Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിഐയെ ബോംബെറിഞ്ഞവരെ വെറുതെവിട്ട മുഖ്യമന്ത്രി മതികെട്ടാൻ ഫ്രാൻസിസന്റെ വേദന അറിയുമോ? കള്ളക്കേസിൽ വനംമാഫിയ കുടുക്കിയത് സത്യസന്ധനായ ഉദ്യോഗസ്ഥന് വിരമിക്കൽ ആനുകൂല്യം പോലുമില്ല

സിഐയെ ബോംബെറിഞ്ഞവരെ വെറുതെവിട്ട മുഖ്യമന്ത്രി മതികെട്ടാൻ ഫ്രാൻസിസന്റെ വേദന അറിയുമോ? കള്ളക്കേസിൽ വനംമാഫിയ കുടുക്കിയത് സത്യസന്ധനായ ഉദ്യോഗസ്ഥന് വിരമിക്കൽ ആനുകൂല്യം പോലുമില്ല

പാലക്കാട്: നിരപരാധിയെന്ന് ബോധ്യപ്പെട്ടാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നീതി നടപ്പാക്കാൻ വൈകിപ്പിക്കില്ല. എം.ജി. കോളേജിൽ സി.ഐയെ ബോംബെറിഞ്ഞ കേസ് പോലും ഇതുമൂലം ഇല്ലാതായി. 32 പ്രതികളിൽ ഒരാൾ കുറ്റക്കാരനെല്ലെന്ന് രേഖകളിലൂടെ ബോധ്യപ്പെട്ടു. എല്ലാവരും രക്ഷപ്പെട്ടാലും ആദർശ് ശിക്ഷിക്കപ്പെടരുതെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു. ഈ മുഖ്യമന്ത്രി എന്തുകൊണ്ട് തന്റെ വേദനയറിയുന്നില്ലെന്നതാണ് ഫ്രാൻസിസിന്റെ വിഷമം.

പൊലീസ് ഉദ്യോഗസ്ഥനെ ബോംബെറിഞ്ഞ പ്രതികൾക്കെതിരായ കേസ് പിൻവലിച്ചത് മാനുഷിക പരിഗണന മൂലമാണെന്ന മുഖ്യമന്ത്രി വിശദീകരണം വേദനയും പ്രതീക്ഷയുമാണ് വി.കെ. ഫ്രാൻസിസിന് ഉണ്ടാക്കുന്നത്. ഖജനാവിന് നഷ്ടം വരുത്താതിരിക്കാൻ പാടുപെട്ട മതികെട്ടാനിലെ ഫ്രാൻസിസ്. നംവകുപ്പിൽ മികച്ച സേവനത്തിന് നിരവധിതവണ മേലുദ്യോഗസ്ഥരുടെ അഭിനന്ദനം നേടിയ ഫ്രാൻസിസ് ഇന്ന് കോടതി വരാന്ത കയറി ഇറങ്ങുകയാണ്. വിരമിക്കൽ ആനുകൂല്യവും ലഭിക്കുന്നില്ല.

സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ മതികെട്ടാൻ മല കൈയേറ്റമൊഴിപ്പിക്കലിൽ ധീരമായ നിലപാടാണ് ഫ്രാൻസിസ് എടുത്തത്. അന്ന് എല്ലാവരും പുകഴ്‌ത്തി. പേരിനൊപ്പം മതികേട്ടാനും പതിച്ചു നൽകി. പിന്നീട് ഉണ്ടായത് ഫ്രാൻസിസ് ഒരിക്കലും ചിന്തിക്കാത്തത്. സത്യസന്ധനെ സർക്കാർ തന്നെ കേസിൽ കുടുക്കി. കേസ് വിജിലൻസ് കോടതിയിലാണെങ്കിലും ഫ്രാൻസിസിനെതിരെ സർക്കാർ സാമ്പത്തിക അഴിമതി ആരോപിച്ചിട്ടില്ല. കൈയേറ്റമൊഴിപ്പിച്ച് 1800ലധികം ഹെക്ടർ ഭൂമി പൊതു ഉടമസ്ഥതയിലാക്കിയയാൾ കൈയേറ്റത്തിന് മൗനാനുവാദം നൽകി എന്നതടക്കമുള്ള കുറ്റങ്ങൾക്കാണ് കേസ്.

വിജിലൻസ് കേസിൽ ജാമ്യമെടുത്ത് വർഷങ്ങളായി കേസ് നടത്തുന്ന ഫ്രാൻസിസിന് വിരമിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും ലഭിച്ചില്ല. രോഗം മൂലം ഒരു കണ്ണിന്റെ കാഴ്ച പോയി. പക്ഷാഘാതമുണ്ടായതിന്റെ അവശതയുമുണ്ട്. സർക്കിൾ ഇൻസ്‌പെക്ടർക്ക് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ കുറ്റകൃത്യത്തിൽനിന്ന് ഒഴിവാക്കുന്നത് മാനുഷിക പരിഗണന മൂലമാണെങ്കിൽ തനിക്കെതിരെ രാഷ്ട്രീയ താൽപര്യം മുഴച്ചുനിൽക്കുന്ന കേസ് തുടരുന്നതിൽ മാനുഷികതയുണ്ടോ എന്നതാണ് ഫ്രാൻസിന് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്. തനിക്ക് നീതി നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്നും പിടികിട്ടുന്നില്ല. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഇത് വീണ്ടുമെത്തിക്കാനാണ് ശ്രമം.

നെല്ലിയാമ്പതിയിൽ പോബ്‌സൺ ഗ്രൂപ്പിനുണ്ടായിരുന്ന 350 ഏക്കർ തൂത്തമ്പാറ എസ്റ്റേറ്റ് സർക്കാറിന് തിരിച്ചുപിടിച്ച് കൊടുത്തത് ഫ്രാൻസിസിന്റെ നേതൃത്വത്തിലാണ്. ദേവികുളം റെയ്ഞ്ചറായിരിക്കെയായിരുന്നു അത്. എ.കെ. ആന്റണിയായിരുന്നു അന്ന് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവായിരുന്ന വി എസ്. അച്യുതാനന്ദൻ നേരിട്ട് മതികെട്ടാനിലത്തെുകയും കൈയേറ്റഭൂമി കാണുകയും ചെയ്തിരുന്നു. എന്നാൽ, കൈയേറ്റക്കാർക്കുവേണ്ടിയുള്ള ചില കളികളുടെ ഭാഗമായി തന്നെ സസ്‌പെൻഡ് ചെയ്യുകയായിരുന്നുവെന്ന് ഫ്രാൻസിസ് പറയുന്നു.

ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഭരത് ഭൂഷണായിരുന്നു അന്ന് വനംവകുപ്പ് സെക്രട്ടറി. തന്നെ സംരക്ഷിക്കാൻ ഭരത് ഭൂഷൺ ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. കൈയേറ്റക്കാരെ തൃപ്തിപ്പെടുത്താൻ അത്രയും സമ്മർദ്ദം രാഷ്ട്രയ നേതൃത്വം നടത്തി. അന്നത്തെ ഇടുക്കി ജില്ലാ കലക്ടർ, ആർ.ഡി.ഒ, വില്ലേജ് ഓഫിസർ തുടങ്ങി പത്ത് ഉദ്യോഗസ്ഥർ വിജിലൻസ് കേസിൽ പ്രതികളായിരുന്നു. എന്നാൽ, കലക്ടർ, ആർ.ഡി.ഒ, വില്ലേജ് ഓഫിസർ എന്നിവരെ സർക്കാർ പിന്നീട് ഒഴിവാക്കി. വനഭൂമി തിരിച്ചുപിടച്ച ഫാൻസിസിന് മാത്രം നീതിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP