Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മോദിയോട് വാഗ്ദാനം പാലിച്ച് അമൃതാനന്ദമയി; ഗംഗാ നദീ ശുചീകരണത്തിനായി അമൃതാനന്ദമയീ മഠം നൽകുന്ന നൂറു കോടി രൂപ അരുൺ ജെയ്റ്റിലിക്ക് കൈമാറി; പണം ചെലവിടുക ഗംഗാ തീരത്ത് താമസിക്കുന്നവർക്ക് ശൗചാലയങ്ങൾ നിർമ്മിക്കാൻ

മോദിയോട് വാഗ്ദാനം പാലിച്ച് അമൃതാനന്ദമയി; ഗംഗാ നദീ ശുചീകരണത്തിനായി അമൃതാനന്ദമയീ മഠം നൽകുന്ന നൂറു കോടി രൂപ അരുൺ ജെയ്റ്റിലിക്ക് കൈമാറി; പണം ചെലവിടുക ഗംഗാ തീരത്ത് താമസിക്കുന്നവർക്ക് ശൗചാലയങ്ങൾ നിർമ്മിക്കാൻ

കൊല്ലം: ഗംഗാ നദിയുടെ ശുചീകരണത്തിന് അമൃതാനന്ദമയീ മഠം നൂറു കോടി രൂപ നൽകി. അമൃതപുരിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ധനസഹായം ഏറ്റുവാങ്ങി. ഗംഗാനദിയുടെ തീരത്ത് താമസിക്കുന്ന പാവപ്പെട്ടവർക്ക് ശൗചാലയങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടിയാണ് തുക പ്രധാനമായും ചെലവഴിക്കുക. കഴിഞ്ഞ മാർച്ച് 18ന് ന്യൂഡൽഹിയിൽ അമൃതാനന്ദമയിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഈ വാഗ്ദാനം നൽകിയത്. അന്ന് ഗംഗാശുചീകരണത്തിന് സഹായിക്കണമെന്ന് മാതാ അമൃതാനന്ദമയിയോട് മോദി ആവശ്യപ്പെടുകയായിരുന്നു.

ഗംഗാ ശുചികരണ പദ്ധതിക്കായി 20000 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 2037 കോടി രൂപയുടെ പുറമെയാണിത്. 'നമാമി ഗംഗ' എന്നാണ് കേന്ദ്ര സർക്കാർ ഗംഗാ ശുചികരണ പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. സ്വകാര്യവ്യക്തികളുടേയും സംഘടനകളുടേയും സഹായം ഇതിന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായ ആദ്യ ദിനങ്ങളിലാണ് ഈ പദ്ധതി മോദി പ്രഖ്യാപിച്ചത്. മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിൽ നിന്ന് ഇതിനുള്ള പ്രക്രിയ തുടങ്ങുകയും ചെയ്തു.

സുപ്രീം കോടതിയുടെ ആവശ്യത്തെ തുടർന്ന്, ഗംഗാ നദി ശുചീകരണത്തിന് കേന്ദ്ര സർക്കാർ പ്രാഥമിക രൂപരേഖ സമർപ്പിച്ചിട്ടുണ്ട്. 18 വർഷം കൊണ്ട് ഗംഗ ശുദ്ധീകരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് സുപ്രീം കോടതി മുമ്പാകെ സമർപ്പിച്ചത്. ഇതിന് ആയിരക്കണക്കിന് കോടി രൂപ ചെലവ് വരും. ഗംഗാ നദിക്കരയിലെ 118 നഗരങ്ങൾ കേന്ദ്രീകരിച്ച് മലിനജലവും മാലിന്യവും കൈകാര്യം ചെയ്യലാണ് പ്രാഥമിക ഘട്ടം. മൂന്ന് വർഷം വരെയുള്ള ഹ്രസ്വ, അടുത്ത അഞ്ച് വർഷത്തെ ഇടത്തരം പത്ത് വർഷത്തെ ദീർഘകാലങ്ങളിലേക്കുള്ള ഘട്ടം ഘട്ടമായ ശുചീകരണ പദ്ധതിയാണ് സർക്കാറിനുള്ളതെന്ന് സുപ്രീം കോടതിയിൽ കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

നദിക്കരയിലെ അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള സമയപരിധിയാണ് ഇത്. 2500 കിലോമീറ്റർ ദൈർഘ്യമുള്ള ഗംഗ ശുചിയാക്കാനുള്ള പദ്ധതികൾ നടപ്പാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം ഈ സംസ്ഥാനങ്ങൾക്കാണ്. മാലിന്യപൂരിതമായ 118 നഗരങ്ങൾ അടിയന്തരമായി ശുചിയാക്കാനാണ് പദ്ധതി. കേദാർനാഥ്, ഹരിദ്വാർ, വാരാണസി, കാൺപൂർ, അലഹബാദ്, പാറ്റ്‌ന, ഡൽഹി എന്നീ ഏഴ് നദീമുഖങ്ങൾ അടിയന്തര പദ്ധതികളിൽ ഉൾെപ്പടുത്താൻ ഭൂജല മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നദിക്കരയിലെ 118 നഗരങ്ങളും 1649 ഗ്രാമങ്ങളും ശുചീകരിച്ച് മെച്ചപ്പെട്ട മാലിന്യനിവാരണ സൗകര്യങ്ങൾ ഏർപ്പെടുത്താൻ 51,000 കോടി രൂപ ചെലവാകുമെന്നാണ് കരുതുന്നത്. ഇത് ഇടക്കാല പദ്ധതിയിലാണ് ഉൾപ്പെടുത്തിയത്.

ഗംഗാ ശുചീകരണം വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ 25 പ്രത്യേക സംഘങ്ങൾ രൂപവത്കരിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗംഗാ നദിയിലേക്ക് എത്തുന്ന മാലിന്യങ്ങളുടെ ഉറവിടം കണ്ടെത്തി നടപടിയെടുക്കുകയാണ് ആദ്യ ഘട്ടം.ജലവിഭവ മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രത്യേക സംഘം രൂപീകരിക്കുക. ഹിമാലയത്തിൽ നിന്ന് ജലപ്രവാഹമില്ലാത്ത ശൈത്യകാലത്ത് നദിയിലേക്കെത്തുന്ന ഓവുചാലുകളിൽ സംഘം പരിശോധന നടത്തും. ഇങ്ങനെ വ്യവസായ ശാലകളടക്കമുള്ള മാലിന്യസ്രോതസ്സുകളെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വേനലിനു മുമ്പ് ദൗത്യം പൂർത്തീകരിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. തുടർന്ന് ഗംഗ ഒഴുകുന്ന സംസ്ഥാനങ്ങളിലും പരിശോധനകൾ നടത്തും.

കാൺപൂരിലെ അഞ്ചോ ആറോ ഓവുചാലുകളിൽ പരിശോധന നടത്തി വിവരശേഖരണം നടത്തിയ ശേഷമാണ് പ്രധാന പരിശോധന തുടങ്ങുക. മാലിന്യ സംസ്‌കരണ പ്ലാന്റുകളെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കാൻ ഇത് സഹായകമാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു. നേരത്തേ പരിശോധനയ്ക്ക് കൺസൾട്ടൻസികളെ നിയമിക്കാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് ജലവിഭവമന്ത്രാലയ ജീവനക്കാരെ തന്നെ ഇതിന് നിയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP