Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കീഴടങ്ങൽ നേതാക്കളും പൊലീസിലെ സിപിഎം ഫ്രാക്ഷനും തമ്മിലെ ഒത്തുകളി; കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്നില്ല; ഷുഹൈബ് വധത്തിൽ പൊലീസിന്റെ വിശ്വാസ്യതപൂർണ്ണമായും തകർന്നെന്ന് എംഎം ഹസൻ

കീഴടങ്ങൽ നേതാക്കളും പൊലീസിലെ സിപിഎം ഫ്രാക്ഷനും തമ്മിലെ ഒത്തുകളി; കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്നില്ല; ഷുഹൈബ് വധത്തിൽ പൊലീസിന്റെ വിശ്വാസ്യതപൂർണ്ണമായും തകർന്നെന്ന് എംഎം ഹസൻ

തിരുവനന്തപുരം: മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് സെക്രട്ടറി ഷുഹൈബിനെ അതിക്രൂരമായി സിപിഎം അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിട്ട് ആറു ദിവസം പിന്നിട്ടിട്ടും യഥാർത്ഥ പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് കെപിസിസി. പ്രസിഡന്റ് എം.എം.ഹസൻ. സിപിഎം നേതാക്കളും പൊലീസിലെ സിപിഎം ഫ്രാക്ഷന്റെ ഭാഗമായ അംഗങ്ങളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് ഇപ്പോഴത്തെ കീഴടങ്ങൽ നാടകമെന്ന് സംശയിക്കേണ്ടിരിക്കുന്നു. പൊലീസിന്റെ റെയ്ഡിനെ കുറിച്ചുള്ള വിവരം ചോർത്തി സഖാക്കൾക്ക് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ യാഥാർത്ഥ പ്രതികൾ അപ്രത്യക്ഷരാകുകയുമാണ്. ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ പൊലീസിന്റെ വിശ്വാസ്യത പൂർണ്ണമായും തകർന്നിരിക്കുന്നു.

ഈ കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാതെ എങ്ങനെയാണ് ഇതിനുപിന്നിലെ യഥാർത്ഥ പ്രതികളെ പിടികൂടുന്നതെന്നും ഹസൻ ചോദിച്ചു. പ്രതികളെ പിടിച്ചു എന്ന് വരുത്തി തീർക്കാനുള്ള നാടകങ്ങളാണ് ഇപ്പോൾ നടക്കുന്നത്. യഥാർത്ഥ പ്രതികളെ പിടികൂടാനും നിഷ്പക്ഷമായ അന്വേഷണം നടത്താനും പൊലീസ് തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം കോൺഗ്രസ് നടത്തുമെന്നും ഹസൻ പറഞ്ഞു.

കേസന്വേഷണം കാര്യക്ഷമവും ഊർജിതവുമായി നടത്തി പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 19 ന് കണ്ണൂർ കളക്റ്റ്രേറ്റിന് മുന്നിൽ കോൺഗ്രസ് നേതാവ് കെ.സുധാകരനും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസും സത്യഗ്രഹ സമരം ആരംഭിക്കും.മാർക്സിസ്റ്റ് പാർട്ടിയുടെ അക്രമ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഫെബ്രുവരി 21 ാം തീയതി സായാഹ്ന ധർണ്ണ നടത്തും.കണ്ണൂർ ജില്ല ഒഴികെ മറ്റു ജില്ലകളിൽ ജില്ലാ ആസ്ഥാനത്ത് ഡി.സി.സികളുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തും.

ഷുഹൈബിന്റെ കുടുംബത്തെ സംരക്ഷിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി കണ്ണൂരിൽ ഫെബ്രുവരി 22 ന് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഷുഹൈബ് കുടുംബ സഹായനിധി സ്വരൂപീക്കാനുള്ള ഫണ്ട് പിരിവിന് തുടക്കം കുറിക്കും. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, വി എം.സുധീരൻ ഉൾപ്പടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ, എംപിമാർ, എംഎ‍ൽഎമാർ, കെപിസിസി. ഭാരവാഹികൾ, ഡി.സി.സി. പ്രസിഡന്റുമാർ തുടങ്ങിയവർ വിവിധ ഇടങ്ങളിലെ ഫണ്ട് പിരിവിന് നേതൃത്വം നൽകും. അന്നേദിവസം വൈകുന്നേരം 4 ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ പ്രതിഷേധ ധർണ്ണയും സംഘടിപ്പിക്കുമെന്നും ഹസൻ അറിയിച്ചു.

ഷുഹൈബിനെ ക്രൂരമായ കൊലപ്പെടുത്തിയിട്ട് ഇത്രയും ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി അപലപിക്കാൻ പോലും തയ്യാറായിട്ടില്ല .അദ്ദേഹത്തിന്റെ മൗനം സിപിഎമ്മിന് ഇതിൽ പങ്കുണ്ടെന്ന കുറ്റസമ്മതം കൂടിയാണ്. സിനിമാ ഗാനങ്ങളുടെ പേരിലെ വിവാദങ്ങളിൽ പോലും പ്രതികരിക്കുന്ന മുഖ്യമന്ത്രി, സ്വന്തം നാട്ടിൽ ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും ഒരക്ഷരം പോലും പ്രതികരിക്കാതെ ഇരിക്കുന്നതിലൂടെ ശിലാഹൃദയനാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും ഹസൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP