Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിഷേധച്ചൂടു കുറയ്ക്കാൻ മന്ത്രി മണിക്കു പരസ്യശാസന നല്കുമെന്നു സി.പി.എം; നടപടികൊണ്ടു കാര്യമില്ലെന്നും മണി രാജിവയ്ക്കാതെ നിരാഹാര സമരം നിർത്തില്ലെന്നും പെമ്പിളൈ ഒരുമ; മണിയെയും പിണറായിയെയും വിമർശിച്ച് സിപിഐ എക്‌സിക്യൂട്ടീവ്; പെമ്പിളൈ ഒരുമൈ സമരം യുഡിഎഫ് ഏറ്റെടുത്തുവെന്നു പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടിയും

പ്രതിഷേധച്ചൂടു കുറയ്ക്കാൻ മന്ത്രി മണിക്കു പരസ്യശാസന നല്കുമെന്നു സി.പി.എം; നടപടികൊണ്ടു കാര്യമില്ലെന്നും മണി രാജിവയ്ക്കാതെ നിരാഹാര സമരം നിർത്തില്ലെന്നും പെമ്പിളൈ ഒരുമ; മണിയെയും പിണറായിയെയും വിമർശിച്ച് സിപിഐ എക്‌സിക്യൂട്ടീവ്; പെമ്പിളൈ ഒരുമൈ സമരം യുഡിഎഫ് ഏറ്റെടുത്തുവെന്നു പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടിയും

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ വിഷയത്തിൽ വിവദ പരാമർശങ്ങൾ നടത്തിയ വൈദ്യുതിമന്ത്രിയും മുൻ ഇടുക്കി ജില്ലാ സെക്രട്ടറിയുമായ എം.എം. മണിക്ക് പരസ്യശാസന നല്കാൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം. തുടർച്ചയായ വിവാദ പരാമർശങ്ങൾ കണക്കിലെടുത്താണ് ശിക്ഷാ നടപടി നല്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്. മണി പാർട്ടി നടപടി നേരിടുന്നത് ഇത് രണ്ടാം തവണയാണ്. പാർട്ടിക്കും സർക്കാരിനും അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ നിരന്തരം നടത്തുന്ന സാഹചര്യത്തിൽ കരുതലും ജാഗ്രതയും വേണമെന്ന ഓർമ്മപ്പെടുത്തലെന്ന നിലയിലാണ് പരസ്യ ശാസന നൽകുന്നത്.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടായിരുന്നു മണിയുടെ വിവാദപരാമർശങ്ങൾ. കയ്യേറ്റം ഒഴിപ്പിക്കാൻ നേതൃത്വം നല്കിയ ദേവികുളം സബ് കളക്ടർ ശ്രീറാമിനെ ഊളമ്പാറയ്ക്കു വിടണമെന്നതായിരുന്നു ഇതിലൊന്ന്. സ്പിരിറ്റ് ഇൻ ജീസസ് എന്ന വിവാദ ആത്മീയ സംഘടന പാപ്പാത്തിച്ചോലയിൽ സ്ഥലം കയ്യേറി സ്ഥാപിച്ച ഭീമൻ കുരിശ് റവന്യൂ അധികൃതർ പൊളിച്ചു മാറ്റിയതിനു പിന്നാലെയായിരുന്നു ഇത്.

ഇതിനൊപ്പം മൂന്നാറിലെ പെമ്പിളൈ ഒരുമൈയ്‌ക്കെതിരായ അശ്ലീല പരാമർശവും മണിക്കു വിനയായി. മണിയുടെ വാക്കുകൾ ഗ്രാീണ ഭാഷയാണെന്നു വാദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിക്കാൻ ശ്രമിച്ചുവെങ്കിലും വിവാദം കെട്ടടങ്ങുന്നില്ല. നിയമസഭയിൽ പ്രതിക്ഷം വിഷയം ശക്തമായി ഉയർത്തി. സോഷ്യൽ മീഡിയയിലും വൻ പ്രതിഷേധമാണ് മണിക്കെതിരേ ഉയർന്നത്. ഈ സാഹചര്യത്തിലാണ് മണിക്ക് പരസ്യശാസന നല്കി പ്രതിഷേധച്ചൂടു കുറയ്ക്കാനുള്ള സി.പി.എം നേതൃത്വത്തിന്റെ നീക്കം.

കുഞ്ചിത്തണി ഇരുപതേക്കറിൽ ഭാര്യാസഹോദരൻ കെ.എൻ. തങ്കപ്പന്റെ രക്തസാക്ഷിത്വ ദിനാചരണ യോഗത്തിൽ മന്ത്രി മണി നടത്തിയ പ്രസംഗമാണ് ഞായറാഴ്ച രാഷ്ട്രീയകേരളത്തെ ചൂടുപിടിപ്പിച്ചത്. മാധ്യമപ്രവർത്തകരെ നിശിതമായഭാഷയിൽ വിമർശിച്ചു തുടങ്ങിയ പ്രസംഗത്തിൽ പെമ്പിളൈ ഒരുമയുടെ സമരത്തെ അശ്ലീലച്ചുവയോടെ പരാമർശിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. വൻ പ്രതിഷേധം ഉയർന്നതോടെ തൊടുപുഴ വഴിത്തലയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി പരസ്യമായി ഖേദം പ്രകടിപ്പിച്ചു. മുൻ മൂന്നാർ ദൗത്യസംഘത്തലവൻ കെ. സുരേഷ്‌കുമാറിനോടൊപ്പം മദ്യപാനവും 'സകലപണീമുണ്ടായിരുന്നു' എന്നാണ് മാധ്യമപ്രവർത്തകരെ മണി ആക്ഷേപിച്ചത്. ഇപ്പോൾ ദേവികുളം സബ് കളക്ടറോടൊപ്പമാണ് വൈകുന്നേരമെന്നും മണി പറഞ്ഞു.

അതേസമയം സി.പി.എം സംസ്ഥാന സമിതിയുടെ പരസ്യശാസന നല്കാനുള്ള തീരുമാനം മാത്രം മതിയാകില്ലെന്ന് പെമ്പിളൈ ഒരുമൈ വ്യക്തമാക്കി. മണി രാജിവയ്ക്കുംവരെ സമരം തുടരുമെന്നാണ് സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനം വന്നശേഷവും അവർ വ്യക്തമാക്കിയത്.

അതേസമയം മന്ത്രി മണി മാപ്പു പറയണമെന്നാണ് പെമ്പിളൈ ഒരുമയുടെ ആവശ്യം. ഇതിനായി അവർ നിരാഹര സമരം തുടരുകയാണ്. മണി നേരിട്ടെത്തി മാപ്പു പറയാതെ നിരാഹാരം അവസാനിക്കില്ലെന്നാണ് പെമ്പിളൈ ഒരുമൈ വ്യക്തമാക്കിയിരിക്കുന്നത്. പെമ്പിളൈ ഒരുമയുടെ സമരം പ്രതിപക്ഷം ഏറ്റെടുക്കുകയാണ്. ഇതിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മൂന്നാറിലെ സമരവേദി സന്ദർശിച്ചു പിന്തുണ പ്രഖ്യാപിച്ചു.

സമരം യുഡിഎഫ് ഏറ്റെടുക്കുന്നതായും മന്ത്രി എംഎം മണിക്കെതിരെ ശക്തമായ സമരപരിപാടികളുമായി കോൺഗ്രസ് മുന്നോട്ടുപോകുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. അതേസമയം കെപിസിസി വൈസ് പ്രസിഡന്റ് എ.കെ. മണി ഉമ്മൻ ചാണ്ടിയുടെ സന്ദർശനത്തിനെതിരേ രംഗത്തുവന്നിരുന്നു. എന്നാൽ കോൺഗ്രസ് നേതാവ് മണി പറഞ്ഞത് കാര്യമാക്കേണ്ടെന്നും അത് തൊഴിലാളി സംഘടനയുടെ അഭിപ്രായം മാത്രമാണെന്നും കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയുടെ സന്ദർശനം സംബന്ധിച്ച് യാതൊരു ഭിന്നതയുമില്ലെന്നും ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും പ്രതികരിച്ചു.

ഇതിനിടെ ഇന്നു ചേർന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും മന്ത്രി മണിയെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ചു. മൂന്നാറിൽ ഇടതുമുന്നണി നയമാണു നടപ്പാക്കേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു. ഏതെങ്കിലും ഒരു പാർട്ടിയുടെ നയം അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സിപിഐ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP