Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏറെ വൈകാതെ ചെങ്ങന്നൂരു നിന്ന് കോട്ടയം വരെ ചീറിപ്പായാം; എംസി റോഡിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം

ഏറെ വൈകാതെ ചെങ്ങന്നൂരു നിന്ന് കോട്ടയം വരെ ചീറിപ്പായാം; എംസി റോഡിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം

ചെങ്ങന്നൂർ: തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള മെയിൻ സെൻട്രൽ റോഡ് തെക്കൻ കേരളത്തിന് മദ്ധ്യകേരളത്തിലേക്കുള്ള പ്രധാന നെടുമ്പാതയാണ്. വളവും തിരിവും പൊട്ടിപ്പൊളിഞ്ഞ ടാറും കുഴികളും കുപ്പിക്കഴുത്തുകളും ഗതാഗതക്കുരുക്കുകളുമായി നട്ടംതിരിഞ്ഞിരുന്ന ഈ പാതയെ നിത്യദുരിതത്തിൽ നിന്നു കരകയറ്റാനുള്ള പദ്ധതി ആരംഭിച്ചിട്ട് പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. റോഡിന്റെ ഒന്നാംഘട്ട വികസനം ഏറ്റെടുത്തു നടത്തിയ പതിബെൽ എന്ന മലേഷ്യൻ കമ്പനിക്ക് സമയത്ത് പണം മാറിക്കൊടുക്കാഞ്ഞതിനെ തുടർന്ന് അതിന്റെ പ്രധാന എഞ്ചിനീയർ ആത്മഹത്യ ചെയ്തതും മറ്റും കഴിഞ്ഞ യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് വലിയ വിവാദമായിരുന്നു. അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന എം കെ മുനീറിനെതിരെ തുടർന്നുവന്ന എൽഡിഎഫ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതും വാർത്തയായിരുന്നു. എങ്കിലും റോഡിന്റെ പണി തീർന്നപ്പോൾ തിരുവനന്തപുരത്തു നിന്ന് ചെങ്ങന്നൂരു വരെ നല്ല വേഗതയിൽ സുഗമമായി സ്വന്തം വണ്ടിയോടിച്ചു പോരാമെന്നായി. വളവുകൾ നിവർന്നു. കുഴികൾ നികന്നു. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച റോഡ് വന്നു.

ഇപ്പോഴിതാ, അതേ പാതയുടെ ചെങ്ങന്നൂർ മുതൽ ഏറ്റുമാനൂർ വരെയുള്ള ഭാഗത്തിന്റെ വികസനം ആരംഭിക്കുന്നു. എംസി റോഡ് വികസനത്തിന്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം ഇന്നലെ ചെങ്ങന്നൂരിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു. തോരാത്ത മഴയത്ത് നാടിന് ഉത്സവച്ചായ പകർന്നു നടന്ന ഉദ്ഘാടനച്ചടങ്ങിൽ പരാതിയൊഴിവാക്കി ചെങ്ങന്നൂരിന്റെ മുൻഎംഎൽഎ ശോഭന ജോർജ്ജ് അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. ശോഭനാ ജോർജ്‌ തുടങ്ങിയ വച്ച വികസന പ്രവർത്തനങ്ങളെ മുഖ്യമന്ത്രിയും മരാമത്ത്‌വകുപ്പ്‌ മന്ത്രിയും ചടങ്ങിൽ എടുത്തുപറഞ്ഞ് പ്രശംസിച്ചു.

തന്നെ പരിപാടിക്കു ക്ഷണിക്കാതിരുന്നതിന്റെ പേരിലാണ് ശോഭന ഉടക്കിട്ടിരുന്നത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രിയും സ്ഥലം എംഎൽഎയായ പി സി വിഷ്ണുനാഥും ശോഭനയ്ക്ക് പ്രത്യേക ക്ഷണപ്പത്രം കൈമാറിയതോടെയാണ്, അവർ പിണക്കം മറന്നു ചടങ്ങിനെത്തിയത്.

പൊതുമരാമത്ത്‌ വകുപ്പ്‌ ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന രണ്ടാംകേരള ഗതാഗത പദ്ധതിയിൽ 47 കിലോമീറ്റർ ദൈർഘ്യമുള്ള ചെങ്ങന്നൂർ-ഏറ്റുമാനൂർ റോഡിന്റെ നിർമ്മാണത്തിന്‌ 293.58 കോടി രൂപയാണ്‌ ചെലവഴിക്കുന്നത്‌. പത്തു മീറ്റർ വീതിയിലാണ്‌ റോഡിന്റെ നിർമ്മാണം. അന്താരാഷ്‌ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിൽ ആറുപാലങ്ങൾ പുതുതായി നിർമ്മിക്കും.

പാതയുടെ ഈ ഘട്ടം പൂർത്തിയായാൽ വാഹനങ്ങൾക്ക് വളരെയേറെ സമയം ലാഭിക്കാനാവും. ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, ളാപ്പാലം, ചിങ്ങവനം, കോട്ടയം, കുമാരനല്ലൂർ, സംക്രാന്തി തുടങ്ങി നിരവധി ഭാഗങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കാണ് എംസി റോഡിൽ പലപ്പോഴും രൂപപ്പെടുക. ഇതൊക്കെ ഒഴിവാകും. വെഞ്ഞാറമ്മൂട് മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗം ഒന്നാംഘട്ട വികസനത്തിനു ശേഷം മാറിയത് ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ്. കിളിമാനൂർ, ചടയമംഗലം, അഞ്ചൽ, കൊട്ടാരക്കര, ഏനാത്ത്, അടൂർ തുടങ്ങി മുമ്പ് വലിയ കുരുക്കുകളുണ്ടായിരുന്ന ഭാഗങ്ങളിലൂടെ ഇപ്പോൾ വളരെ വേഗം പോകാനാവും. പലയിടങ്ങളിലും തിരക്കേറിയ നഗരഭാഗങ്ങളെ ബൈപ്പാസ് ചെയ്തുകൊണ്ടാണ്, എംസിറോഡ് വളവുനൂർത്ത് പണിതത്. ഇതേ മാജിക് ചെങ്ങന്നൂർ - ഏറ്റുമാനൂർ സ്ട്രെച്ചിൽ ആവർത്തിക്കാനായാൽ ദീർഘദൂര യാത്രക്കാരുടെ പ്രിയപാതയായി ഇതുമാറും. ഇപ്പോൾ തന്നെ പലരും തിരുവനന്തപുരത്തു നിന്ന് എറണാകുളം പോകാനായി എൻഎച്ച് ഉപേക്ഷിച്ച് എംസി റോഡിലൂടെയാണ് വരുന്നത്. ദേശീയപാതയിലൂടെ പോകുന്നതിനേക്കാൾ സുഗമമായി എംസി റോഡിലൂടെ പോകാനാവും എന്നതാണ് കാരണം. തിരക്കും കുറവാണ്. എന്നാൽ ഇവർ പോലും ചങ്ങനാശേരിയിലെത്തി ഇടത്തേക്കു തിരിഞ്ഞ് ആലപ്പുഴ ചാടി പോകുകയാണ് പതിവ്. അതും ഇനി ഒഴിവാകും.

യോഗത്തിൽ പൊതുമരാമത്ത്‌ വകുപ്പ്‌ പ്രോജക്‌ട്‌ ഡയറക്‌ടർ കെ. സുന്ദരൻ പദ്ധതി വിശദീകരിച്ചു. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്‌, ആന്റോ ആന്റണി, എംഎൽഎമാരായ പി.സി. വിഷ്‌ണുനാഥ്‌, മാത്യു.ടി. തോമസ്‌, സി എഫ് തോമസ്‌, മുൻ എംഎ‍ൽഎ. ശോഭനാജോർജ്‌, നഗരസഭാ ചെയർപേഴ്‌സൺ വത്സമ്മ എബ്രഹാം, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ബിന്ദുകലാധരൻ, കവിതാ സജീവ്‌, നഗരസഭാ വൈസ്‌ ചെയർമാൻ ആർ. ബിജു, ജോജി ചെറിയാൻ, ഷേർളി രാജൻ, ടി.കെ. നാരായണൻനായർ, കുഞ്ഞുകുഞ്ഞമ്മ പറമ്പത്തൂർ, ചെറിയാൻ കുതിരവട്ടം, വത്സലാ മോഹൻ, സാമുവൽകുട്ടി, വിലാസിനി കരുണാകരൻ, പി.വി. ജോൺ, എം.എച്ച്‌. റഷീദ്‌, ഹാജി ഇസ്‌മയീൽകുഞ്ഞ്‌ മുസ്‌ലിയാർ, ഉമ്മൻ ആലുംമൂട്ടിൽ, ബി. കൃഷ്‌ണകുമാർ, ഗിരീഷ്‌ ഇലഞ്ഞിമേൽ, ജോൺസ്‌ മാത്യു, ജെ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP