Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകയെ പട്ടാപ്പകൽ കടന്നുപിടിച്ച യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; പിടിയിലായതു കൊലപാത കേസിൽ പ്രതിയായ വ്യക്തി

കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകയെ പട്ടാപ്പകൽ കടന്നുപിടിച്ച യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; പിടിയിലായതു കൊലപാത കേസിൽ പ്രതിയായ വ്യക്തി

കൊച്ചി: കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകയെ പട്ടാപ്പകകൽ കടന്നുപിടിച്ച യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അപമാനത്തിന് ഇരയായ മാദ്ധ്യമപ്രവർത്തക തന്നെയാണ് യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കലൂർ ബസ്സ്റ്റാൻഡിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. നോർത്ത് ഭാഗത്തേക്ക് നടന്നുപോകുകയായിരുന്ന മാദ്ധ്യമപ്രവർത്തകയെയാണ് തിരുവനന്തപുരം കടയ്ക്കാവൂർ തെക്കുംഭാഗം റോയ്ഭവനിൽ റോയ് (വാവച്ചൻ 19) കടന്നുപിടിച്ചത്. യുവതി പ്രതികരിച്ചതോടെ 'റോഡിലൂടെ നടന്നുപോയാൽ ഇങ്ങനെയൊക്കെയുണ്ടാകും' എന്നുപറഞ്ഞ് പ്രകോപിതനായി റോയി കരണത്തടിക്കുകയായിരുന്നു.

അടിയുടെ ആഘാതത്തിൽ യുവതിയുടെ കണ്ണട തകർന്നു. തുടർന്ന് റോയിയെ തടഞ്ഞുനിർത്തിയ യുവതി തൊട്ടടുത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിവരമറിയിച്ചു. നോർത്ത് സ്‌റ്റേഷനിലെ എസ്‌ഐ അബ്ദുൾ റഹീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി റോയിയെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ സ്ത്രീകളെ അപമാനിച്ചതിനും മർദനത്തിനും ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ റോയിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ഏപ്രിലിൽ കടയ്ക്കാവൂർ സ്വദേശി ഡിക്‌സണെ (18) കുത്തിക്കൊന്ന കേസിൽ റോയിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് കടയ്ക്കാവൂർ പൊലീസ് പറഞ്ഞു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ റോയ് കലൂരിലെ സ്വകാര്യ ആശുപത്രിയിൽ അറ്റൻഡറായി ജോലിചെയ്തിരുന്നു. രേഖകളിൽ കൃത്രിമം കാണിച്ചതിന് ആശുപത്രി അധികൃതർ റോയിക്കെതിരെ നോർത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. ആശുപത്രിയിലെ നേഴ്‌സിനെ കാണാനില്ലെന്ന് ബന്ധുക്കൾ റോയിക്കെതിരെ നൽകിയ പരാതിയെത്തുടർന്ന് എറണാകുളം നോർത്ത് പൊലീസ് ഇരുവരെയും രണ്ടാഴ്ചമുമ്പ് വിളിച്ചുവരുത്തിയിരുന്നു.

എന്നാൽ യുവതി റോയിക്കൊപ്പം പോകണമെന്ന നിലപാടെടുത്തതോടെ ഇരുവരെയും വിട്ടയച്ചു. ഈ യുവതിക്കൊപ്പമാണ് നിലവിൽ റോയ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മോഷണമുൾപ്പെടെ വിവിധ കേസുകളിലും ഇയാൾ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. യുവതി ആശുപത്രിയിൽ ചികിത്സ തേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP