Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അദ്ധ്യാപകദിനത്തിൽ മോദിയുടെ പ്രസംഗം സ്‌കൂളുകളിൽ കാണിക്കാൻ നിർദ്ദേശം; ടിവിയില്ലാത്ത സ്‌കൂളുകൾ വാടകയ്‌ക്കെടുക്കണമെന്നും ഉത്തരവ്; വൈദ്യുതിയില്ലെങ്കിൽ ജനറേറ്ററുമാകാം

അദ്ധ്യാപകദിനത്തിൽ മോദിയുടെ പ്രസംഗം സ്‌കൂളുകളിൽ കാണിക്കാൻ നിർദ്ദേശം; ടിവിയില്ലാത്ത സ്‌കൂളുകൾ വാടകയ്‌ക്കെടുക്കണമെന്നും ഉത്തരവ്; വൈദ്യുതിയില്ലെങ്കിൽ ജനറേറ്ററുമാകാം

തിരുവനന്തപുരം: വരുന്ന അദ്ധ്യാപകദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം സ്‌കൂളുകളിൽ കാണിക്കാൻ നിർദ്ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സെപ്റ്റംബർ അഞ്ചിനാണ് പ്രസംഗം പ്രദർശിപ്പിക്കാൻ നിർദ്ദേശം.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 4.45 വരെയാണ് പ്രസംഗം. ഇത് തത്സമയം കാണിക്കാനാണ് നിർദ്ദേശം. കേന്ദ്രത്തിൽ നിന്ന് ഇതു സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. രാജ്യത്തെ എല്ലാ സ്‌കൂളിലും പ്രധാനമന്ത്രിയുടെ സന്ദേശമെത്തിക്കാൻ നടപടിയെടുക്കണമെന്ന നിർദ്ദേശം കേന്ദ്ര മാനവശേഷിവകുപ്പു സെക്രട്ടറി രാജശ്രീ ഭട്ടാചാര്യ സംസ്ഥാനങ്ങൾക്കു നൽകിയിരുന്നു. വലിയ സ്‌ക്രീനിൽ പ്രധാനമന്ത്രിയെ കാണാനും സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പ്രധാനമന്ത്രിയുടെ ശബ്ദം കേൾക്കാനും കഴിയുന്ന സംവിധാനമൊരുക്കാനാണ് നിർദ്ദേശം. കന്യാകുമാരി മുതൽ കശ്മീർ വരെ എല്ലാപ്രദേശങ്ങളിലും പ്രധാനമന്ത്രിയുടെ സന്ദേശമെത്തിക്കാനുള്ള തീവ്രശ്രമത്തിലാണു കേന്ദ്രസർക്കാർ. ഇതിനായി സംസ്ഥാനങ്ങൾ സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

ടെലിവിഷൻ ഇല്ലാത്ത സ്‌കൂളുകളിൽ ടിവികൾ വാടകയ്ക്ക് എടുത്ത് പ്രസംഗം കാണിക്കാനാണ് നിർദ്ദേശം. വൈദ്യുതി ഇല്ലെങ്കിൽ ജനറേറ്റർ തയ്യാറാക്കി വയ്ക്കണമെന്നും നിർദേശമുണ്ട്. വെള്ളിയാഴ്ച അവധി ദിവസമാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പ്രസംഗം കാണിക്കണമെന്നും ഉത്തരവിലുണ്ട്.

രാജ്യത്തെ മുഴുവൻ ടെലിവിഷൻ ചാനലുകളും എഫ്എം സ്റ്റേഷനുകളും റേഡിയോ പ്രക്ഷേപണ കേന്ദ്രങ്ങളും പ്രസംഗം സംപ്രേഷണംചെയ്യണമെന്നാണ് നിർദ്ദേശം. മാനവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്രസംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ വകുപ്പുകളോടും ഇന്റർനെറ്റ് വഴി പ്രസംഗം കാണിക്കാൻ നിർദ്ദേശം നൽകി. 

ഡൽഹി കന്റോൺമെന്റ് പ്രദേശത്തെ മനേക് ഷാ സെന്ററിൽ വിദ്യാർത്ഥികളെ കാണാനും മോദിക്ക് പദ്ധതിയുണ്ട്. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ മോദി കാണും. ദണ്ഡെവാഡ, തിരുനെൽവേലി, ഭുജ്, സിൽചാർ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് വീഡിയോ കോൺഫറൻസ് വഴി മോദിയോട് സംവദിക്കാനും അവസരമുണ്ട്.

അദ്ധ്യാപകദിനത്തിൽ മുമ്പെങ്ങും പ്രധാനമന്ത്രിമാർ ഇടപെട്ടിട്ടില്ലാത്ത തരത്തിലാണ് നരേന്ദ്ര മോദിയുടെ ഇടപെടൽ. ഇക്കുറി അദ്ധ്യാപകദിനം ആഘോഷമാക്കാൻ തന്നെയാണ് മോദി ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും വീഡിയോ കോൺഫറൻസിൽ മോദിയുമായി സംവദിക്കുമെന്നും നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ആദ്യമായാണു ഒരു ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെ സ്‌കൂൾ വിദ്യാർത്ഥികളോടെല്ലാം സംസാരിക്കാൻ അവസരമൊരുക്കുന്നത്. 28 കോടിയോളം സ്‌കൂൾ വിദ്യാർത്ഥികളാണ് ഇന്ത്യയിലുള്ളത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP