Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകനു നീതി തേടിയുള്ള അമ്മയുടെ സമരം വിജയം കണ്ടു; പിടിവാശി ഉപേക്ഷിച്ച് പിണറായി മഹിജയെ ഫോണിൽ വിളിച്ചു; പൊലീസ് നടപടിയിൽ വീഴ്ച കണ്ടെത്തിയാൽ നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; ശക്തിവേലിന്റെ അറസ്റ്റും അഡ്വ. സി.പി. ഉദയഭാനുവിന്റെ ഇടപെടലും സമവായത്തിനു വഴി തെളിച്ചു; അഞ്ചു ദിവസമായി ജിഷ്ണുവിന്റെ കുടുംബം നടത്തിവന്ന സമരം അവസാനിപ്പിച്ചു

മകനു നീതി തേടിയുള്ള അമ്മയുടെ സമരം വിജയം കണ്ടു; പിടിവാശി ഉപേക്ഷിച്ച് പിണറായി മഹിജയെ ഫോണിൽ വിളിച്ചു; പൊലീസ് നടപടിയിൽ വീഴ്ച കണ്ടെത്തിയാൽ നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; ശക്തിവേലിന്റെ അറസ്റ്റും അഡ്വ. സി.പി. ഉദയഭാനുവിന്റെ ഇടപെടലും സമവായത്തിനു വഴി തെളിച്ചു; അഞ്ചു ദിവസമായി ജിഷ്ണുവിന്റെ കുടുംബം നടത്തിവന്ന സമരം അവസാനിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാമ്പാടി നെഹ്രു കോളജിൽ കോപ്പിയടി ആരോപണത്തെ തുടർന്നു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ജിഷ്ണുവിനു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു അമ്മ മഹിജ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സർക്കാർ പ്രതിനിധികൾ മെഡിക്കൾ കോളജ് ആശുപത്രിയിലെത്തി മഹിജയുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ചർച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ മഹിജയെ ഫോണിൽ വിളിക്കുകയും എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അതിക്രമം കാട്ടിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഉറപ്പു നല്കി. ഇതിനെ തുടർന്നാണ് മഹിജ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

 

ജിഷ്ണു മരണക്കേസിലെ സ്‌പെഷൽ പ്രോസിക്യൂട്ടർ ആയ സി.പി. ഉദയഭാനു ആണ് ചർച്ചയ്ക്കു നേതൃത്വം നല്കിയത്. ഇന്നു വൈകിട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മഹിജയുമായും ജിഷ്ണുവിന്റെ ബന്ധുക്കളുമായും സംസാരിച്ചു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻഫോണിൽ വിളിക്കുകയായിരുന്നു. ബുധനാഴ്ച പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിനു മുന്നിൽ മഹിജയും ബന്ധുക്കളും നടത്തിയ സമരത്തെ പൊലീസ് നേരിട്ടതിൽ വീഴ്ച സംഭവിച്ചുവെന്നു കണ്ടെത്തിയാൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി. ഒളിവിൽ കഴിയുന്ന പ്രതികളെ വേഗം അറസ്റ്റു ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്കി.

കടുത്ത ഭരണവിരുദ്ധ വികാരം സംസ്ഥാനത്തു സൃഷ്ടിക്കുന്ന മഹിജയുടെ സമരം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സർക്കാർ ഊർജിതമാക്കിയിരുന്നു. കേസിലെ പിടികിട്ടാപ്പുള്ളിയും മൂന്നാം പ്രതിയുമായ ശക്തിവേലിനെ തമിഴ്‌നാട്ടിൽനിന്ന് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി മഹിജയെ ഫോണിൽ വിളിച്ചു സംസാരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആശുപത്രിയിലെത്തി മഹിജയെ കണ്ടു.

ഇതിനു പിന്നാലെയാണ് സർക്കാർ പ്രതിനിധിയായി അഡ്വ. സി.പി. ഉദയഭാനുവും കെ.വി. സോഹനും മഹിജയുമായി ചർച്ച നടത്താൻ എത്തിയത്. ബുധനാഴ്ച പൊലീസ് ആസ്ഥാനത്തു സമരം നടത്താനെത്തിയ മഹിജയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു മർദിച്ചിരുന്നു. തുർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മഹിജ അവിടെ നിരാഹാര സമരം തുടങ്ങുകയായിരുന്നു.

മഹിജയ്‌ക്കെതിരായ പൊലീസ് നടപടിയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന നിലപാട് പിണറായി ആവർത്തിച്ചിരുന്നു. എന്നാൽ മഹിജയുടെ മെഡിക്കൽ കോളജിലെ നിരാഹാര സമരം കടുത്ത വിമർശനവും ഭരണവിരുദ്ധ വികാരവും ഉളവാക്കുന്ന സാഹചര്യത്തിലാണ് പിണറായി വാശിയെല്ലാം മാറ്റിവച്ച് ഇന്നു ഫോണിൽ വിളിക്കുന്നത്. മഹിജയുമായി ഫോണിൽ സംസാരിക്കാൻ വേണ്ടി മാത്രം അദ്ദേഹം കൊച്ചിയിൽനിന്നുള്ള യാത്ര വിമാനത്തിലാക്കുന്നതിനു പകരം കാറിലാക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജിഷ്ണുവിന്റെ മാതാവ് നിരാഹാരം നടത്തുകയും മറുവശത്ത് വീട്ടിൽ സഹോദരി അവിഷ്ണയുടെ നിലയും ഗുരുതരമായിരുന്നു. ജനരോഷം സർക്കാറിനെതിരെ വർദ്ധിച്ചുവരുന്നു എന്ന് മനസ്സിലാക്കിയ സിപിഐ വല്യേട്ടനായ സിപിഎമ്മിനെ തിരുത്താൻ വേണ്ടി രംഗത്തിറങ്ങുകയും ചെയ്തു. എങ്ങനെയും സമരം തീർക്കുക എന്ന ഫോർമുലയായിരുന്നു സിപിഐയുടെ മുന്നിലുണ്ടായിരുന്നത്. അതിന് വേണ്ടി ഇന്ന് രാവിലെ മുതൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അരയും തലയും മുറുക്കി രംഗത്തെത്തിയത്. ഇന്ന് രാവിലെ മെഡിക്കൽ കോളേജിലെത്തി മഹിജയെ കണ്ട കാനം സമരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, പ്രതികളെ പിടികൂടണമെന്ന ആവശ്യത്തിൽ മഹിജ ഉറച്ചു നിന്നു. തുടർന്ന് മഹിജയെ വിശ്വാസത്തിലെടുക്കാം എന്ന ഉറപ്പു നൽകുകയാണ് കാനം ചെയ്തത്. ഇതനുസരിച്ച് താൻ തന്നെ മറ്റു നേതാക്കളുമായി ചർച്ച നടത്താമെന്ന വാഗ്ദാനം നൽകുകയും തുടർച്ചയായി ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തു കാനം.

മഹിജയെയും ശ്രീജിത്തിനെയും വിലിച്ചിഴച്ച സംഭവത്തിൽ ഐജി മനോജ് എബ്രഹാമിന്റെ റിപ്പോർട്ടിലെ കടുത്ത അതൃപ്തി ജിഷ്ണുവിന്റെ കുടുംബത്തിന് ഉണ്ടായിരുന്നു. എന്നാൽ, പൊലീസ് നൽകിയ റിപ്പോർട്ട് അതേപടി അംഗീകരിക്കില്ലെന്നാണ് കാനം മറുപടി നൽകിയത്. ഇതിന് ശേഷം കാനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഫോണിൽ വിളിച്ചു സമരം തീർക്കാൻ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ കൂടുതൽ സി.പി.എം നേതാക്കളെയും കാനം ഫോണിൽ ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം വി ജയരാജനെയും ഫോണിൽ വിളിച്ച് സമവായ സാധ്യതകൾ ആരാഞ്ഞു. ഇതോടാണ് കുടുംബവുമായി ഉച്ചയ്ക്ക് ശേഷം സമവായ ചർച്ച എന്ന വിധത്തിലേക്ക് കാര്യങ്ങളെത്തിയത്.

തുടർന്നാണ് ജിഷ്ണു കേസിലെ പ്രോസിക്യൂട്ടർ കൂടിയായ അഡ്വ. സി പി ഉദയഭാനുവിനെ സർക്കാർ ചർച്ചക്കായി നിയോഗിച്ചത്. സർക്കാർ ജിഷണുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയും പിന്നാലെയെത്തി. ഇതോടെ ചർച്ചയുമായി സഹകരിക്കാൻ കുടുംബവും തയ്യാറായി. ഇങ്ങനെ ചർച്ചകൾക്ക് ധാരണയായതോടെയാണ് ഉച്ചയ്ക്ക് ശേഷം കേസിലെ പ്രതിയായ നെഹ്രു കോളേജ് വൈസ് പ്രിൻസിപ്പൽ ശക്തിവേൽ പൊലീസിന്റെ അറസ്റ്റിലായതും. തമിഴ്‌നാട്ടുകാരനായ ശക്തിവേലിനെ കോയമ്പത്തൂരിൽ നിന്നും പൊലീസ് അറസ്റ്റു ചെയ്തടോടെ സർക്കാറിനും മഹിജയ്ക്കും ആശ്വാസമായി.

ഞായറാഴ്ച ഉച്ചയോടെ കോയമ്പത്തൂരിലെ കിനാവൂരിൽ ഒരു ഫാംഹൗസിൽ നിന്നായരുന്നു ശക്തിവേലിന്റെ അറസ്റ്റ്. നേരത്തെ ഒരു പ്രതിയെ എങ്കിലും പിടികൂടിയാൽ നിരാഹാര സമരം അവസാനിപ്പിക്കാം എന്നായിരുന്നു ജിഷ്ണുവിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞതും. ഈ വാക്കുകളെ മുഖവിലയ്‌ക്കെടുത്തായിരുന്നു സർക്കാറിന്റെയും പൊലീസിന്റെയും നീക്കങ്ങളെന്നും സൂചനയുണ്ട്.

കേസിൽ പാമ്പാടി നെഹ്രു കോളേജിലെ അദ്ധ്യാപകനായിരുന്ന സി.പി. പ്രവീണും പരീക്ഷാ ജീവനക്കാരൻ വിപിൻ ഇനിയും അറസ്റ്റിലാകാനുണ്ട്. ഇവരെയും എത്രയും വേഗം കസ്റ്റഡിയിൽ എടുക്കുമെന്ന ഉറപ്പ് ജിഷ്ണുവിന്റെ കുടുംബത്തിന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം കടുംപിടുത്തം തുടർന്നതോടെ സീതാറാം യെച്ചൂരിയിലും നേരിട്ടു ഇടപെട്ടു. സംസ്ഥാന നേതക്കളുമായും യെച്ചൂരി സംസാരിച്ചു. ജിഷ്ണുവിന്റെ കുടുംബവുമായി സംസാരിക്കുകയും ചെയ്തു. പൊലീസിനെതിരെ നടപടി വേണമെന്ന ആവശ്യം യെച്ചൂരിയോടും ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. യെച്ചൂരിയുടെ ഇടപെടൽ കൂടി കുടുംബത്തെ വിശ്വാസത്തിലെടുക്കാൻ സഹായകമായി. ഇതിന് ശേഷം നടന്ന സമവായ ചർച്ചകൾക്ക് ഒടുവിലാണ് സമരം അവസാനിക്കാനുള്ള സാധ്യത തെളിയുന്നത്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നെഹ്രു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ്, വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്തിവേൽ, പി.ആർ.ഒ. സഞ്ജിത്ത് വിശ്വനാഥൻ, അദ്ധ്യാപകൻ സി.പി. പ്രവീൺ, പരീക്ഷാ ജീവനക്കാരൻ ദിപിൻ എന്നിവരെ പ്രതികളാക്കി ഫെബ്രുവരി 13നാണ് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഒന്നാം പ്രതിയായ കൃഷ്ണദാസും സഞ്ജിത്ത് വിശ്വനാഥനും പിന്നീട് കോടതിയിൽനിന്ന് മുൻ ജാമ്യം നേടിയിരുന്നു. എന്നാൽ കേസിലെ മറ്റു മൂന്നു പ്രതികളും അന്നുമുതൽ ഒളിവിലായിരുന്നു.

ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപണമുയർന്ന പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകനായിരുന്നു സി.പി. പ്രവീൺ. തുടർന്ന് വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പലിന്റെ മുറിയിലെത്തിച്ച ജിഷ്ണുവിനെ വൈസ് പ്രിൻസിപ്പൽ ശക്തിവേലിന്റെ നേതൃത്വത്തിലാണ് അടച്ചിട്ട മുറിയിൽ ചോദ്യം ചെയ്തതെന്നായിരുന്നു വിദ്യാർത്ഥികൾ നൽകിയ മൊഴി. പി.ആർ.ഒ. സഞ്ജിത്ത് കെ. വിശ്വനാഥനും ഒപ്പമുണ്ടായിരുന്നെന്നും മൊഴിയിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP