേറ്റു മാഫിയയെ സഹായിക്കാനുള്ള ശ്രമം: വി എസ്

പുതിയ ഭൂനിയമ ഭേദഗതി റിയൽ എസ്റ്റേറ്റ്- ഭൂമാഫിയകളെ സഹായിക്കുന്നതിനു വേണ്ടിയുള്ളതാണെന്നു പ്രതിപക്ഷ നേതാവു വി എസ് അച്യുതാനന്ദൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP