Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴഞ്ചേരി യൂണിയൻ ബാങ്കിൽ മരിച്ചവരെ അംഗങ്ങളാക്കി മൈക്രോ ഫിനാൻസ് വായ്പ തട്ടിപ്പ് ; ബാങ്ക് ജീവനക്കാർക്കെതിരെ കേസ്

കോഴഞ്ചേരി യൂണിയൻ ബാങ്കിൽ മരിച്ചവരെ അംഗങ്ങളാക്കി മൈക്രോ ഫിനാൻസ് വായ്പ തട്ടിപ്പ് ; ബാങ്ക് ജീവനക്കാർക്കെതിരെ കേസ്

ചെങ്ങന്നൂർ:മരിച്ചവരെ അംഗങ്ങളാക്കി കോഴഞ്ചേരി യൂനിയൻ ബാങ്കിൽനിന്നും മൈക്രോഫിനാൻസ് വായ്പ അനുവദിച്ചെന്ന പരാതിയിൽ ബാങ്ക് മാനേജർ അടക്കം നാലുപേർക്കെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. യൂനിയൻ ബാങ്ക് കോഴഞ്ചേരി ബ്രാഞ്ച് മാനേജരായിരുന്ന രാധാമണി, ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി അനു സി. സേനൻ, പ്രസിഡന്റ് അഡ്വ. സന്തോഷ്‌കുമാർ, ഓഫിസ് ക്‌ളർക്ക് സുരേന്ദ്രൻ എന്നിവർക്കെതിരെയാണ് കേസ്.

തന്റെ പേരിൽ മരിച്ചവരെ അംഗങ്ങളാക്കി ബാങ്കിൽനിന്നും ആറര ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് എസ്.എൻ.ഡി.പി. യൂനിയൻ വൈസ് പ്രസിഡന്റായിരുന്ന പി.ഡി. ശ്രീനിവാസൻ നൽകിയ പരാതിയിലാണ് കേസ്. മൈക്രോ ഫിനാൻസ് അംഗങ്ങൾക്ക് വായ്പ നൽകാമെന്ന പഴുതുപയോഗിച്ച് മരിച്ചുപോയ നാല് അംഗങ്ങളുൾപ്പെടെ പതിനാലു പേർ ഉൾപ്പെട്ട ഒരു സംഘത്തിനാണ് വായ്പ അനുവദിച്ചത്. കോഴഞ്ചേരി യൂനിയൻ ബാങ്ക് മാനേജർ രാധാമണിയുടെ ഒത്താശയോടെ വ്യാജസംഘം രൂപവത്കരിച്ച് പണം തട്ടിയെന്നാണ് ആക്ഷേപം.

മൈക്രോഫിനാൻസ് സംഘത്തിന് വായ്പ നൽകണമെങ്കിൽ എല്ലാ അംഗങ്ങളുടെയും തിരിച്ചറിയൽ രേഖകളും അംഗങ്ങളുടെ ഗ്രൂപ് ഫോട്ടോയും അപേക്ഷയോടൊപ്പം ചേർക്കണം. എന്നാൽ, ഇവയൊന്നുമില്ലാതെയാണ് വായ്പ നൽകിയത്. ബാങ്കിന് പ്രവൃത്തി ദിനമല്ലാത്ത 2015 മെയ്‌ ഒന്നിന് 605/149 നമ്പരായി അംഗങ്ങളെക്കൊണ്ട് ഒപ്പിട്ടു ചേർത്തിരിക്കുന്ന ബാങ്ക് രജിസ്റ്ററിൽ ചെങ്ങന്നൂർ പാണ്ടനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുരുപ്രസാദം മൈക്രോ ഫിനാൻസ് യൂനിറ്റിനാണ് വായ്പ അനുവദിച്ചത്. ചെങ്ങന്നൂർ എസ്.എൻ.ഡി. പി. യൂനിയൻ വൈസ് പ്രസിഡന്റും ദേവസ്വംബോർഡ് ജീവനക്കാരനുമായ പി.ഡി. ശ്രീനിവാസനാണ് അപേക്ഷകൻ.

എന്നാൽ, താൻ വായ്പക്ക് അപേക്ഷ നൽകിയിട്ടില്‌ളെന്ന് ക്രൈംബ്രാഞ്ചിനു മൊഴി കൊടുക്കുകയും ചെങ്ങന്നൂർ ഡി വൈ.എസ്‌പി ക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. സിപിഐ(എം). തിരുവൻവണ്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും വിദ്യാഭ്യാസ വകുപ്പു ജീവനക്കാരനുമായ മാടാശ്ശേരിൽ തെക്കതിൽ മോഹനനാണ് രണ്ടാമത്തെ അപേക്ഷകൻ. ഇദ്ദേഹവും ബാങ്കിൽ പോകുകയോ ഒപ്പിട്ടു നൽകുകയോ ചെയ്തിട്ടില്ല.

രജിസ്റ്ററിൽ പതിനാലുപേരുടെ വിവരങ്ങൾ എഴുതി ചേർക്കുകയും ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിൽ മൂന്നാം പേരുകാരനായ ശിവദാസൻ, അഞ്ചാം പേരുകാരനായ രവീന്ദ്രൻ, എട്ടാം പേരുകാരനായ തങ്കപ്പൻ, പത്താം പേരുകാരനായ പൊന്നപ്പൻ എന്നിവർ ജീവിച്ചിരിപ്പില്ല. മാനേജരായിരുന്ന രാധാമണിയാണ് ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യൂനിയനിൽ രൂപവത്കരിച്ച മൈക്രോ ഫിനാൻസ് സംഘങ്ങളുടെ കോഓഡിനേറ്റർ.

ഇവർ ഈ സ്വാശ്രയ സംഘങ്ങൾക്ക് ബാങ്കിൽനിന്ന് നാലു കോടിയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യൂനിയൻ ഇത് യഥാസമയം തിരിച്ചടയ്ക്കാതെ കുടിശ്ശിക വരുമ്പോൾ മറ്റൊരു വായ്പ ആരെങ്കിലും എടുത്തതായി വ്യാജരേഖയുണ്ടാക്കി പണം പഴയ ലോൺ കുടിശ്ശികയിലേക്ക് അടക്കുകയാണ് പതിവെന്ന് തട്ടിപ്പിനിരയായവർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP