Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതിൽ കൂടുതൽ വിട്ടു വീഴ്ചക്കില്ലെന്ന് മാനേജ്‌മെന്റും ഇനി ഒന്നും ചെയ്യാനില്ലെന്ന് സർക്കാരും; ചർച്ചകൾ എല്ലാം പൊളിഞ്ഞതോടെ ലോ അക്കാദമി വിഷയം കൂടുതൽ സങ്കീർണ്ണമായി; പൊലീസിന്റേയും എസ് എഫ് ഐയുടേയും സഹായത്തോടെ നാളെ മുതൽ ക്ലാസ് തുടങ്ങാൻ നീക്കം; ഇനി കാണുന്നത് ഒരുമിച്ച് സമരം നടത്തിയ വിദ്യാർത്ഥികൾ തമ്മിൽ തല്ലുന്ന കാഴ്ചകൾ

ഇതിൽ കൂടുതൽ വിട്ടു വീഴ്ചക്കില്ലെന്ന് മാനേജ്‌മെന്റും ഇനി ഒന്നും ചെയ്യാനില്ലെന്ന് സർക്കാരും; ചർച്ചകൾ എല്ലാം പൊളിഞ്ഞതോടെ ലോ അക്കാദമി വിഷയം കൂടുതൽ സങ്കീർണ്ണമായി; പൊലീസിന്റേയും എസ് എഫ് ഐയുടേയും സഹായത്തോടെ നാളെ മുതൽ ക്ലാസ് തുടങ്ങാൻ നീക്കം; ഇനി കാണുന്നത് ഒരുമിച്ച് സമരം നടത്തിയ വിദ്യാർത്ഥികൾ തമ്മിൽ തല്ലുന്ന കാഴ്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോ അക്കാദമി സമരം കൂടുതൽ സങ്കീർണ്ണതകളിലേക്ക്. പ്രശ്‌നം ഒത്തുതീർപ്പാക്കാൻ വിദ്യാഭ്യാസമന്ത്രി വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടതോടെയാണ് ഇത്. സമരം ചെയ്യുന്ന വിദ്യാർത്ഥിസംഘടനകൾക്കും മാനേജ്മെന്റിനും മന്ത്രിക്കും ഭിന്നാഭിപ്രായമായതോടെ, വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് യോഗത്തിൽനിന്നിറങ്ങിപ്പോയി. ഇത് ഒത്തുതീർപ്പ് അസാധ്യമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുന്നു. തിങ്കളാഴ്ച കോളേജ് തുറന്നാൽ അത് വിദ്യാർത്ഥികൾ തമ്മിലെ സംഘർഷത്തിനും കാരണമാകും.

പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് ലക്ഷ്മി നായർ രാജിവെയ്ക്കണമെന്ന നിലപാടിൽ വിദ്യാർത്ഥിസംഘടനകൾ ഉറച്ചുനിന്നു. അവരെ പ്രിൻസിപ്പൽസ്ഥാനത്തുനിന്ന് ഒഴിവാക്കിയെന്ന നിലപാട് മാനേജ്മെന്റ് ആവർത്തിച്ചു. പുതിയ പ്രിൻസിപ്പലിനെ നിയമിക്കണമെന്ന് മന്ത്രിയും നിർദേശിച്ചു. മാനേജ്മെന്റ് ഈ നിർദ്ദേശം അംഗീകരിച്ചു. എന്നാൽ, ലക്ഷ്മി നായരുടെ രാജിയിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ലക്ഷ്മിനായരുടെ രാജിയിൽ കുറഞ്ഞ ഒത്തുതീർപ്പിന് ഇല്ലെന്ന് എസ്എഫ്‌ഐ ഒഴികെ സംഘടനകൾ നിലപാടെടുത്തതോടെ ചർച്ച വഴിമുട്ടി. ലക്ഷ്മിനായർ മാറിനിൽക്കുമെന്നും പകരം പ്രിൻസിപ്പലിനെ നിയമിക്കുമെന്നുമുള്ള മാനേജ്‌മെന്റിന്റെ ഉറപ്പ് അംഗീകരിക്കാൻ വിദ്യാർത്ഥികൾ തയാറായില്ല. മാറി നിൽക്കുകയല്ല വേണ്ടതെന്നും രാജിവയ്ക്കുകയോ പുറത്താക്കുകയോ ആണ് വേണ്ടതെന്ന് കുട്ടികളും പറയുന്നു. ഇതിനിടെ അക്കാദമി മാനേജ്‌മെന്റിനെ വെട്ടിലാക്കി ട്രസ്റ്റ് ചെയർമാൻ അയ്യപ്പൻപിള്ള രാജിഭീഷണി മുഴക്കുകയും ചെയ്തു.

തിങ്കളാഴ്ച മുതൽ തങ്ങൾ സമരം പിൻവലിക്കുകയാണെന്ന് ചർച്ചയ്ക്കു ശേഷം എസ്എഫ്‌ഐ വ്യക്തമാക്കിയപ്പോൾ, സമരം ശക്തമാക്കുകയാണെന്നും തിങ്കളാഴ്ച പ്രത്യേക സിൻഡിക്കറ്റ് യോഗസ്ഥലത്തേക്ക് മാർച്ച് നടത്തുമെന്നും കെഎസ്‌യു അറിയിച്ചു. മന്ത്രിതല ചർച്ച വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് ഇന്നലെ മൂന്നിന് മന്ത്രി സി. രവീന്ദ്രനാഥ് എല്ലാവരെയും ചർച്ചയ്ക്കു വിളിച്ചത്. മാനേജ്‌മെന്റ് പ്രതിനിധികളും സമരം ചെയ്തിരുന്ന എല്ലാ സംഘടനകളുടെ പ്രതിനിധികളും എത്തി. ലക്ഷ്മിനായർ രാജിവയ്ക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു എസ്എഫ്‌ഐ ഒഴികെയുള്ള സംഘടനകൾ. എന്നാൽ രാജിവയ്പിക്കാൻ സർക്കാരിന് സാധിക്കില്ലെന്നും അതു തീരുമാനിക്കേണ്ടത് മാനേജ്‌മെന്റാണെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെയാണ് പ്രശ്‌ന പരിഹാരം അസാധ്യമായത്.

രണ്ടു മണിക്കൂർ നീണ്ട ചർച്ചയുടെ അവസാനം മന്ത്രിയും വിദ്യാർത്ഥികളും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. മാനേജ്മെന്റ് നിലപാട് അംഗീകരിച്ച് സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആവർത്തിച്ചാവശ്യപ്പെട്ടു. മാനേജ്മെന്റ് നിലപാട് ആവർത്തിക്കാതെ പ്രിൻസിപ്പൽ രാജിവെയ്ക്കണമെന്ന ആവശ്യം മന്ത്രി മാനേജ്മെന്റിനുമുന്നിൽ വെയ്ക്കണമെന്ന് വിദ്യാർത്ഥികളും പറഞ്ഞു. ഇതേത്തുടർന്ന് മന്ത്രി അല്പം ക്ഷുഭിതനായി ചർച്ച അവസാനിപ്പിച്ച് വേദിവിട്ടു.

പ്രശ്‌ന പരിഹാരം നീളുന്നത് ഇടതുമുന്നണിയെയും സർക്കാരിനെയും ഒരുപോലെ വെട്ടിലാക്കുകയാണ്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ വിദ്യാർത്ഥിസംഘടന അടക്കം സമരരംഗത്ത് ഉറച്ചുനിൽക്കുന്നതും എസ്.എഫ്.ഐ ഏകപക്ഷീയമായി ഒത്തുതീർപ്പ് ധാരണയുണ്ടാക്കി പിന്മാറിയെന്ന ആക്ഷേപം സൃഷ്ടിച്ച നാണക്കേടും പ്രതിരോധത്തിലാക്കിയതിന് പിന്നാലെ, ഇപ്പോൾ ഭൂമിപ്രശ്‌നവും ഇടതുപക്ഷത്തിന് വെല്ലുവിളിയാകുന്നു. വി എസ് അച്യൂതാനന്ദനും സിപിഐയും ഇക്കാര്യത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നു. ഇതും വിദ്യാർത്ഥി സമരത്തിന് കരുത്ത് പകരുന്നു.

പുതിയ പ്രിൻസിപ്പൽ ഉടൻ

പുതിയ പ്രിൻസിപ്പലിനെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയതായി അക്കാദമി ഡയറക്ടർ എൻ. നാരായണൻ നായർ പറഞ്ഞു. അവർ രാജിവെയ്ക്കണമെന്ന ആവശ്യത്തിന് തുല്യമായ കാര്യമാണ് പുതിയ പ്രിൻസിപ്പലിന്റെ നിയമനം. ഇതിനപ്പുറം ഒരു വിട്ടുവീഴ്ചയില്ലെന്നാണ് നാരായണൻ നായരുടെ പക്ഷം.

എന്നാൽ, മുമ്പ് പ്രിൻസിപ്പൽസ്ഥാനത്തുനിന്ന് മൂന്നുവർഷത്തേക്ക് മാറ്റിനിർത്തപ്പെട്ട ലക്ഷ്മി നായർ തിരിച്ചെത്തിയപ്പോൾ കാര്യങ്ങൾക്ക് ഒരു വ്യത്യാസവും വന്നില്ലെന്ന് സമരനേതാവ് ആര്യ പറഞ്ഞു. ഇപ്പോൾ അഞ്ചുവർഷം മാറിനിന്നാൽ അവർ വിശുദ്ധയാകുമെന്ന് എങ്ങനെ കരുതും? വിദ്യാർത്ഥികളുടെ ആവശ്യം മനസ്സിലാക്കി അക്കാര്യം ആവശ്യപ്പെടാൻ മന്ത്രി തയ്യാറായില്ലെന്നും അവർ പറഞ്ഞു.

നാളെമുതൽ ക്ലാസ്

തിങ്കളാഴ്ച മുതൽ ലോ അക്കാദമി തുറന്നു പ്രവർത്തിക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. മാനേജ്മെന്റുമായി സഹകരിക്കുന്ന വിദ്യാർത്ഥികൾ ക്ലാസിൽ കയറും. വേണ്ടിവന്നാൽ പൊലീസ് സഹായം തേടും.

സമരം അവസാനിപ്പിക്കാതെ ഏകപക്ഷീയമായി ക്ലാസ് തുടങ്ങാനാകില്ലെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് വി എസ്. ജോയി പറഞ്ഞു. കോളേജിലെ ദളിത് പീഡനത്തെക്കുറിച്ച് കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി സുകേശ് സുധാകരൻ പറഞ്ഞു. സർക്കാർ കുറച്ചുകൂടി ഗൗരവമായി ഈ പ്രശ്നത്തെ കാണണമെന്നും സുകേശ് ആവശ്യപ്പെട്ടു. ചിലർ രാഷ്ട്രീയം കലർത്തുന്നതുകൊണ്ടാണ് സമരം തീരാത്തതെന്ന് എസ്.എഫ്.ഐ. സെക്രട്ടറി വിജിൻ പറഞ്ഞു.

അയ്യപ്പൻപിള്ളയുടെ രാജിയെ കുറിച്ച് അക്കാദമിക്ക് അറിയില്ല

ഇതിനിടെ ലക്ഷ്മി നായർ പ്രിൻസിപ്പൽസ്ഥാനം രാജിവച്ചില്ലെങ്കിൽ ലോ അക്കാദമി ചെയർമാൻസ്ഥാനം രാജിവെയ്ക്കുമെന്ന് കെ. അയ്യപ്പൻപിള്ള ബിജെപി. സമരപ്പന്തലിലെത്തി പറഞ്ഞു. അയ്യപ്പൻപിള്ളയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു.

വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി നിരാഹാരമിരിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി വി.വി.രാജേഷിന്റെ സമരപ്പന്തലിൽ എത്തിയ അയ്യപ്പൻപിള്ള, പ്രിൻസിപ്പൽ സ്ഥാനത്തു നിന്നു ലക്ഷ്മിനായർ രാജിവച്ചില്ലെങ്കിൽ താൻ ട്രസ്റ്റ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അയ്യപ്പൻപിള്ള ഉൾപ്പെടുന്ന ഗവേണിങ് കമ്മിറ്റിയാണ് അഞ്ചു വർഷത്തേക്ക് ലക്ഷ്മിനായരെ പുറത്താക്കിയതായി അറിയിച്ച് ദിവസങ്ങൾക്ക് മുൻപു വാർത്താ സമ്മേളനം നടത്തിയത്.

അന്ന് വി.മുരളീധരന്റെ നിരാഹാര സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് തന്നോട് ചോദിച്ചിട്ടല്ല മുരളീധരൻ നിരാഹാരം കിടക്കുന്നതെന്നും മാനേജ്‌മെന്റ് തീരുമാനം അംഗീകരിച്ച് അദ്ദേഹം പിന്മാറുമെന്നാണു കരുതുന്നതെന്നും അയ്യപ്പൻപിള്ള വ്യക്തമാക്കിയിരുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായാണ് അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനൊപ്പം രാജേഷിന്റെ സമരപ്പന്തലിൽ എത്തിയത്.

ഭൂമിയിൽ ഉടക്ക് സജീവം

അക്കാദമിക്ക് പതിച്ചുനൽകിയ ഭൂമിയുടെ നിജസ്ഥിതി റവന്യൂവകുപ്പ് പരിശോധിച്ചുവരവെ, സർ സി.പിയുടെ കാലത്ത് ഏറ്റെടുത്ത ഭൂമിയുടെ കാര്യത്തിൽ പരിശോധന വേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതികരിച്ചത് വിവാദമായി. അക്കാഡമിക്ക് അനുവദിച്ച ഭൂമി വിദ്യാഭ്യാസാവശ്യത്തിനല്ലാതെ മറ്റേതെങ്കിലും കാര്യത്തിന് വിനിയോഗിക്കുന്നുണ്ടോ എന്നതടക്കം വി എസ്. അച്യുതാനന്ദൻ ഉന്നയിച്ച ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റവന്യൂവകുപ്പ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

84ൽ ഭൂമി പതിച്ചുനൽകിയത് വിദ്യാഭ്യാസാവശ്യത്തിനല്ലാതെ വകമാറ്റിയാൽ തിരിച്ചെടുക്കാമെന്ന വ്യവസ്ഥയോടെ ആയിരുന്നു. വ്യവസ്ഥാലംഘനമുണ്ടായെങ്കിൽ തിരിച്ചുപിടിക്കാമെന്നിരിക്കെ, ഭൂമി വകമാറ്റിയെന്നതടക്കമുള്ള കണ്ടെത്തലുകൾ റവന്യു പരിശോധനയിലുണ്ടായി. ഇതിന്റെ അന്തിമ അന്വേഷണറിപ്പോർട്ട് സർക്കാരിന് ലഭിക്കാനിരിക്കെയാണ് ഇന്നലെ മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. മുഖ്യമന്ത്രി പറഞ്ഞത് പഴയ കാലത്തെ ഇടപാടിന്റെ പരിശോധന ആവശ്യമില്ലെന്നാണെന്ന് സാങ്കേതികമായി വ്യാഖ്യാനിക്കാം. റവന്യൂവകുപ്പ് നടത്തുന്ന പരിശോധന പക്ഷേ, സർക്കാരിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലുള്ളതുമാണ്.

പ്രിൻസിപ്പൽ ലക്ഷ്മിനായരുടെ രാജി എന്ന ആവശ്യത്തിൽ ഇന്നലെ സമരസംഘടനകൾ നിലപാട് കടുപ്പിച്ചതാണ് സ്ഥിതി സങ്കീർണമാക്കിയത്. സമരം ഒരെത്തും പിടിയുമില്ലാതെ മുന്നോട്ട് നീങ്ങുന്നത് സർക്കാരിനും ക്ഷീണമാകുന്നുവെന്ന തോന്നലിലാണ് കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യൻ രവീന്ദ്രനും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയത്. വിദ്യാഭ്യാസമന്ത്രി ഇടപെട്ട് ചർച്ചയ്ക്ക് സന്നദ്ധമായാൽ പ്രശ്‌നം തീരുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു കാനം ഈയൊരു നിർദ്ദേശം കോടിയേരിക്ക് മുന്നിൽ അവതരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP