Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇനി ദൈവം എന്നെ സ്വർഗ്ഗത്തിലേക്ക് കടത്തിവിടും; ജനസമ്പർക്കത്തേക്കാൾ നല്ലത് മഴക്കൊയ്ത്ത് തന്നെ; സരിതമാർക്ക് പിന്നാലെ പോയുണ്ടായ കളങ്കം മാറ്റാനുള്ള സിപിഎമ്മിന്റെ പരിഹാരമാണ് പദ്ധതി: ചിരിയും ചിന്തയുമായി മാർ ക്രിസോസ്റ്റം

ഇനി ദൈവം എന്നെ സ്വർഗ്ഗത്തിലേക്ക് കടത്തിവിടും; ജനസമ്പർക്കത്തേക്കാൾ നല്ലത് മഴക്കൊയ്ത്ത് തന്നെ; സരിതമാർക്ക് പിന്നാലെ പോയുണ്ടായ കളങ്കം മാറ്റാനുള്ള സിപിഎമ്മിന്റെ പരിഹാരമാണ് പദ്ധതി: ചിരിയും ചിന്തയുമായി മാർ ക്രിസോസ്റ്റം

കൊല്ലം: പറയാനുള്ളതെല്ലാം മാർ ക്രിസോസ്റ്റം തിരുമേനി വെട്ടിത്തുറന്ന് പറയും. ചിരിയും ചിന്തകളുമായി തിരുമേനി പറയുന്നതിനെ പൊട്ടിച്ചിരികളിലൂടെ മാത്രമേ സദസ്സ് കൈയടക്കാറുമുള്ളൂ. പറയുന്നതിൽ മുഴുവൻ കാര്യവുമായിരിക്കും. ഇന്നലെ സിപിഐ(എം) ചടങ്ങിലും ക്രിസോസ്റ്റം തിരുമേനി ചിലത് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കത്തെക്കാൾ നാടിനു പ്രയോജനം ചെയ്യുന്നത് സിപിഎമ്മിന്റെ മഴക്കൊയ്ത്താണെന്ന് മാർ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ അഭിപ്രായം. കൊല്ലത്ത് ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ സിപിഐ(എം) സംഘടിപ്പിച്ച മഴക്കൊയ്ത്ത് സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സരിതമാർക്ക് പിന്നാലെ ചിലർപോയി ജനാധിപത്യത്തിൽ ഉണ്ടാക്കിയ കളങ്കം മാറ്റാനുള്ള പരിഹാരമാണ് സിപിഐ എമ്മിന്റെ ഈ ബ്രഹത്തായ പരിപാടി. ഇത് കേരളത്തിന്റെ മാത്രം പദ്ധതിയല്ല. രാജ്യത്തിന്റെയാകമാനം പദ്ധതിയാണ്. രാഷ്ട്രീയപാർട്ടികൾ രാജ്യത്തിന് വേണ്ടിയാകണം പ്രവർത്തിക്കേണ്ടത്. പാർട്ടികൾ പാർട്ടിക്ക് വേണ്ടിയല്ല പ്രവർത്തിക്കേണ്ടത്. മനുഷ്യന് വേണ്ടിയാണ്. ഇവിടെ മനുഷ്യൻ മനുഷ്യനായി ജീവിക്കാൻ വേണ്ട ക്രമീകരണമാണ് നടപ്പാകുന്നത്. മനുഷ്യാ നീ മണ്ണാകുന്നു. എന്നാണ് ബൈബിൾ വചനം. മണ്ണില്ലെങ്കിൽ മനുഷ്യനില്ല. അപ്പോൾ മണ്ണാണ് പ്രധാനം. ആ മണ്ണിനെ സംരക്ഷിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രകൃതി സ്‌നേഹം നിറഞ്ഞ ഈ പദ്ധതി.

ഭൂമിയിലുള്ളതെല്ലാം മനുഷ്യന് വേണ്ടിയാണ് അവ നശിപ്പിക്കാതെ സൂക്ഷിക്കാൻ പഠിക്കണം. ഭൂമിയെ അവഗണിക്കുമ്പോൾ നഷ്ടമാകുന്നത് മനുഷ്യത്വമാണ്അദ്ദേഹം പറഞ്ഞു.ലോകം നന്നാക്കാനുള്ള സാധ്യതാണ് നാം തേടേണ്ടത്. മഴക്കൊയ്ത്ത് എന്നാൽ മഴയുടെ ഫലം കൊയ്യുക എന്നതാണ്. ഇപ്പോൾ മഴ പെയ്താൽ അറബിക്കടലിലാണ് പതിക്കുന്നത്. അത് ഇനി കൊല്ലത്ത് നിറഞ്ഞുനിൽക്കണം. വെള്ളം പൂർണമായും ഒലിച്ചുപോകാതെ ഭൂമിയിൽ താഴണം. ജലം മനുഷ്യന്റെ അടിസ്ഥാനഘടകമാണ്. അതിനാൽ ഈ ജനകീയ പരിപാടി ഏറ്റെടുത്ത് എല്ലാവരും അവരവരുടെ ഭൂമിയിൽ കുഴിയെടുത്ത് വെള്ളം സംഭരിച്ചാൽ രാജ്യത്ത് കൈക്കൂലി പോലും ആർക്കും കൊടുക്കേണ്ടിവരില്ല. കൃഷി അഭിവയോധികിപ്പെടുന്നതുവഴി എല്ലാവർക്കും വേണ്ട അന്നം ലഭിക്കും. പിന്നെന്തിന് കൈക്കൂലി നൽകണം അദ്ദേഹം ചോദിച്ചു.

താൻ മരിച്ച് ചെല്ലുമ്പോൾ നീ പങ്കെടുത്ത ഏറ്റവും നല്ല പരിപാടി എന്തെന്ന് ദൈവം ചോദിച്ചാൽ സിപിഐ എം കൊല്ലം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മഴക്കൊയ്ത്ത് പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതാണെന്ന് അഭിമാനപൂർവം പറയാനാകുമെന്നും നിറസദസ്സിനോട് അദ്ദേഹം പറഞ്ഞു. 98 വർഷം ഭൂമിയിൽ ജീവിച്ച ഞാൻ മരിച്ചു ചെല്ലുമ്പോൾ ദൈവം തടഞ്ഞു നിറുത്തി ജീവിതത്തിൽ ചെയ്ത നല്ലകാര്യങ്ങൾ ചോദിക്കും. ഒരുപാട് മോശം കാര്യങ്ങൾ ചെയ്ത് ആളെക്കൂട്ടിയിട്ടുള്ള ഞാൻ ഒന്നു പതറിയേനേ. ഇനി എനിക്ക് ധൈര്യമുണ്ട്. ഞാൻ പറയും സിപിഎമ്മിന്റെ മഴക്കൊയ്ത്ത് സെമിനാറിൽ പങ്കെടുത്തുവെന്ന്. അതോടെ 'അകത്തുകേറിപ്പോടാ' എന്ന് പറഞ്ഞ് ദൈവം എന്നെ സ്വർഗത്തിലേക്ക് കടത്തിവിടും. ദൈവവിശ്വാസമില്ലാത്ത പാർട്ടിക്കാർ മഴക്കൊയ്ത്തിലൂടെ എനിക്ക് സ്വർഗത്തിലേക്കുള്ള വഴിയൊരുക്കിയെന്ന് ഞാനും കരുതും.

അന്യസംസ്ഥാനക്കാർ കയറ്റിവിടുന്ന വിഷഭക്ഷണം കഴിച്ചാൽ മരിക്കും. എല്ലാവരും കൃഷി ചെയ്യണം. കൃഷി ചെയ്യാത്തത് കുറ്റമായി കാണണം. പലരെയും കുഴിയിലാക്കിയ പാർട്ടി മഴവെള്ളത്തെയും കുഴിയിലാക്കണം. മഴക്കൊയ്ത്ത് എന്നാൽ മഴയുടെ ഫലം ശേഖരിക്കുക എന്നാണ്. ശേഖരിച്ചുവച്ച് ഉപയോഗിക്കണം. ജീവിക്കുന്നതിന് ലോകം പ്രധാനമാണ്. ലോകം മണ്ണാണ്. മണ്ണില്ലാതെ മനുഷ്യനില്ല. മനുഷ്യൻ മണ്ണാണ്. മണ്ണിനെ അവഗണിക്കുമ്പോൾ മനുഷ്യത്വം ഇല്ലാതാകും. ഭൂമിയിലുള്ളതെല്ലാം മനുഷ്യനു സ്വന്തമാണ്. സ്വന്തമായത് നശിക്കാതെ നോക്കണം. മറ്റുള്ളവരെയും ജീവിക്കാൻ അനുവദിക്കുമ്പോഴാണ് മനുഷ്യൻ മനുഷ്യനാകുന്നത്. പാർട്ടി പാർട്ടിക്കുവേണ്ടിയല്ല, മനുഷ്യനുവേണ്ടിയാണെന്ന് തിരിച്ചറിയണം-തനത് ശൈലിയിൽ ക്രിസോസ്റ്റ് വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP