Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തു പേർക്ക് വിവാഹ സഹായം; അനാഥർക്കും വിരുന്ന്; ഭക്ഷണം കഴിക്കുന്ന മുറയ്ക്ക് മാലിന്യനിർമ്മാർജ്ജനം; 15,000 പേരെ വിരുന്നിന് വിളിച്ച് എംകെ മുനീർ മകന്റെ മിന്നുകെട്ട് നടത്തിയത് ഇങ്ങനെ

പത്തു പേർക്ക് വിവാഹ സഹായം; അനാഥർക്കും വിരുന്ന്; ഭക്ഷണം കഴിക്കുന്ന മുറയ്ക്ക് മാലിന്യനിർമ്മാർജ്ജനം; 15,000 പേരെ വിരുന്നിന് വിളിച്ച് എംകെ മുനീർ മകന്റെ മിന്നുകെട്ട് നടത്തിയത് ഇങ്ങനെ

കോഴിക്കോട്: മകന്റെ വിവാഹത്തിൽ പുതു മാതൃക തീർത്ത് മുൻ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ എംകെ മുനീർ. എം.കെ. മുനീറിന്റെ മകൻ മുഹമ്മദ് മുഫ്‌ലിഹിന്റെ വിവാഹ സൽക്കാരം കോഴിക്കോട്ടെ സ്വപ്ന നഗരിയിലാണ് നടന്നത്. പതിനയ്യായിരത്തോളം പേർ പങ്കെടുത്ത വിവാഹ സൽക്കാരം കഴിഞ്ഞപ്പോൾ ഒരു തരി മാലിന്യം പരിസരത്തുണ്ടായില്ല. സ്വപ്ന നഗരിയിൽ കൂറ്റൻ പന്തൊലൊരുക്കി നടത്തിയ വിവാഹസൽക്കാരത്തിൽ സാധാരണക്കാരും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും നഗരത്തിലെ വിവിധ അനാഥാലയങ്ങളിലെ അന്തേവാസികളും ഉൾപ്പെടെ പതിയ്യായിരത്തോളം പേർ പങ്കെടുത്തു.

മുനീർ എംഎ‍ൽഎയുടെയും നഫീസ വിനീതയുടെയും മകൻ മുഹമ്മദ് മുഫ്‌ലിഹും വയനാട് അഞ്ച്കുന്ന് പരേതനായ പടയൻ കുഞ്ഞമ്മദ് ഹാജിയുടെയും സഫിയ കംബയുടെയും മകൾ ഹഫ്‌സത്ത് അഹമ്മദുമാണ് വിവാഹിതരായത്. വിവാഹച്ചടങ്ങിൽ സാമൂഹിക സാംസ്‌കാരികരാഷ്ട്രീയ മേഖലയിലെ പ്രമുഖർ സംബന്ധിച്ചു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ്‌ െഹെദരലി ശിഹാബ് തങ്ങൾ, മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്ലിംലീഗ് ദേശീയ അധ്യക്ഷൻ ഇ. അഹമ്മദ് എംപി, ദേശീയ ട്രഷറർ പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രിമാരായ ഇ.പി ജയരാജൻ, ഇ.ചന്ദ്രശേഖരൻ, കെ.കെ. െഷെലജ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ, ടി.പി രാമകൃഷ്ണൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എംപിമാരായ പി.വി. അബ്ദുൽ വഹാബ്, എം.ഐ. ഷാനവാസ്, എം.കെ. രാഘവൻ തുടങ്ങിയവർ സംബന്ധിച്ചു.

വിവാഹത്തോടനുബന്ധിച്ചു മുനീറിന്റെ മണ്ഡലമായ സൗത്ത് മണ്ഡലത്തിലെ 10 പേർക്കു വിവാഹധനസഹായം നൽകി. ഇതിലും മുനീർ വേറിട്ട മാതൃകയായി. സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരേയും അനാഥരേയും ഒരു പോലെ കണക്കാക്കിയായിരുന്നു വിവാഹ സൽക്കാരം. അരേയും വേറിട്ട് മാറ്റി നിർത്തിയില്ല. ഇതിനെല്ലാം പുറമേ സ്വപ്‌ന നഗരിയെ മാലിന്യമുക്തമാക്കാൻ പ്രത്യേക പരിപാടിയും. മകന്റെ കല്ല്യാണം മൂലം സ്വപ്‌ന നഗരിയെ മാലിന്യങ്ങൾ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക സംവിധാനം തന്നെ മുൻ മന്ത്രി ഒരുക്കി. അതിനായിരുന്നു കൂടുതൽ കൈയടി.

അതിഥികൾക്കായി സസ്യ, സസ്യേതര ഭക്ഷണവും ഒരുക്കിയിരുന്നു. സൽക്കാരം കഴിഞ്ഞു നിമിഷങ്ങൾ കഴിഞ്ഞ് അവിടെ എത്തിയവർക്കു ഇത്രയും പേർ ഭക്ഷണം കഴിച്ചു പിരിഞ്ഞതിന്റെ ഒരു ലക്ഷണവും കാണാൻ കഴിഞ്ഞില്ല. മാലിന്യ സംസ്‌കരണത്തിനു പ്രത്യേക സംവിധാനം ഒരുക്കിയാണ് ഇതു സാധ്യമാക്കിയത്. അടിവാരം സ്വദേശി ജാബിർ കാരാടിന്റെ നേതൃത്വത്തിലുള്ള ഗ്രീൻ വേംസ് ആണ് ഇത് ഏറ്റെടുത്തത്. കുടുംബശ്രീ അംഗങ്ങളും ശുചിത്വമിഷനും സഹായത്തിനുണ്ടായി. ഭക്ഷണപന്തലിൽ നിന്നുള്ള മാലിന്യത്തിൽ ഭക്ഷണാവശിഷ്ടം, വെള്ളക്കുപ്പി, സ്പൂൺ തുടങ്ങിയവ തൽസമയം വേർതിരിച്ചു.

അവ പിന്നീട് പന്തലിന്റെ പിന്നിലെ ഷെഡിൽ വീണ്ടും വേർതിരിച്ചു പ്രത്യേക ചാക്കുകളാക്കി താമരശേരിയിലെ ജാബിറിന്റെ ഒരേക്കർ സ്ഥലത്തെത്തിച്ചു. സൽക്കാരം അവസാനിച്ചു നിമിഷങ്ങൾക്കകം തന്നെ അവസാന വണ്ടിയും താമരശേരിക്കു യാത്രയായി. താമരശേരിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനഃചക്രമണം ചെയ്യും. ഭക്ഷ്യാവശിഷ്ടങ്ങൾ പന്നി ഫാമുകൾക്കു നൽകും. അതിനു പറ്റാത്തവ കംപോസ്റ്റാക്കി മാറ്റും. മാലിന്യങ്ങൾ കുഴിച്ചു മൂടാതെയാണ് ഈ വിജയം. സൽക്കാരത്തിനു 15,000 സെറാമിക് പ്ലേറ്റുകളും കുപ്പി ഗ്ലാസുകളുമാണ് ഉപയോഗിച്ചത്.

അങ്ങനെ പാവങ്ങളെ സഹായിക്കുന്നതിലും ഏല്ലാവർക്കും ആഹാരം ഒരു പോലെ നൽകുന്നതിലും മുനീർ മാതൃകയായി. സ്വപ്‌ന നഗരിയുടെ പരിശുദ്ധി നിലനിർത്തിയായിരുന്നു ഇതെല്ലാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP