Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു ദിവസം ഭാഗ്യക്കുറി വകയിൽ ട്രഷറിയിലെത്തുന്നത് 25 കോടിയിലേറെ; ആഴ്‌ച്ചയിൽ 175 കോടിയിലധികം; എന്നിട്ടും ഭാഗ്യക്കുറി അടിച്ചവർക്ക് സമ്മാനം നൽകാൻ സർക്കാരിന് പണമില്ല; ഒരുലക്ഷത്തിനുമേലുള്ള സമ്മാനങ്ങൾ നാലുമാസമായി കൊടുക്കുന്നില്ല: ഓണം ബംപറിന്റെ ഒന്നാംസമ്മാനമായ 10 കോടി രൂപയും ഇതുവരെ കൊടുത്തില്ല: ഭാഗ്യക്കുറിയുടെ വിശ്വാസ്യത തുലാസ്സിലാവുന്നു  

ഒരു ദിവസം ഭാഗ്യക്കുറി വകയിൽ ട്രഷറിയിലെത്തുന്നത് 25 കോടിയിലേറെ; ആഴ്‌ച്ചയിൽ 175 കോടിയിലധികം; എന്നിട്ടും ഭാഗ്യക്കുറി അടിച്ചവർക്ക് സമ്മാനം നൽകാൻ സർക്കാരിന് പണമില്ല; ഒരുലക്ഷത്തിനുമേലുള്ള സമ്മാനങ്ങൾ നാലുമാസമായി കൊടുക്കുന്നില്ല: ഓണം ബംപറിന്റെ ഒന്നാംസമ്മാനമായ 10 കോടി രൂപയും ഇതുവരെ കൊടുത്തില്ല: ഭാഗ്യക്കുറിയുടെ വിശ്വാസ്യത തുലാസ്സിലാവുന്നു   

ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറിയുടെ വിശ്വാസ്യത തുലാസ്സിലാക്കി സർക്കാർ. കോടികളുടെ വരുമാനം ലോട്ടറിയിൽ നിന്നും കിട്ടിയിട്ടും നാലഞ്ചുമാസമായി ലോട്ടറിയുടെ സമ്മാന തുകകൾ നൽകുന്നത് മുടങ്ങി കിടക്കുകയാണ്. ഒരുലക്ഷത്തിനുമേലുള്ള സമ്മാനങ്ങൾ നാലുമാസമായി കൊടുക്കുന്നില്ല. ലോട്ടറിയിൽനിന്നുള്ള വരുമാനംവരെ സർക്കാർ വകമാറ്റി ചെലവാക്കുന്നതായാണ് സൂചന.

ലോട്ടറി ടിക്കറ്റിന്റെ വില 30 രൂപയായി കുറച്ച ശേഷം ഭാഗ്യക്കുറിയുടെ വിൽപ്പന കുത്തനെ കൂടി. 96 ലക്ഷം ടിക്കറ്റുകളാണ് ഓരോ നറുക്കെടുപ്പിനും സർക്കാർ അച്ചടിക്കുന്നത്. കഴിഞ്ഞ ആറുമാസത്തെ കണക്ക് പരിശോധിച്ചാൽ ഒരുദിവസം ഏകദേശം 25 കോടിയിലേറെ രൂപയാണ് ഭാഗ്യക്കുറി വകയിൽ ട്രഷറിയിലെത്തുന്നത്. നേരത്തേ ബാങ്കിൽ അടച്ചിരുന്ന ഭാഗ്യക്കുറി പണം ഇപ്പോൾ പൂർണമായും ട്രഷറിയിലാണ് അടയ്ക്കുന്നത്. ഇങ്ങനെ ആഴ്ചയിൽ 175 കോടിയിലധികം ട്രഷറിയിൽ എത്തും. സമ്മാനങ്ങളും ഏജന്റ് കമ്മിഷനും കഴിച്ചാലും ആഴ്ചയിൽ കുറഞ്ഞത് 75 കോടിയെങ്കിലും സർക്കാറിന് വരുമാനമുണ്ട്.

ഇത്രയും തുക ലോട്ടറിയിൽ നിന്നും ലഭിക്കുമ്പോഴാണ് സമ്മാനത്തുക വിതരണം ചെയ്യാൻ മാസങ്ങൾ എടുക്കുന്നത്. ബംപർ നറുക്കെടുപ്പിന്റെ വരുമാനം വേറെയും എത്തുന്നുണ്ട്. ഓണം ബംപറിനുമാത്രം സകല ചെലവും കഴിഞ്ഞ് സർക്കാരിന് ലാഭം കിട്ടിയത് 57 കോടിയായിരുന്നു. എന്നിട്ടും ഓണം ബംപറിന്റെ ഒന്നാംസമ്മാനമായ 10 കോടി രൂപപോലും ഇതുവരെ കൊടുത്തിട്ടില്ല. ആറുമാസംവരെ ആയിട്ടും സമ്മാനം കൊടുക്കാത്ത സംഭവങ്ങൾ ഉണ്ട്.

ഇപ്പോൾ ആറുകോടിയുടെ ക്രിസ്മസ്-പുതുവത്സര ബംപർ ഭാഗ്യക്കുറി വിൽപ്പനയിലുമാണ്. സാധാരണഗതിയിൽ ഒന്നാംസമ്മാനത്തിന്റെ തുക ഒന്നോ രണ്ടോ മാസത്തിനുള്ളിൽ കൊടുക്കേണ്ടതാണ്. പാൻകാർഡ് അടക്കം എല്ലാ രേഖകളും കൃത്യമായി നൽകിയാൽ ഒരു മാസത്തിനുള്ളിൽത്തന്നെ സമ്മാനം ലഭിക്കുമായിരുന്നു. ഇപ്പോൾ മൂന്നുമുതൽ അഞ്ചുമാസംവരെ കഴിഞ്ഞേ പണം ലഭിക്കുന്നുള്ളൂ. ഭാഗ്യക്കുറിയുടെ വിശ്വാസ്യതയെ ഇത് കാര്യമായി ബാധിക്കുമെന്ന ആശങ്കകളും ഉയരുന്നുണ്ട്.

ഭാഗ്യക്കുറി സമ്മാനം കൊടുക്കുന്നതിന് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. രേഖകളോ പാൻകാർഡോ ലഭിക്കാനുള്ള കാലതാമസം കൊണ്ടാവാം ആർക്കെങ്കിലും സമ്മാനം വൈകുന്നതെന്നും വകുപ്പ് വ്യക്തമാക്കി.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP