Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം 250 ഓളം പേർക്ക് മഞ്ഞപ്പിത്തബാധ; മാന്നാനം കെ.ഇ കോളജിലെ ഒന്നാം വർഷ സൈക്കോളജി വിദ്യാർത്ഥി മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശി പ്രേം സാഗർ; കോളേജിനെതിരെ പ്രതിഷേധവുമായെത്തിയ വിദ്യാർത്ഥികളുടെ സമരം സംഘർഷത്തിൽ കലാശിച്ചു

വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം 250 ഓളം പേർക്ക് മഞ്ഞപ്പിത്തബാധ; മാന്നാനം കെ.ഇ കോളജിലെ ഒന്നാം വർഷ സൈക്കോളജി വിദ്യാർത്ഥി മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശി പ്രേം സാഗർ; കോളേജിനെതിരെ പ്രതിഷേധവുമായെത്തിയ വിദ്യാർത്ഥികളുടെ സമരം സംഘർഷത്തിൽ കലാശിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഏറ്റുമാനൂർ: മാന്നാനം കെ.ഇ കോളജിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മഞ്ഞപ്പിത്തബാധ. കോളേജിൽ വ്യാപകമായി പടർന്ന മഞ്ഞപ്പിത്തത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒന്നാം വർഷ സൈക്കോളജി വിദ്യാർത്ഥി തിരുവനന്തപുരം നേമം എടക്കോട് സ്‌നേഹസിൽ സുരേഷിന്റെ മകൻ പ്രേം സാഗറാണ് (18) മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇതേതുടർന്ന് പ്രതിഷേധവുമായി വിദ്യാർത്ഥികൾ എത്തിയത് കോളജ് പരിസരത്ത് സംഘർഷാവസ്ഥക്ക് കാരണമായി.

കഴിഞ്ഞ ഡിസംബറിലാണ് കോളജ് വിദ്യാർത്ഥികൾക്കിടയിൽ മഞ്ഞപ്പിത്തബാധയുള്ളതായി ശ്രദ്ധയിൽപെട്ടത്. ജനുവരി അവസാനത്തോടെ ഇത് വ്യാപകമായി പടർന്നു. അപ്പോഴാണ് പ്രേമിനും രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിൽ താമസിച്ചിരുന്ന പ്രേം ചികിത്സക്കായി നാട്ടിലേക്ക് പോയി. മാർച്ചിൽ തിരിച്ചെത്തിയെങ്കിലും സംശയം തോന്നിയ ഒരു അദ്ധ്യാപിക നിർദേശിച്ചതനുസരിച്ച് നടത്തിയ പരിശോധനയിൽ അസുഖം പൂർണമായി മാറിയില്ലെന്ന് കണ്ടെത്തി. വീണ്ടും നാട്ടിലേക്ക് ചികിത്സക്കായി പോയ പ്രേമിനെ ഏപ്രിൽ ഒന്നിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഏപ്രിൽ 11ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ജീവൻ നിലനിർത്താൻ കരൾ മാറ്റിവെക്കേണ്ടി വരുമെന്ന് ഡോക്ടർമാർ നിർദേശിച്ചു. കുറച്ചുദിവസങ്ങളായി പ്രേം വന്റെിലേറ്ററിലായിരുന്നു. ഞായറാഴ്ച ആരോഗ്യനില വഷളായി മസ്തിഷ്‌ക മരണം സംഭവിച്ചു. രോഗം ബാധിച്ച പ്രേം പച്ചമരുന്നും ഹോമിയോ മരുന്നും കഴിച്ചിരുന്നുവെന്നും അവസാനം അലോപ്പതി ചികിത്സ തേടുകയായിരുന്നുവെന്നും കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി തോമസ് പറഞ്ഞു. ഇത്തരത്തിൽ ചികിത്സയിലുണ്ടായ പിഴവായിരിക്കാം മരണത്തിൽ കലാശിച്ചതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

കോളജിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും അനധ്യാപരും ഉൾപ്പെടെ 250 പേർക്ക് മഞ്ഞപ്പിത്ത ബാധയുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, നൂറിലധികം കുട്ടികൾക്ക് മാത്രമേ രോഗബാധയുണ്ടായുള്ളൂവെന്നാണ് അധികൃതരുടെ വിശദീകരണം. കോളജ് കാന്റീനടുത്തുള്ള കിണറിനോട് അടുത്ത് സ്ഥിതിചെയ്യുന്ന സെപ്റ്റിക് ടാങ്ക് കവിഞ്ഞതാണ് രോഗാണുക്കൾ പടരാൻ കാരണമായതെന്ന് പറയപ്പെടുന്നു. ഇതിനിടെ, അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രേമിന്റെ ചികിത്സക്കുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. മരുന്നിനും അവയവമാറ്റത്തിനുമായി 50ലക്ഷം ചെലവ് വരുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതിനിടെ, കോളജ് മാനേജ്മന്റെ് ചികിത്സസഹായവുമായി ഞായറാഴ്ച തിരുവനന്തപുരത്ത് ആശുപത്രിയിൽ എത്തിയിരുന്നു.

പ്രേം സാഗറിന്റെ മരണത്തെ തുടർന്ന് വിദ്യാർത്ഥികൾ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞത് സംഘർഷാവസ്ഥക്ക് കാരണമായി. തുടർന്ന് കോളജ് അധികൃതർ ചർച്ചക്ക് തയാറായി വിദ്യാർത്ഥികൾക്ക് അനുകൂല നിലപാട് എടുത്തതോടെ സമരം ഒത്തുതീർപ്പിലെത്തി. കൂലിപ്പണിക്കാരനായ സുരേഷിന്റെയും അർബുദബാധിതയായ പ്രീതയുടെയും ഏകമകനാണ് പ്രേം. സഹോദരി സ്‌നേഹ തിരുവനന്തപുരത്ത് ഗവേഷണ വിദ്യാർത്ഥിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP