Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മസ്തിഷ്‌ക രക്തസ്രാവത്തിൽ കുറവ്; സിദ്ധാർത്ഥിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വെന്റിലേറ്ററിൽ 24 മണിക്കൂർ കൂടി തുടരും; സിനിമാലോകവും ആശുപത്രി പരിസരത്ത്

മസ്തിഷ്‌ക രക്തസ്രാവത്തിൽ കുറവ്; സിദ്ധാർത്ഥിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വെന്റിലേറ്ററിൽ 24 മണിക്കൂർ കൂടി തുടരും; സിനിമാലോകവും ആശുപത്രി പരിസരത്ത്

കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിദ്ധാർത്ഥ് ഭരതന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മസ്തിഷ്‌ക രക്തസ്രാവത്തിൽ കുറവു വന്നിട്ടുണ്ടെന്നും അടുത്ത 24 മണിക്കൂർ കൂടി തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ശനിയാഴ്ച പുലർച്ചെ രണ്ടിന് എറണാകുളം വൈറ്റിലക്കടുത്ത് ചമ്പക്കര പാലത്തിനടുത്തു വച്ചാണ് സിദ്ധാർഥ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാർ വെട്ടിപ്പൊളിച്ച നാട്ടുകാർ സിദ്ധാർത്ഥിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പിതാവ് ഭരതനെ പോലെ മികച്ചൊരു സംവിധായകനാകുക.. അഭിനയരംഗത്തുകൂടിയാണ് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് തിരക്കഥാകൃത്തും സംവിധായകനുമായി മാറിയ സിദ്ധാർത്ഥിന്റെ മോഹം അതായിരുന്നു. ദിലീപിനെ നായകനാക്കി എടുത്ത ചന്ദ്രേട്ടൽ എവിടെയാ എന്ന സിനിമ മികച്ച വിജയം നൽകിയതോടെ കൂടുതൽ സിനിമാ മോഹങ്ങളുടെ പിന്നാലെ പോകുകയായിരുന്നു സിദ്ധാർത്ഥ്. ഇങ്ങനെ വീണ്ടുമൊരുന്ന മികച്ച സിനിമ ഒരുക്കുന്നതിനുള്ള സിനിമാ ചർച്ചകൾക്കിടെയാണ് അവിചാരിതമായി അദ്ദേഹത്തെ അപകടം തേടിയെത്തുന്നത്.

സംവിധായകനും നിർമ്മാതാവുമായ അൻവർ റഷീദിനൊപ്പം കൊച്ചിയിലെ ഫ്‌ലാറ്റിൽ രാത്രി വൈകുംവരെ നീണ്ട ചർച്ചകൾക്കു ശേഷം തൃപ്പൂണിത്തുറ പേട്ടയിലെ ഫ്‌ലാറ്റിലേക്കു മടങ്ങുമ്പോഴാണ് സിദ്ധാർഥിന്റെ കാർ അപകടത്തിൽപ്പെടുന്നത്. പേട്ടയിലെ ഈ ഫ്‌ലാറ്റിലായിരുന്നു ഏറെക്കാരമായി അദ്ദേഹം താമസം. അമ്മ കെപിഎസി ലളിത ഷൂട്ടിങ്ങിനായി എത്തുമ്പോൾ താമസിക്കുന്നതും സിദ്ധാർഥിനൊപ്പമാണ്. വെള്ളിയാഴ്ച ഇവിടെയുണ്ടായിരുന്ന ലളിതയെ രാത്രി പതിനൊന്നോടെ വിളിച്ച സിദ്ധാർഥ് ചർച്ച കുറച്ചുകൂടി നീളുമെന്നും വരാൻ വൈകുമെന്നും അറിയിച്ചിരുന്നു. എന്നാൽ, പുലർച്ചെ രണ്ടരയോടെ അപകട വാർത്തയുമായി പൊലീസ് ഫ്‌ലാറ്റിലെത്തുകയാണ് ഉണ്ടായത്. ലളിത വൈകാതെ തന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിയെങ്കിലും സിദ്ധാർഥിനെ അപ്പോഴേക്കും വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. പുലർച്ചെ വെന്റിലേറ്റർ റൂമിലാണ് ലളിത മകനെ കണ്ടത്.

സിനിമാ രംഗത്തെ പ്രമുഖ വ്യക്തിത്വത്തിന്റെ മകനും സംവിധായകനും കൂടിയാണ് സിദ്ധാർത്ഥ് എന്നതിനാൽ സിനിമാ രംഗത്തുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കൂട്ടത്തോടെ കൊച്ചിയിലെ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. വെന്റിലേറ്റർ കഴിയുകയാണെന്നതിനാൽ അധികമാർക്കും അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. ലളിതയുടെ അടുത്ത സുഹൃത്തുകൂടിയായ നടി മഞ്ജു പിള്ളയും ഗീതു മോഹൻദാസും രാവിലെ മുതൽ ആശുപത്രിയിൽ ഉണ്ടായിരുന്നു. സിദ്ധാർഥിന്റെ സഹോദരി ശ്രീക്കുട്ടിയും പുണെയിൽ നിന്നു കൊച്ചിയിലെത്തി. മമ്മൂട്ടി, ദിലീപ്, സത്യൻ അന്തിക്കാട്, കമൽ, കാവ്യ മാധവൻ, എന്നിവരും ആശുപത്രിയിലെത്തി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആശുപത്രിയിൽ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു.

രാത്രി ഒന്നേമുക്കാലിന് കാർ മതിലിൽ ഇടിച്ചു കയറുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സമീപ വാസികളും അതുവഴി വന്ന വാഹനങ്ങളിലുള്ളവരും ചേർന്ന് 15 മിനിറ്റോളം പരിശ്രമിച്ച ശേഷമാണ് കാറിനുള്ളിൽ നിന്നു സിദ്ധാർഥിനെ പുറത്തെടുക്കാനായത്. വൈറ്റിലയിൽ നിന്ന് ഒന്നേകാൽ കിലോമീറ്റർ അകലെ നിയന്ത്രണം വിട്ട കാർ വലതുവശത്തേക്കു പാഞ്ഞ് മതിലിൽ ഇടിച്ചു കയറുകയായിരുന്നു. മെട്രോ റയിലിനായി ഒഴിപ്പിച്ച കെട്ടിടത്തിന്റെ മതിലിലാണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മതിൽ തകർന്നു. ശബ്ദം കേട്ട് എത്തിയ സമീപ വാസികളും അതുവഴി വന്ന വാഹനങ്ങളിലുള്ളവരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.

അപകടം നടന്ന് വൈകാതെ തന്നെ പൊലീസ് പട്രോളിങ് വാഹനം സ്ഥലത്തെത്തി. കാറിന്റെ ഡോർ തുറക്കാനാവാത്തതിനെ തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്‌സിനെ വിളിച്ചെങ്കിലും അവർ എത്തും മുൻപു തന്നെ മറ്റു വാഹനങ്ങളിലെ ജാക്കിയും ലിവറും മറ്റും ഉപയോഗിച്ച് കാർ കുത്തിപ്പൊളിച്ച് സിദ്ധാർഥിനെ പുറത്തെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയിരുന്നു. തുടർന്ന് പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റതായി സ്‌കാനിങ്ങിൽ വ്യക്തമായി. തുടർന്നാണ് വെന്റിലേറ്ററിലേക്കു മാറ്റിയത്.

തലച്ചോറിലെ രക്തസ്രാവം ഇന്നലെ ഉച്ചയോടെ നിലച്ചെങ്കിലും രക്തം കട്ടപിടിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള മരുന്നുകൾ നൽകുന്നു. തലച്ചോറിലെ രക്തസമ്മർദം മുഴുവൻ സമയവും വിലയിരുത്തുന്നുണ്ട്. 48 മണിക്കൂർ നിരീക്ഷണത്തിനു ശേഷമേ അപകട നില തരണം ചെയ്‌തോ എന്നത് വ്യക്തമാവുകയുള്ളൂവെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടത്തിൽപ്പെട്ടത് സിദ്ധാർഥ് ഭരതനാണെന്ന കാര്യം ആദ്യം അറിഞ്ഞിരുന്നില്ലെന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറയുന്നു. പഴ്‌സിലെ തിരിച്ചറിയൽ കാർഡ് കണ്ടാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്. ഈ ഭാഗത്ത് രണ്ട് മാസം മുൻപും രാത്രി കാർ തലകീഴായി മറിഞ്ഞെന്നു സമീപവാസികൾ പറയുന്നു.

അന്തരിച്ച സംവിധായകൻ ഭരതന്റെ മകനായ സിദ്ധാർഥ്, കമൽ സംവിധാനം ചെയ്ത 'നമ്മൾ' സിനിമയിലൂടെ അഭിനേതാവായാണു ചലച്ചിത്രരംഗത്ത് എത്തുന്നത്. പിന്നീട് പിതാവിന്റെ പാത പിൻതുടർന്ന് ഭരതന്റെ തന്നെ 'നിദ്ര' റീമേക്ക് ചെയ്തു സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ആ സിനിമയിൽ നായക വേഷത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP