Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാഗ്യദേവത പിന്നാലെ വിടാതെ കൂടിയാൽ എന്തുചെയ്യും? ആലപ്പുഴ തകഴിയിലെ മനോഹരന്റെ വീട്ടിലേക്ക് മൂന്നാംവർഷവും കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം; ഇക്കുറി എഴുപതു ലക്ഷത്തിനൊപ്പം കൂടെപ്പോന്ന് പത്ത് സമാശ്വാസ സമ്മാനങ്ങളും

ഭാഗ്യദേവത പിന്നാലെ വിടാതെ കൂടിയാൽ എന്തുചെയ്യും? ആലപ്പുഴ തകഴിയിലെ മനോഹരന്റെ വീട്ടിലേക്ക് മൂന്നാംവർഷവും കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം; ഇക്കുറി എഴുപതു ലക്ഷത്തിനൊപ്പം കൂടെപ്പോന്ന് പത്ത് സമാശ്വാസ സമ്മാനങ്ങളും

അമ്പലപ്പുഴ: ഭാഗ്യദേവത ഓരോ വർഷവും മനോഹരനെ മാടിമാടി വിളിക്കുകയാണ്. തുടർച്ചയായി മൂന്നുവർഷം കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ആലപ്പുഴ തകഴിയിലെ മനോഹരനെ തേടിയെത്തുന്ന കാഴ്ചകണ്ട് അമ്പരന്ന് നിൽക്കുകയാണ് നാട്ടുകാർ. ഇത്തവണ ഒന്നാം സമ്മാനമായ ഏഴുപത് ലക്ഷത്തിനൊപ്പം പത്ത് സമാശ്വാസ സമ്മാനങ്ങളും കൂടെ വീട്ടിലേക്കെത്തുന്നു. എന്നാൽ ഭാഗ്യവാന്റെ തലക്കനമൊന്നുമില്ലാതെ എല്ലാം ഒരു സന്തോഷച്ചിരിയിൽ ഒതുക്കുകയാണ് തകഴി പടഹാരം ലക്ഷ്മി ഗോകുലത്തിൽ മനോഹരനും ഭാര്യ വനജയും.

ഇന്നലെ നടന്ന നിർമൽ ഭാഗ്യക്കുറിയുടെ അറുപത്തിയഞ്ചാം നറുക്കെടുപ്പിലൂടെയാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയ്ക്കു മനോഹരൻ അർഹനായത്. കഴിഞ്ഞ രണ്ടു വർഷവും ഓരോ തവണ കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ മനോഹരന് ഇതു ഹാട്രിക് നേട്ടമായി.
2016 ഓഗസ്റ്റ് 28നു നറുക്കെടുത്ത പൗർണമി ടിക്കറ്റിലൂടെ ഒന്നാം സമ്മാനം 65 ലക്ഷം രൂപ ലഭിച്ചു. 2017 നവംബർ 10ന് നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയും കിട്ടി.

ഒന്നാം സമ്മാനം നേടിയ എല്ലാ ടിക്കറ്റുകളുടെയും വിവരങ്ങൾ കൈയിലുള്ള ബുക്കിൽ മനോഹരൻ ഭദ്രമായി കുറിച്ചുവച്ചിട്ടുമുണ്ട്. ആലപ്പുഴയിൽ പോയി മടങ്ങുംവഴി ഇന്നലെ വൈകിട്ട് അമ്പലപ്പുഴ പടിഞ്ഞാറെനടയിൽ സ്ഥിരമായി ലോട്ടറിയെടുക്കുന്ന ശ്രീവത്സം ഏജൻസിയിൽ എത്തിയപ്പോഴാണ് ഒന്നാം സമ്മാനം തന്റെ പക്കലുള്ള എൻആർ 212329 നമ്പർ ടിക്കറ്റിനാണെന്ന് അദ്ദേഹം അറിഞ്ഞത്. ഇതേ സീരീസിൽ മനോഹരൻ വാങ്ങിയ 10 ടിക്കറ്റുകൾക്കും സമാശ്വാസ സമ്മാനമായ 10,000 രൂപ വീതം വേറെയും കിട്ടും. ഇതേ സീരീസിൽ 12 ടിക്കറ്റ് വാങ്ങുകയായിരുന്നു മനോഹരന്റെ ലക്ഷ്യം. പക്ഷേ, അതിലൊന്ന് മറ്റാരോ വാങ്ങി. ഫെഡറൽ ബാങ്ക് തകഴി ശാഖയിൽ ഇന്നു ടിക്കറ്റ് നൽകും.

കെഎസ്ഇബി അമ്പലപ്പുഴ സെക്ഷൻ ഓഫിസിൽ നിന്ന് ഓവർസിയറായി 2009ൽ വിരമിച്ച ശേഷമാണു മനോഹരൻ ഭാഗ്യമന്വേഷിക്കാൻ തുടങ്ങിയത്. ആദ്യം കിട്ടിയ രണ്ട് ഒന്നാം സമ്മാനങ്ങളിലുമായി ഒരു കോടിയിലധികം രൂപ കൈയിൽ കിട്ടിയപ്പോൾ എന്തു ചെയ്‌തെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ആദ്യമടിച്ച ലോട്ടറിയിലെ കുറച്ചു തുക വീടു പുതുക്കിപ്പണിയാൻ ഉപയോഗിച്ചു. രണ്ടാമത്തെ സമ്മാനത്തിൽ നിന്നൊരു വിഹിതം ബാങ്കിലിട്ടു. ഇപ്പോൾ കിട്ടുന്ന തുക എന്തു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ല. - മനോഹരൻ പറയുന്നു. ഇലക്ട്രിക്കൽ കരാറുകാരനായ സജിത്തും ആലപ്പുഴ എസ്ഡി കോളജിലെ ഗെസ്റ്റ് ലക്ചററായ ലക്ഷ്മിയുമാണു മക്കൾ. മരുമകൻ സുജിത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP