Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമരത്തിനിടെ പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടി; ഗ്രനേഡ് പ്രയോഗവും; നടക്കുന്നത് മതസ്ഥാപനങ്ങൾ ആക്രമിക്കാനുള്ള മുസ്ലിംലീഗ് ഗുണ്ടായിസമെന്ന് മർക്കസും; കുന്ദമംഗലത്ത് സംഘർഷത്തിന് അയവില്ല

സമരത്തിനിടെ പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടി; ഗ്രനേഡ് പ്രയോഗവും; നടക്കുന്നത് മതസ്ഥാപനങ്ങൾ ആക്രമിക്കാനുള്ള മുസ്ലിംലീഗ് ഗുണ്ടായിസമെന്ന് മർക്കസും; കുന്ദമംഗലത്ത് സംഘർഷത്തിന് അയവില്ല

കുന്ദമംഗലം: മർക്കസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി(എം.ഐ.ഇ.ടി.) വിദ്യാർത്ഥികളുടെ സത്യാഗ്രഹപ്പന്തലിൽ സംഘർഷം. സമരത്തിനിടെ പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടി. ഒട്ടേറെപ്പേർക്ക് പരിക്കുണ്ട്. റോഡ് ഉപരോധിച്ച എട്ടുപേരെ കേസെടുത്ത ശേഷം വിട്ടയച്ചു. അതിനിടെ വിദ്യാർത്ഥിസമരത്തിന്റെ മറവിൽ മതസ്ഥാപനങ്ങൾ ആക്രമിക്കാനുള്ള മുസ്ലിംലീഗ് ഗുണ്ടായിസത്തിനെതിരേ ജനാധിപത്യകക്ഷികൾ പ്രതിഷേധിക്കണമെന്ന് മർക്കസ് സെക്രട്ടേറിയറ്റ് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സമരം കൂടുതൽ സംഘർഷത്തിന് വഴിവയ്ക്കുമെന്നാണ് സൂചന.

വെള്ളിയാഴ്ച വൈകീട്ട് വിവിധ വിദ്യാർത്ഥിസംഘടനകളുടെ നേതൃത്വത്തിൽ മാർച്ചുനടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഇതിനിടെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. റോഡ് തടസ്സപ്പെടുത്തിയുള്ള ഉപരോധം നീക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിദ്യാർത്ഥികൾ വഴങ്ങിയില്ല. ഇതിനിടെ മർക്കസ് കവാടത്തിന് എതിർവശത്തെ കെട്ടിടത്തിൽക്കയറി മൂന്നുവിദ്യാർത്ഥികൾ ആത്മഹത്യഭീഷണി മുഴക്കി. തുടർന്ന് പൊലീസ് ബലംപ്രയോഗിച്ച് റോഡിൽ കുത്തിയിരുന്നവരെ നീക്കാൻ ശ്രമം തുടങ്ങി. വിദ്യാർത്ഥികൾ ചെറുത്തപ്പോൾ പൊലീസ് ലാത്തിവീശി. സമരപ്പന്തലിലേക്കും പൊലീസിനുനേരേയും കല്ലേറ് തുടങ്ങി. ഇതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

പലഭാഗത്തുനിന്നും കല്ലും ബിയർകുപ്പികളും എറിഞ്ഞതോടെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഭവസ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തുകയും ആളുകളെ വിരട്ടിയോടിക്കുകയും ചെയ്തു. റോഡിലൂടെ പോയവരെയും പൊലീസ് വെറുതെവിട്ടില്ല. ഇതിനിടെ പൊലീസ് വിദ്യാർത്ഥികളുടെ സമരപ്പന്തൽ പൊളിച്ചു. നിരാഹാരമിരിക്കുന്ന വിദ്യാർത്ഥികളെയും പൊലീസ് തല്ലിയോടിച്ചു. സംഘർഷത്തെത്തുടർന്ന് ഏറെനേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റ വിദ്യാർത്ഥികളായ താമരശ്ശേരി പരപ്പൻപൊയിൽ ജാബിർ (22), മിസ്ഹബ് കുറ്റിച്ചിറ (21), എബിൻ വള്ളിക്കുന്ന്-വയനാട് (23) എന്നിവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷിനേതൃത്വത്തിൽ ആളുകൾ കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. വിദ്യാർത്ഥികളെ വിട്ടയക്കാത്തതിൽ പ്രതിഷേധിച്ച് ഇവർ കുന്ദമംഗലത്ത് പ്രകടനം നടത്തി. രാത്രി ഏറെവൈകിയും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനിടെയാണ് മുസ്ലിംലീഗ് കനത്തവില നൽകേണ്ടിവരുമെന്ന മർക്കസ് സെക്രട്ടേറിയറ്റിന്റെ നിലപാട് വിശദീകരണം എത്തിയത്.

എം.ഐ.ഇ.ടി.യിൽ ചില ഡിപ്ലോമകോഴ്സുകളുടെ പേരിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ സമരമാരംഭിച്ച പാശ്ചാത്തലത്തിൽ ജില്ലാ കളക്ടർ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നതും സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നതുമാണ്. റിപ്പോർട്ട് തുടർനടപടികൾക്കായി സർക്കാരിന് സമർപ്പിക്കുമെന്ന് കളക്ടർ അറിയിച്ചിരുന്നതുമാണ്. വിദഗ്ധസമിതിയെ നിയമിച്ച നടപടിയെ മർക്കസ് സ്വാഗതംചെയ്യുകയും സമിതിയുടെ ശുപാർശയ്ക്കനുസൃതമായി നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് മർക്കസ് അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും സമരം നടക്കുന്നതിനെയാണ് മർക്കസ് ചോദ്യം ചെയ്യുന്നത്.

സമരത്തിന്റെ മറവിൽ രാഷ്ട്രീയ അജൻഡകൾ ഒളിച്ചുകടത്താനുള്ള സമുദായ രാഷ്ട്രീയപ്പാർട്ടിയുടെ ശ്രമം രൗദ്രഭാവം കൈക്കൊണ്ടതാണ് മർക്കസിനുമുന്നിൽ നടന്നത്. ആക്രമണങ്ങൾക്ക് മുസ്ലിംലീഗ് കനത്തവില നൽകേണ്ടിവരുമെന്ന് മർക്കസ് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP