Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നായകളെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കി മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്; നിയമലംഘകർക്ക് പിഴ വരും

നായകളെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കി മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്; നിയമലംഘകർക്ക് പിഴ വരും

തിരുവനന്തപുരം: നായയെയും പൂച്ചയെയും വളർത്താൻ താൽപ്പര്യപ്പെടുന്നവർ ധാരാളമുണ്ട് കേരളത്തിൽ. ഇതുവരെ ഇതിനാരും ലൈസൻസ് ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇനിമുതൽ അങ്ങനെയാകില്ല കാര്യങ്ങൾ. നായ വളർത്താൻ ഇനിമുതൽ ലൈസൻസ് വേണ്ടി വരും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ലൈസൻസില്ലാതെ നായ്ക്കളെ വളർത്തുന്നത് കുറ്റകരമാക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ലൈസൻസ് ഉള്ളവരെ മാത്രം നായകളെ വളർത്താൻ അനുവദിക്കണമെന്നും വർഷംതോറും ലൈസൻസ് പുതുക്കണം. ലൈസൻസ് ഇല്ലാതെ നായകളെ വളർത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കമ്മിഷൻ ചീഫ് സെക്രട്ടറിക്ക് നൽകിയ ഉത്തരവിൽ പറയുന്നു. നായകളെ സംരക്ഷിക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം ലൈസൻസിക്കായിരിക്കണം.

തെരുവ്‌നായകളുടെ ശല്യം നിയന്ത്രണാതീതമായിട്ടും സർക്കാർ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ഫയൽ ചെയ്ത 25 പരാതികൾ പരിഗണിച്ചുകൊണ്ടാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. വീട്ടിൽ വളർത്തുന്ന നായകൾ മറ്റുള്ളവർക്ക് ശല്യമുണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഉത്തരവിൽ പറയുന്നു. മൃഗങ്ങളുടെ ജനനനിയന്ത്രണ (എ.ബി.സി പ്രോഗ്രാം) പദ്ധതിയനുസരിച്ച് തെരുവ്‌നായകളെ വന്ധ്യംകരണം ചെയ്യുന്നതിനും പ്രതിരോധകുത്തിവെപ്പ് എടുക്കുന്നതിനുമുള്ള നടപടികൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അനുവദിക്കണം.

തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇതിനുവേണ്ടി മൊബൈൽ യൂനിറ്റുകൾക്കും രൂപം നൽകണം. തെരുവ്‌നായകളുടെ ഉപദ്രവത്തിനിരയാവുന്നവർക്ക് ചികിത്സാ ചെലവും നഷ്ടപരിഹാരവും തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകണം.
ആഹാരസാധനങ്ങൾ തെരുവിലിട്ട് നായകളെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ തദ്ദേശസ്ഥാപനങ്ങളും പൊലീസും കേസെടുക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കാത്ത തരത്തിൽ മൃഗസ്‌നേഹികൾക്ക് തെരുവ്‌നായകളെ സംരക്ഷിക്കുന്നതിന് സുരക്ഷിത കേന്ദ്രങ്ങളുണ്ടാക്കാമെന്നും ഉത്തരവിൽ പറയുന്നു.

കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചതുപോലെ പേവിഷബാധയുള്ള മൃഗങ്ങളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾ ഉടൻ നടപടിയെടുക്കണം. റെയിൽവേ പ്‌ളാറ്റ്‌ഫോമിൽ നിന്നുണ്ടാകുന്ന തെരുവ്‌നായകളുടെ ഉപദ്രവങ്ങൾക്ക് റെയിൽവേ ചികിത്സാചെലവും നഷ്ടപരിഹാരവും നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു.

മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ പോത്തിറച്ചിയും മറ്റും കയറ്റിയയക്കുന്ന മാതൃകയിൽ പട്ടിയിറച്ചി കഴിക്കുന്ന രാജ്യങ്ങളിലേക്ക് തെരുവ് നായകളുടെ ഇറച്ചി സംഭരിച്ച് അയക്കാൻ നടപടി സ്വീകരിക്കണമെന്ന സന്നദ്ധ സംഘടനകളുടെ ആവശ്യം സർക്കാർ അംഗീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. പൊതുപ്രവർത്തകരായ പി.കെ. രാജു, തമ്പി സുബ്രഹ്മണ്യൻ, പട്ടം ശശിധരൻ നായർ തുടങ്ങിയ 25 പേരാണ് പരാതികൾ സമർപ്പിച്ചത്. പൊതുജനങ്ങളിൽ നിന്ന് കമ്മിഷൻ അഭിപ്രായങ്ങൾ തേടിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP