Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മെത്രാൻ കായൽ പദ്ധതിക്ക് തുടക്കമിട്ടത് ഇടതു സർക്കാർ തന്നെ; എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഉത്തരവിന്റെ പകർപ്പുമായി ഉമ്മൻ ചാണ്ടിയുടെ വാർത്താസമ്മേളനം; 'സെക്രട്ടറിയേറ്റും വിറ്റോ' എന്ന് ചോദിച്ച് വി എസ് അച്യുതാനന്ദൻ; സർക്കാർ കൊള്ളസംഘമായി മാറിയെന്ന് പിണറായി വിജയൻ

മെത്രാൻ കായൽ പദ്ധതിക്ക് തുടക്കമിട്ടത് ഇടതു സർക്കാർ തന്നെ; എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഉത്തരവിന്റെ പകർപ്പുമായി ഉമ്മൻ ചാണ്ടിയുടെ വാർത്താസമ്മേളനം; 'സെക്രട്ടറിയേറ്റും വിറ്റോ' എന്ന് ചോദിച്ച് വി എസ് അച്യുതാനന്ദൻ; സർക്കാർ കൊള്ളസംഘമായി മാറിയെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: വൻകിട റിസൽ എസ്‌റ്റേറ്റ് കമ്പനിക്ക് വേണ്ടി മെത്രാൻ കായൽ നികത്താൻ സർക്കാർ നൽകിയ വിവാദ തീരുമാനം റദ്ദാക്കി കൊണ്ട് ഉത്തരവ് പുറത്തിറക്കിയെങ്കിലും വിവാദങ്ങൾ ഒഴിയുന്നില്ല. വിവാദം മുറുകുമ്പോൾ ഇടതു മുന്നണിക്കും വലതു മുന്നണിക്കും ഒരുപോലെ ക്ഷീണമാകുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. മെത്രാൻ കായൽ വിഷയം കൊഴുക്കുമ്പോൾ ഇടതു മുന്നണിയും വലതു മുന്നണിയും ഒരുപോലെ പ്രതിരോധത്തിലേക്കാണ് നീങ്ങാൻ കാരണം രണ്ട് മുന്നണിയിലെയും നേതാക്കൾക്ക് ഈ പദ്ധതിയുമായി ബന്ധമുണ്ടെന്നാണ് വ്യക്തമാകുന്നത്. പദ്ധതിക്ക് തുടക്കമിട്ടതും പ്രാരംഭ അനുമതി നൽകിയത് എൽഡിഎഫ് ആണെന്നും വാദിച്ചാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് വിഷയം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞ സർക്കാറിന്റെ കാലത്തെ മന്ത്രിസഭാ രേഖകളും ഉമ്മൻ ചാണ്ടി മാദ്ധ്യമങ്ങൾക്ക് കൈമാറി.

ഇടതുസർക്കാർ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കുമരകം വില്ലേജ് റിസോർട്ട് എന്ന പേരിൽ മുന്നോട്ട് വച്ച പദ്ധതിയാണ് മെത്രാൻ കായൽ പദ്ധതിയെന്നും യാതൊരു നിബന്ധനകളും ഇല്ലാതെയാണ് ഈ പദ്ധതിക്ക് ഇടതു സർക്കാർ അനുമതി നൽകിയതെന്നും ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി നാലോളം ഉത്തരവുകൾ എൽഡിഎഫ് സർക്കാർ പുറപ്പെടുവിച്ചെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം മാദ്ധ്യമങ്ങൾക്ക് നൽകി.

അതിനിടെ ഈ പദ്ധതി നടപ്പാകും എന്നു കരുതിയാണോ താങ്കൾ ഇതിന് ഉത്തരവ് നൽകിയതെന്ന ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകനോട് അനുമതി നൽകുമ്പോൾ ഈ പദ്ധതി നടപ്പാകും എന്ന് തനിക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിട്ടുവീഴ്ചകളൊന്നും ഈ പദ്ധതിക്കായി ചെയ്തിട്ടില്ലെന്നും, പാരിസ്ഥിതിക അനുമതികൾ നേടിയും, 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പാലിച്ചും മാത്രമെ പദ്ധതി നടപ്പാക്കാവു എന്നാണ് മന്ത്രിസഭ നൽകിയ നിർദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാദമായ നിലം നികത്തലിനുള്ള ഉത്തരവ് പിൻവലിച്ചത് തെറ്റ് പറ്റിയതുകൊണ്ടല്ലെന്നും, വിവാദങ്ങൾ ഒഴിവാക്കാൻ വേണ്ടി മാത്രമാണെന്നും പറഞ്ഞ മുഖ്യമന്ത്രി മെത്രാൻ കായലിൽ നിലം നികത്തി കൊണ്ടുവരാൻ പോകുന്ന പ്രൊജക്റ്റ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉള്ളതാണെന്നും, യാതൊരു വിട്ടുവീഴ്ചയും ഇളവുകളും ഈ പദ്ധതിക്കായി ചെയ്തു കൊടുത്തിട്ടില്ലെന്നും പറഞ്ഞു.

അതേസമയം ഉമ്മൻ ചാണ്ടിയെ രൂക്ഷമായി പരിഹസിച്ചു കൊണ്ടാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയത്. നിലം നികത്തലുമായി ബന്ധപ്പെട്ട വിവാദ ഉത്തരവുകൾ സർക്കാർ റദ്ദാക്കിയത് കൈയോടെ പിടക്കപ്പെട്ടതുകൊണ്ടാണെന്നും സെക്രട്ടറിയേറ്റ് ആർക്കെങ്കിലും പതിച്ചുനൽകിയോ എന്നറിയണമെങ്കിൽ അടുത്ത സർക്കാർ അധികാരത്തിൽ വരണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പരിഹാസ രൂപേണ പറഞ്ഞു.

അവസാനപോക്കിൽ സർക്കാർ കടുംവെട്ട് വെട്ടുകയാണെന്നും, ഇത്തരത്തിൽ ധാരാളം ഉത്തരവുകൾ സർക്കാരിന്റെ പക്കൽ ഇനിയും ഉണ്ടെന്നും പ്രതിപക്ഷ നേതാവ് വി എസ് വ്യക്തമാക്കിയിരുന്നു.നിലം നികത്തലുകളുമായി ബന്ധപ്പെട്ട വിവാദ ഉത്തരവുകൾ സർക്കാർ റദ്ദാക്കിയത് കൈയോടെ പിടക്കപ്പെട്ടതുകൊണ്ടാണ്. വോട്ടുകൾ ലക്ഷ്യം വച്ച് ഒരു അപേക്ഷ പോലും വാങ്ങാതെയാണ് വേണ്ടപ്പെട്ടവർക്ക് ഉമ്മൻ ചാണ്ടി സർക്കാർ ഭൂമിദാനം ചെയ്യുന്നത്. ഇത്തരത്തിൽ പാവപ്പെട്ടവർക്ക് ലഭിക്കേണ്ട നൂറുകണക്കിനേക്കർ ഭൂമിയാണ് സർക്കാർ വേറെ പലർക്കുമായി പതിച്ചുനൽകിയത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മിച്ചഭൂമിയായി ഏറ്റെടുക്കണമെന്ന് കരുതിയതാണ് പല നിലങ്ങളെന്നും വി എസ് കൂട്ടിച്ചേർത്തു.

അതേസമയം യുഡിഎഫ് മന്ത്രിസഭക്കെതിരെ കടുത്ത ആക്ഷേപങ്ങളാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബർ പിണറായി വിജയൻ ഉന്നയിച്ചത്. ഇനി വരാനിരിക്കുന്നത് എന്താണെന്ന് നല്ല ബോദ്ധ്യമുള്ളതിനാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സർക്കാരും എല്ലാം കൊള്ളയടിക്കുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു. സർക്കാരാകെ കൊള്ളസംഘമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. എല്ലാം വിറ്റുതുലച്ച് കിട്ടാവുന്ന പണമെല്ലാം കൈക്കലാക്കുക, എല്ലാ അധികാര വഴിയിലുടെയും നേടാനുള്ളത് നേടുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ കോടതിക്ക് പോലും ഇടപെടേണ്ട അവസ്ഥയുണ്ടാക്കി. സംസ്ഥാനത്തിന്റെ ഭാവിക്ക് തന്നെ അപകടകരമാകുന്ന നിലപാടാണ് ഉമ്മൻ ചാണ്ടിയും മറ്റ് മന്ത്രിമാരും പോകുന്ന പോക്കിൽ സ്വീകരിക്കുന്നത്. സർക്കാരിന്റെ ഇത്തരം ഇടപാടുകളിൽനിന്ന് ഒഴിഞ്ഞ് നിൽക്കാൻ പല ഉന്നത ഉദ്യോഗസ്ഥരും അവധിയെടുത്ത് ഒളിച്ചു നടക്കുകയാണെന്നാണ് കേൾക്കുന്നതെന്നും പിണറായി പറഞ്ഞു.

കായൽ നികത്താനുള്ള ഉത്തരവുകൾ പിൻവലിച്ച സർക്കാർ നടപടിയിൽ സന്തോഷമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. നേരത്തെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുന്നോടിയായി ചട്ടങ്ങൾക്ക് വിരുദ്ധമായി 425 ഏക്കർ നിലംനികത്താൻ സർക്കാർ സ്വകാര്യ കമ്പനികൾക്ക് അനുമതി കൊടുത്തിരുന്നു. എന്നാൽ 2008ലെ നെൽവയൽതണ്ണീർത്തട സംരക്ഷണ നിയമത്തിന് എതിരാണ് ഈ ഉത്തരവെന്നും, അതിനാൽ സർക്കാർ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക വിമർശനങ്ങളും, പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. തുടർന്ന് കടമക്കുടിയിലും, മെത്രാൻകായലിലും എൽഡിഎഫ് പ്രവർത്തകർ കൊടികുത്തുകയും ചെയ്തിരുന്നു.

മെത്രാൻ കായലിൽ 378 ഏക്കർ നിലം നികത്താനുള്ള സർക്കാർ അനുമതിക്ക് ഇന്നലെ ഹൈക്കോടതി സ്‌റ്റേ നൽകിയിരുന്നു. കായൽ നികത്തി യാതൊരു തരത്തിലുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്നും കേസ് തീർപ്പാക്കുന്നത് വരെ തൽസ്ഥിതി തുടരണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP