Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുഷമ സ്വരാജിന് സ്തുതി! ലിബിയയിൽ കേന്ദ്ര ഇടപെടൽ ഫലപ്രദമാകുന്നു; കലാപ മേഖലയിൽ നിന്നും മോചിപ്പിച്ച 34 മലയാളി നഴ്‌സുമാരിൽ 12 പേർ ഇന്ന് കൊച്ചിയിലെത്തും

സുഷമ സ്വരാജിന് സ്തുതി! ലിബിയയിൽ കേന്ദ്ര ഇടപെടൽ ഫലപ്രദമാകുന്നു; കലാപ മേഖലയിൽ നിന്നും മോചിപ്പിച്ച 34 മലയാളി നഴ്‌സുമാരിൽ 12 പേർ ഇന്ന് കൊച്ചിയിലെത്തും

ന്യൂഡൽഹി: കേന്ദ്രത്തിലും കേരളത്തിലും ഒരേ കക്ഷികൾ ഭരിച്ചാൽ മാത്രമേ സംസ്ഥാനത്തിന് എന്തെങ്കിലും ലഭിക്കുകയുള്ളൂവെന്നാണ് ഇവിടുത്ത രാഷ്ട്രീയക്കാർ പറയാറ്. എന്നാൽ ഇങ്ങനെ വേണ്ടെന്ന് തെളിയിക്കുകയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടൽ. ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയിൽ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന മന്ത്രി കെ സി ജോസഫിന് സുഷമ നൽകിയ വാക്കു പാലിച്ചു. ലിബിയിൽ കുടുങ്ങിയ നഴ്‌സുമാരുടെ ആദ്യസംഘം ഇന്ന് കൊച്ചിയിലെത്തും.

കേന്ദ്രസർക്കാർ ഇടപെട്ട് രക്ഷപ്പെടുത്തിയ 34 പേരിൽ 12 പേർ ഇന്നലെ ട്യൂണീസിയയിൽ നിന്നു കൊച്ചിയിലേക്കു പുറപ്പെട്ടു. മറ്റ് 22 പേർ ഇന്നോ നാളെയോ കൊച്ചിയിലെത്തുമെന്നു വിദേശകാര്യമന്ത്രാലയ വക്താവ് സയിദ് അക്‌ബറുദ്ദീൻ പറഞ്ഞു. കലാപം രൂക്ഷമായ ലിബിയയിൽ നിന്ന് ഇതിനകം മൂവായിരത്തിലധികം ഇന്ത്യക്കാരെ മോചിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

രണ്ടാമതും ആക്രമണം തുടങ്ങിയതോടെ ലിബിയയിൽ നിന്നും 3000 പേരെ ഇതുവരെ ഒഴിപ്പിച്ചിട്ടുണ്ട്. ലിബിയയിൽ വിപ്‌ളവം തുടങ്ങിയ 2011 ൽ ആശുപത്രി, സ്‌കൂളുകൾ, കെട്ടിട നിർമ്മാണ മേഖല എന്നിങ്ങനെ ലിബിയയിലെ വിവിധ ഇടങ്ങളിലായി ഏകദേശം 18,000 ഇന്ത്യാക്കാർ ഉണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗത്തെയും അന്നു തന്നെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും ആഭ്യന്തര പോരാട്ടം രൂക്ഷമായ സമയത്തും ഇന്ത്യാക്കാരിൽ ചിലർ അവിടെ തുടരുകയും ചെയ്തിരുന്നു. കലാപത്തിന്റെ ശക്തി കുറഞ്ഞതോടെ ഇന്ത്യാക്കാരിൽ അനേകം പേർ ലബിയയിലേക്ക് തിരിച്ചു പോകുകയും ചെയ്തു. പുതിയ കലാപം തുടങ്ങിയപ്പോൾ ഏതാണ്ട് 4,500 ഇന്ത്യാക്കാർ രജിസ്റ്റർ ചെയ്തിട്ടുള്ളതായിട്ടാണ് കണക്കാക്കിയിട്ടുള്ളത്.

നാട്ടിലേക്ക് തിരിക്കാനുള്ള നഴ്‌സുമാരുടെ വിമാനക്കൂലി അടക്കമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാറാണ് വഹിക്കുന്നത്. നൂറ് കണക്കിന് മലയാളി നഴ്‌സുമാർ ഇനിയും ലിബിയയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. നേരത്തെ 87 മലയാളി നഴ്‌സുമാർ ശമ്പളം പോലും ലഭിക്കാത്ത വിധത്തിൽ കുടുങ്ങി കിടക്കുന്ന സ്ഥിതി കെ സി ജോസഫ് സുഷമ സ്വരാജിനെ ധരിപ്പിച്ചിരുന്നു. തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാർ സജീവമായി പരിഗണിക്കുമെന്നും മന്ത്രി കെ.സി. ജോസഫ് പറഞ്ഞിരുന്നു.

അതിനിടെ ലിബിയയിൽ മലയാളികൾ ജോലി ചെയ്യുന്ന ആശുപത്രിക്ക് നേർക്ക് ബോംബാക്രമണവും ഉണ്ടായിരുന്നു. ഇതിനിടെ പണം നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് മലയാളി യുവാക്കൾ നഴ്‌സുമാരിൽ നിന്നും പണം പിരിച്ച് മുങ്ങിയ സംഭവവും ഉണ്ടായി. ജീവിത സമ്പാദ്യം തിരികെ ലഭിക്കാൻ വേണ്ടി പൊലീസിലും ഇന്ത്യൻ എംബസിയിലും പരാതി നൽകിയിരിക്കയാണ് ലിബിയയിൽ കുടുങ്ങിയിരിക്കുന്ന നഴ്‌സുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP