Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലപ്പുറത്തെ മലയോരത്തും കടലോരത്തും വൻ ദുരന്തം വിതച്ച് കാലവർഷക്കെടുതി; 20 വീടുകൾ പൂർണമായും 250 വീടുകൾ ഭാഗികമായും തകർന്നു; ഇതുവരെ കണക്കാക്കിയത് 114 കോടിയുടെ കൃഷിനാശം; വിവിധ പ്രദേശങ്ങളിൽ നിന്നായി 650 ഓളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി

മലപ്പുറത്തെ മലയോരത്തും കടലോരത്തും വൻ ദുരന്തം വിതച്ച് കാലവർഷക്കെടുതി; 20 വീടുകൾ പൂർണമായും 250 വീടുകൾ ഭാഗികമായും തകർന്നു; ഇതുവരെ കണക്കാക്കിയത് 114 കോടിയുടെ കൃഷിനാശം; വിവിധ പ്രദേശങ്ങളിൽ നിന്നായി 650 ഓളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി

എം പി റാഫി

മലപ്പുറം: മലയോരവും കടലോരവും ഒരു പോലെ ഉൾപ്പെടുന്നതാണ് മലപ്പുറം ജില്ല. കാലവർഷം ശക്തി പ്രാപിച്ചാൽ എന്നും ദുരിതമാണ് ഈ പ്രദേശവാസികൾക്ക്. സഹായങ്ങളും വാഗ്ദാനങ്ങളും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുമ്പോൾ ഇവരുടെ ദുരിതം മാത്രം ബാക്കിയാണ്. കടലോരം വറുതിയിലായിട്ട് ദിവസങ്ങളായി. ശക്തമായ മഴയിൽ വെളിയങ്കോട്, പൊന്നാനി അടക്കമുള്ള തീരമേഖലയിൽ വീടും റോഡും മത്സ്യ ബന്ധന ഉപകരണങ്ങളും തകർന്നു. കഴിഞ്ഞ ദിവസം പൊന്നാനിയിലേയും താനൂരിലേയും 15ലേറെ നങ്കൂരമിട്ട വള്ളങ്ങൾ തകർന്നിരുന്നു. ഇതിലൂടെ മാത്രം കോടികളുടെ നഷ്ടമാണുണ്ടായത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലിലും നിലമ്പൂർ വണ്ടൂർ പ്രദേശങ്ങളിൽ വൻ നാശനഷ്ടമാണ് വിതച്ചത്. ഭാരതപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. പാലങ്ങൾ പലതും വെള്ളത്തിനടിയിലായി. 20 വീടുകൾ പൂർണമായും 250 വീടുകൾ ഭാഗികമാകമായും മലപ്പുറം ജില്ലയിൽ ഇതുവരെ തകർന്നു. 114 കോടിയുടെ കൃഷിനാശം ഇതു വരെ കണക്കാക്കി. വിവിധ പ്രദേശങ്ങളിൽ നിന്നായി 650 ഓളം പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മരം കടപുഴകി 15 വാഹനങ്ങളാണ് തകർന്നത്.

പുഴയിൽ കാണാതായ ഏഴു വയസുകാരനുൾപ്പടെയുള്ള വർക്കായി തിരച്ചിൽ ഊർജിതമാക്കി

കാലവർഷത്തിൽ ഇതുവരെ 9 പേരുടെ ജീവനാണ് പൊലിഞ്ഞത്. മഴക്കെടുതിയിൽ കഴിഞ്ഞ ദിവസം ഒരു കുട്ടി കുളത്തിൽ മുങ്ങി മരിച്ചതിനു പിന്നാലെയാണ് രണ്ട് പേരെ കൂടി പുഴയിൽ കാണാതായത്. ഒരാഴ്ച മുമ്പ് അരീക്കോട് ചാലിയാർ പുഴയിൽ കാണാതായ അരുണിനെ ഇപ്പോഴും കണ്ടെത്താൻ പറ്റിയിട്ടില്ല. കഴിഞ്ഞ ദിവസം കടലുണ്ടി പുഴയിൽ കാണാതായ മുഹമ്മദ് റബീഹിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഏഴുവയസ്സുകാരൻ റബീഹിനായി ഇന്നലെ രാത്രി ഏറെ വൈകിയും ഇന്നും തിരച്ചിൽ നടത്തി വരികയാണ്. വീട്ടുമുറ്റത്ത് മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരിക്കെ ഞായറാഴ്ച വൈകീട്ട് നാലോടെയാണ് കുട്ടിയെ കാണാതായത്.

വീട്ടിനടുത്തുള്ള പുഴവക്കിൽ നിന്ന് ചെരിപ്പും മൊബൈൽ ഫോണും കണ്ടെത്തിയതോടെയാണ് പുഴയിൽ വീണതാകാമെന്ന വിശ്വാസത്തിൽ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ ആരംഭിച്ചത്. ഞായറാഴ്ച വൈകീട്ടും രാത്രിയിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുഴയിലെ ശക്തമായ ഒഴുക്കും വെള്ളപ്പൊക്കവും ശക്തമായ മഴയുമാണ് രക്ഷാ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചത്. രണ്ടു യൂനിറ്റ് ഫയർ ഫോഴ്‌സ്, രണ്ട് ട്രോമകെയർ യൂനിറ്റ് എന്നിവരുടെ നേത്യത്വത്തിലാണ് തെരച്ചിൽ.

കരുവാരക്കുണ്ട് ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ ശക്തമായി തുടരുന്നു

കനത്ത മഴയിൽ കരുവാരക്കുണ്ട് ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ ശക്തമായി തുടരുന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ഹെക്ടർ കണക്കിനു കൃഷി ഇവിടെ നശിച്ചിട്ടുണ്ട്. മാമ്പറ്റയിലും പുന്നക്കാടും പാലം വെള്ളത്തിനടിയിലായി. മാമ്പറ്റ പാലത്തിനു സമീപം ഒലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. സമീപ പ്രദേശമായ കുണ്ടോയിൽ ഇരുപതോളം വീടുകളിൽ വെള്ളം കയറിയ സ്ഥിതിയാണ്. ഡിടിപിസിയുടെ
കീഴിലുള്ള ചേറൂമ്പ് ഇക്കോ ടൂറിസം വില്ലേജും പുഴ കരകവിഞ്ഞു വെള്ളത്തിൽ മുങ്ങി. സമീപകാലത്തൊന്നും ഒലിപ്പുഴയിൽ ഈ തോതിൽ വെള്ളം കയറിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പുന്നക്കാട്, ചിറക്കൽക്കുണ്ട് റോഡുകൾ വെള്ളത്തിനടിയിലായടോടെ ഗതാഗതം നിലച്ചു.

വെളിയങ്കോട്, പൊന്നാനി തീരങ്ങളിൽ കടലാക്രമണത്തിൽ വൻ നാശനഷ്ടം

തുടർച്ചയായുള്ള കടലാക്രമണത്തിൽ വെളിയങ്കോട്, പാലപ്പെട്ടി, പൊന്നാനി തീരമേഖലയിൽ വീടുകളും റോടും മത്സബന്ധന ഉപകരണങ്ങളും തകർന്നു. നിരവധി വീടുകളിൽ വെള്ളംകയറി. അമ്പതോളം കുടുംബങ്ങൾ ഇവിടങ്ങളിൽ നിന്നും താമസം മാറി. ബന്ധുവീടുകളിലും പ്രത്യേകം തയ്യാറാക്കിയ ക്യാമ്പുകളിലേക്കുമാണ് താമസം മാറിയത്. പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ് വില്ലേജുകളിലാണ് പ്രത്യേക ക്യാമ്പുകൾ തുറന്നത്. കഴിഞ്ഞ ദിവസം പൊന്നാനി-കൂട്ടായി അഴിമുഖത്ത് നങ്കൂരമിട്ട 15ൽ അധികം വള്ളങ്ങൾ കടലിലേക്ക് ഒഴുകിപോകുകയും തകരുകയും ചെയ്തിരുന്നു.

അവധിപ്രഖ്യാപനത്തിലെ അവ്യക്തതയിൽ വലഞ്ഞ് വിദ്യാർത്ഥികൾ

കാലവർഷക്കെടുതിയെ തുടർന്ന് അധികൃതർ വൈകി പ്രഖ്യാപിക്കുന്ന അവധിയും അവ്യക്തമായ അവധി പ്രഖ്യാപനങ്ങളിലും നട്ടംതിരിയുകയാണ് വിദ്യാർത്ഥികൾ. സ്‌കൂൾ ഉണ്ടെന്നു കരുതി നനഞ്ഞു കുളിച്ച് സ്‌കൂളിലെത്തുമ്പോഴായിരിക്കും കുട്ടികൾ അവധിയാണെന്ന കാര്യം അറിയുന്നത്. അവധി പ്രഖ്യാപനമില്ലാതെ സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങളിൽ ക്ലാസ് മുടങ്ങുന്ന കുട്ടികളുമുണ്ട്. ഇന്ന് നിലമ്പൂർ താലൂക്കിൽ വിദ്യാലയങ്ങൾക്ക് അവധിയാണെന്ന പ്രചാരണം വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്തത് ഏറെ ആശയക്കുഴപ്പമുണ്ടാക്കി. പാന്നാനി താലൂക്കിലെ വിദ്യാലയങ്ങൾക്ക് മാത്രമാണ് ഇന്നലെ ജില്ലയിൽ അവധി നൽകിയിരുന്നത്. എന്നാൽ അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള കലക്ടറുടെ അറിയിപ്പ് വന്നതാകട്ടെ രാവിലെ മാത്രം. ഉത്തരവ് വരും മുമ്പേ തീരദേശ മേഖലകളിൽ മിക്കയിടത്തും വിദ്യാർത്ഥികൾ സ്‌കൂളിലേക്കു പുറപ്പെട്ടിരുന്നു. സ്‌കൂളിലേക്കുള്ള വിദ്യാർത്ഥികളുടെ യാത്രയ്ക്കിടെ വെള്ളം പൊങ്ങിയും മരങ്ങൾ വീണും അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വിദ്യാലയങ്ങൾക്ക് അവധി നൽകിവരുന്നത്. എന്നാൽ അപകട മേഖലകളിലൂടെ സഞ്ചരിച്ച് സ്‌കൂളിലെത്തിയ ശേഷം മാത്രം അവധി പ്രഖ്യാപനം അറിയേണ്ട ഗതികേടാണ് വിദ്യാർത്ഥികൾക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP