Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭൂമിതട്ടിപ്പിന്റെ ജപ്തി മാതൃക; തൊട്ടടുത്ത ഭൂമി ജ്പതി ചെയ്താൽ നിങ്ങളും കരുതിയിരിക്കുക! വിവരാവകാശ നിയമത്തിന്റെ കരുത്തിൽ ഭൂമാഫിയയുടെ തട്ടിപ്പിനെതിരെ പ്രവാസിയുടെ പോരാട്ടം ; കേരളാ കോൺഗ്രസ് നേതാവടക്കം ആറുപേർക്കെതിരെ വിജിലൻസ് കേസ്

ഭൂമിതട്ടിപ്പിന്റെ ജപ്തി മാതൃക; തൊട്ടടുത്ത ഭൂമി ജ്പതി ചെയ്താൽ നിങ്ങളും കരുതിയിരിക്കുക! വിവരാവകാശ നിയമത്തിന്റെ കരുത്തിൽ ഭൂമാഫിയയുടെ തട്ടിപ്പിനെതിരെ പ്രവാസിയുടെ പോരാട്ടം ; കേരളാ കോൺഗ്രസ് നേതാവടക്കം ആറുപേർക്കെതിരെ വിജിലൻസ് കേസ്

കോട്ടയം: വിവരാവകാശ നിയമത്തിന്റെ സാധ്യതകളില്ലാതാക്കിയ മദ്രാസ് ഹൈക്കോടതിയിലെ വിധി ചർച്ചയായത് കഴിഞ്ഞ ദിവസമാണ്. അതുകൊണ്ട് കൂടിയാണ് കോട്ടയത്തെ അസാധാരണ തട്ടിയെടുക്കലിന്റെ പ്രസക്തി കൂടുന്നത്. വിവരാവകാശത്തിന്റെ കരുത്തിൽ ഒരു പ്രവാസി നടത്തിയ പോരാട്ടമാണ് കേരളാ കോൺഗ്രസുകാരനേയും വില്ലേജ് ഓഫീസറേയും ബാങ്ക് മാനേജരേയും വിജിലൻസ് കേസിൽ പ്രതികളാക്കിയത്. വിവരാവകാശമില്ലെങ്കിൽ പ്രവാസിക്ക് ഭൂമിയും പോകുമായിരുന്നു. ഒന്നും മനസ്സിലാവുകയുമില്ലായിരുന്നു.

സിനിമകളിൽ പലതരം ഭൂമാഫിയയേയും കണ്ടിട്ടുണ്ട്. പലതരം തട്ടിപ്പുകളിലൂടെ പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുക്കുന്ന വില്ലന്മാർ. അതിനെതിരെ ജീവൻ പണയം വച്ച് പോരടിക്കുന്ന നായകൻ. ഒടുവിൽ സത്യത്തിന്റെ പക്ഷത്ത് ക്ലൈമാക്‌സ്. ഇതിലും നാടകീയമാണ് ഇടുക്കി കട്ടപ്പനയിലെ മുളകരമേട് തെക്കേവയലിൽ ഷൈൻ സെബാസ്റ്റ്യന്റെ ജീവിതാനുഭവം. സ്ഥലം തട്ടിയെടുക്കലിന്റെ ഏറ്റവും പുതിയ മാതൃക. ഷൈൻ സെബാസ്റ്റ്യൻ വിദേശത്തായിരുന്നതിനാൽ ഭൂമാഫിയയ്ക്ക് കാര്യങ്ങൾ എളുപ്പവുമായി.

ഷൈനിന്റെ വസ്തുവിന് തൊട്ടടുത്ത് ബാങ്കിൽ നിന്ന് കടമെടുത്ത ഭൂമി ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടു. വില്ലേജ് ഓഫീസറുടെ സഹായത്തോടെ തൊട്ടടുത്ത സ്ഥലം കൂടി ജപ്തി ചെയ്തു. അതിന് ശേഷം കടമുള്ള സ്ഥലവും ഷൈനിന്റെ ഭൂമിയും ചേർത്ത് ബാങ്ക് മറ്റൊരാൾക്ക് വിറ്റു. ബാങ്കിൽനിന്നു ജപ്തി ചെയ്ത സ്ഥലം ലേലത്തിൽപിടിച്ച കേരളാ കോൺഗ്രസിന്റെ യുവജന വിഭാഗം സെക്രട്ടറി ബോബൻ ടി തെക്കേൽ, പിതാവ് ടി എ തങ്കച്ചൻ, എറണാകുളം ഡിആർടി കോടതി അഭിഭാഷക കമ്മിഷൻ അഡ്വ. ലവരാജ്, എസ്‌ബിഐ കോട്ടയം ശാഖ മുൻ മാനേജർ പി എ ജോർജ്, കാഞ്ഞിരപ്പള്ളി മുൻ വില്ലേജ് ഓഫിസർ ബിനു സെബാസ്റ്റ്യൻ, സ്‌പെഷൽ വില്ലേജ് ഓഫിസർ വി എസ് സിജിമോൻ എന്നിവർ നടത്തിയ ഗൂഡാലോചനയാണ് തട്ടിപ്പെന്നാണ് വിജിലൻസ് സിഐ മനോജ് കുമാറിന്റെ കണ്ടെത്തൽ. വിജിലൻസ് കോടതിയിൽ പ്രഥമ വിവര റിപ്പോർട്ടും നൽകി.

ഷൈനിന്റെ സ്ഥലത്തോടു ചേർന്നുണ്ടായിരുന്ന 85 സെന്റ് സ്ഥലം ഈടുവച്ച് എസ്‌ബിഐ കോട്ടയം ശാഖയിൽനിന്നു വായ്പ എടുത്തിരുന്നു. വായ്പ കുടിശിക വന്നതിനെ തുടർന്നാണ് ബാങ്ക് സ്ഥലം ജപ്തി ചെയ്തു ലേലത്തിൽ വിറ്റത്. ടി എ തങ്കച്ചനാണ് ഈ സ്ഥലം ലേലത്തിൽ പിടിച്ചത്. ഇതിനു കൂട്ടുനിന്നതിനാണ് ബോബനെതിരെ കേസ്. ജപ്തി നടപടികൾ പൂർത്തിയാക്കുന്നതിനായി ഡിആർടി കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ ലവരാജും ബാങ്ക് മാനേജർ പി എ ജോർജും ചേർന്നു ഷൈന്റെ പേരിലുള്ള 42 സെന്റ് സ്ഥലവും വീടും കൂടി ജപ്തി ചെയ്‌തെടുക്കുകയായിരുന്നുവെന്ന് വിജിലൻസ് എസ്‌പിയുടെ അന്വേഷണത്തിൽ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി തമ്പലക്കാട് മാപ്പിളപ്പറമ്പിൽ എം ആർ സോമരാജനിൽനിന്ന് 2008ൽ പ്രവാസി മലയാളിയായ ഷൈൻ സെബാസ്റ്റ്യൻ 42 സെന്റ് സ്ഥലം വാങ്ങി. ഈ സ്ഥലത്തിന്റെ പേരിൽ ബാധ്യതകളൊന്നുമില്ലായിരുന്നു. 2012വരെ കരവും അടച്ചിരുന്നു. കഴിഞ്ഞ വർഷം കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസിൽ കരം അടയ്ക്കാനെത്തിയപ്പോഴാണ് സ്ഥലം മറ്റൊരാളുടെ പേരിലായതായി കണ്ടെത്തിയത്. ബാങ്ക് സ്ഥലം ജപ്തി ചെയ്തതാണെന്നും ചങ്ങനാശേരി സ്വദേശി ടി എ തങ്കച്ചനാണ് ലേലത്തിൽ പിടിച്ചതെന്നും ഷൈൻ വിവരാവകാശ നിയമപ്രകാരം മനസിലാക്കി. അയൽവാസിയുടെ വസ്തുവിനോടു ചേർത്ത് അനധികൃതമായി വസ്തു ജപ്തി ചെയ്തതാണെന്നും കണ്ടെത്തി.

ഈ പിഴവുകൾ ചൂണ്ടിക്കാട്ടി ഷൈൻ ഡിആർടി കോടതിയെ സമീപിച്ചു. കോടതി നടപടികൾ വൈകിയതോടെ വിജിലൻസ് ഡയറക്ടർക്കു പരാതി നൽകി. വിവരാവകാശ രേഖകളും തെളിവായി നൽകി. 80 ലക്ഷം രൂപയിലേറെ വിപണി വിലയുള്ളതാണ് ഈ സ്ഥലം. രേഖകൾ കൃത്രിമമായി ചമയ്ക്കാൻ വില്ലേജ് ഓഫിസറും ജീവനക്കാരും കൂട്ടുനിന്നതായും കണ്ടെത്തി. ഇതേ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്.

എന്നാൽ, തനിക്കൊന്നുമറിയില്ലെന്നാണ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ പ്രമുഖനും യൂത്ത് ഫ്രണ്ട് നേതാവുമായ ബോബൻ ടി തെക്കേൽ പറയുന്നത്. ലേലത്തിനെടുത്ത വസ്തു തങ്ങളുടെ പേരിൽ പതിച്ചു നൽകിയത് കോടതിയാണ്. സ്ഥലം വാങ്ങിയപ്പോൾ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ബോബൻ ടി തെക്കേൽ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP