Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാസയിൽ ജോലി കിട്ടിയിട്ടും ഇന്ത്യൻ പൗരത്വം ഒഴിയാതെ കോട്ടയത്തെ കൊച്ചു പയ്യൻ; ഒബാമയ്ക്കും മോദിക്കും ഒരു പോലെ പ്രിയങ്കരനായ അരുണിന്റെ കഥ..

നാസയിൽ ജോലി കിട്ടിയിട്ടും ഇന്ത്യൻ പൗരത്വം ഒഴിയാതെ കോട്ടയത്തെ കൊച്ചു പയ്യൻ; ഒബാമയ്ക്കും മോദിക്കും ഒരു പോലെ പ്രിയങ്കരനായ അരുണിന്റെ കഥ..

കോട്ടയം: ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ പഠനം കഴിഞ്ഞാൽ ഇവിടുത്തെ യുവതീ യുവാക്കൾ സ്വപ്നം കാണുന്നത് വിദേശത്തെ മികച്ചൊരു ജോലിയാണ്. കഴിവുള്ളവരാകുമ്പോൾ അവരെ ചാക്കിട്ടുപിടിക്കാൻ സമ്പന്ന രാജ്യങ്ങൾക്ക് പ്രത്യേകം താൽപ്പര്യവും ഉണ്ടാകും. ഇത്തരക്കാർക്ക് സ്ഥിരം പൗരത്വവും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്യും. ഇതോടെ മിക്ക ഇന്ത്യൻ യുവാക്കളും ഈ ഓഫറിൽ വീണ് സ്വന്തം രാജ്യത്തെ സേവിക്കാനുള്ള അവസരം കളഞ്ഞ് വിദേശികൾക്കായി ജോലി ചെയ്ത് അവിടത്തെ പൗരനായി മാറുകയാണ് പതിവ്. എന്നാൽ, ഇത്തരക്കാർക്കിടയിൽ ഒരു വ്യത്യതസ്ത മാതൃക തീർക്കുകയാണ് കോട്ടയത്തുകാരനായ ബി.ടെക്കുകാരൻ. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ ജോലി ലഭിക്കണമെങ്കിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് അമേരിക്കൻ പൗരത്വം നേടണമെന്ന ആവശ്യത്തോട് നോ പറഞ്ഞാണ് പൂഞ്ഞാർ എൻജിനീയറിങ് കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഉന്നത വിജയം നേടിയ ടി വി അരുൺ വ്യത്യസ്തനായത്. എന്നാൽ അരുണിന്റെ കഴിവ് തിരിച്ചറിഞ്ഞ നാസ അധികൃതർ ഇന്ത്യൻ പൗരത്വമെന്ന് അരുണിന്റെ താൽപ്പര്യത്തിന് വഴങ്ങി ജോലി നൽകുകയും ചെയ്തു.

കോട്ടയത്തെ മണിമല സ്വദേശിയായ ടിവി അരുൺ മറ്റെന്തിനേക്കാൾ താനൊരു ഇന്ത്യക്കാരനാണെന്നതിൽ അഭിമാനം കൊള്ളുന്ന ആളാണ്. അതുകൊണ്ട് തന്നെയാണ് മറ്റാർക്കും കൈവരാത്ത അസുലഭ ഭാഗ്യം തേടിയെത്തിയപ്പോഴും തന്റെ നിലപാടിൽ വിട്ടുവീഴ്‌ച്ച ചൈയ്യാൻ അരുൺ് തയ്യാറാകാതിരുന്നത്. നാസയിൽ ജോലിചെയ്യണമെങ്കിൽ അമേരിക്കൻ പൗരത്വം സ്വീകരിക്കണമെന്നതാണ് നിലവിലെ വ്യവസ്ഥ. അരുണിനോടൊപ്പം ജോലി ലഭിച്ച മറ്റു രാജ്യങ്ങളിൽനിന്നുള്ളവരെല്ലാം ഈ വ്യവസ്ഥ അംഗീകരിച്ചു. എന്നാൽ തനിക്ക് ഇന്ത്യക്കാരനായി തുടർന്നാൽ മതിയെന്ന നിലപാടാണ് അരുൺ കൈക്കൊണ്ടത്.

ഇന്ത്യൻ പൗരനായി തുടരാനാണ് തനിക്ക് താല്പര്യമെന്നും അമേരിക്കൻ പൗരത്വമെടുക്കണമെന്ന് നിർബന്ധമാണെങ്കിൽ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നും ഈ മിടുക്കൻ അറിയിച്ചു. അരുണിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള വാക്കുകൾക്ക് മുമ്പിൽ അമേരിക്കൻ അധികൃതരും കീഴടങ്ങി. അമേരിക്കൻ പൗരത്വമില്ലാതെതന്നെ അരുൺ ജോലിയിൽ പ്രവേശിച്ചു. ജോലിക്കു വേണ്ടി എന്തു വിട്ടുവീഴ്‌ച്ചക്കും തയ്യാറാകുന്നവരിൽ നിന്നും വ്യത്യസ്തനായി സ്വന്തം രാജ്യത്തോടുള്ള കൂറ് ആവർത്തിച്ച് പ്രഖ്യാപിച്ച ഈ മിടുക്കൻ നാസ അധികൃതരുടെ മതിപ്പും പിടിച്ചുപറ്റി.

അരുണിന്റെ രാജ്യസ്‌നേഹം തന്നെയാണ് പ്രത്യേക പരിഗണന നൽകാൻ അമേരിക്കൻ അധികൃതരെ പ്രേരിപ്പിച്ചതും. ഇതോടെ ഈ കോട്ടയംകാരൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയുടെയും പ്രിയങ്കരനായി മാറി. ഇന്ത്യയുമായുള്ള ശാസ്ത്രസാങ്കേതിക സഹകരണം ചർച്ചചെയ്യാൻ രണ്ടാഴ്ച മുമ്പെത്തിയ സംഘത്തിൽ എറ്റവും ഇളയവനാണ് അരുൺ. സംഘത്തിലുണ്ടായിരുന്ന നാസ ഉദ്യോഗസ്ഥരായ എഡ്വേർഡ് ഗൂളിഷും ഡോ. ബാർബറ ലിസ്‌കോവും സ്റ്റാൻ ജർഡേവകുമാണ് അരുണിന്റെ ഈ ധീരമായ നിലപാടിനെക്കുറിച്ച് ചർച്ചകൾക്കിടയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിച്ചത്. അദ്ദേഹം ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അറിയിച്ചു.

അരുണിന്റെ പ്രവർത്തിയിൽ മതിപ്പു തോന്നിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിക്കുകൾക്കിടയിലും തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചാണ് ഈ മിടുക്കനെ ആദരിച്ചത്. ഇന്ത്യൻ പൗരത്വം മുറുകേ പിടിക്കാൻ ധൈര്യം കാണിച്ച അരുണിനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്തെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മോദിയുടെ വാക്കുകളിൽ ആവേശഭരിതനാണ് അരുണും. കുറച്ചുകാലം നാസയിൽ പ്രവർത്തിച്ച് ഇന്ത്യയിലേക്ക് തിരിച്ചുവരനാണ് ഈ മിടുക്കൻ പദ്ധതിയിട്ടിരിക്കുന്നത്.

ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള പൂഞ്ഞാർ എൻജിനിയറിങ് കോളേജിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്കിൽ ഉന്നതവിജയം നേടിയ ശേഷം, ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ റിമോട്ട് സെൻസറിങ്ങിൽ എം.ടെക്. പഠനസമയത്താണ് നാസയിലേക്ക് അരുണിന് പ്രവേശനം ലഭിച്ചത്. പിന്നീട് അമേരിക്കയിലെ എം.ഐ.ടി. യൂണിവേഴ്‌സിറ്റിയിൽനിന്ന് പി.എച്ച്.ഡി.യും നേടി. കോട്ടയം മണിമല ചെറുവള്ളി പാട്ടത്തേൽ വിജയകുമാറിന്റെയും പത്മകുമാരിയുടെയും മകനാണ് 27കാരനായ അരുൺ. ആതിര സഹോദരിയാണ്. എന്തായാലും അമേരിക്കക്കാർക്കും ഇന്ത്യക്കാർക്കും ഒരുപോലെ പ്രിയങ്കരനായി മാറിയ അരുൺ കേരളക്കരയ്ക്കും അഭിമാന താരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP