Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കുലറിന് പുല്ലുവില; പാലക്കാട്ടെ സ്‌കൂളിൽ പതാക ഉയർത്തി ആർ എസ് എസ് മേധാവി; അവസാനവരിയിലെ അവസാനത്തെയാൾക്കും അധികാരം ലഭിക്കുമ്പോഴെ നമ്മുടെ ജനാധിപത്യം അതിന്റെ സങ്കൽപ്പങ്ങളെ സാക്ഷാത്കരിക്കൂവെന്നും മോഹൻ ഭാഗവത്

സർക്കുലറിന് പുല്ലുവില; പാലക്കാട്ടെ സ്‌കൂളിൽ പതാക ഉയർത്തി ആർ എസ് എസ് മേധാവി; അവസാനവരിയിലെ അവസാനത്തെയാൾക്കും അധികാരം ലഭിക്കുമ്പോഴെ നമ്മുടെ ജനാധിപത്യം അതിന്റെ സങ്കൽപ്പങ്ങളെ സാക്ഷാത്കരിക്കൂവെന്നും മോഹൻ ഭാഗവത്

പാലക്കാട്: റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ സ്ഥാപന മേധാവികൾ മാത്രമേ പതാക ഉയർത്താൻ പാടുള്ളൂവെന്ന പൊതുഭരണ സെക്രട്ടറിയുടെ സർക്കുലർ നിലനിൽക്കെ പാലക്കാട് സ്‌കൂളിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പതാക ഉയർത്തി. കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലാണ് മോഹൻ ഭാഗവത് പതാക ഉയർത്തിയത്. രാവിലെ 9 മണിയോടെയാണ് കനത്ത സുരക്ഷയിൽ മോഹൻ ഭാഗവത് പതാക ഉയർത്തിയത്.

അവസാനവരിയിലെ അവസാനത്തെയാൾക്കും അധികാരം ലഭിക്കുമ്പോഴെ നമ്മുടെ ജനാധിപത്യം അതിന്റെ സങ്കൽപ്പങ്ങളെ സാക്ഷാത്കരിക്കൂവെന്ന് മോഹൻ ഭാഗവത് പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം രൂപംകൊണ്ട ഭരണഘടന ഭാരതത്തിലെ സമസ്ത ജനവിഭാഗങ്ങളെയും ഒരുമിപ്പിക്കുന്നശക്തിയാണ്. സമ്പൂർണ്ണലോകത്തെയും ഏകാത്മഭാവത്തോടെ കാണാൻ കഴിയുന്ന ഭാരതത്തിന്റെ സംസ്‌കാരമാണ് അതിന്റെ കാതൽ. നമ്മുടെ രാഷ്ട്രജീവിതത്തിന്റെ ആധാരം ത്യാഗമാണെന്നും മോഹൻഭാഗവത് പറഞ്ഞു.

രാഷ്ട്രവൈഭവത്തിന് ജനതയുടെ സമർപ്പണം ആവശ്യമാണ്. ഭരണഘടനക്കും രാജ്യതാത്പര്യത്തിനും അനുഗുണമായിരിക്കണം വ്യക്തിപരമായജീവിതം. മൗലിക അവകാശങ്ങൾ പോലെതന്നെ പ്രധാനമാണ് മൗലിക കടമകളും. ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങൾ പാലിക്കപ്പെടാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സർസംഘചാലക് ദേശീയപതാക ഉയർത്തുന്നത് തടയാൻ സംസ്ഥാന സർക്കാർ തിരക്കിട്ട് കഴിഞ്ഞ ദിവസം സർക്കുലർ പുറത്തിറക്കിയിരുന്നെങ്കിലും മറ്റ് നടപടികളൊന്നുമുണ്ടായില്ല. തഹസീൽദാരും വൻപൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നുവെങ്കിലും കാഴ്ചക്കാരായി നിന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ഥാപനമേധാവികളാണ് പതാക ഉയർത്തേണ്ടതെന്ന് നിർദ്ദേശിച്ച് പൊതുഭരണ സെക്രട്ടറി കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. അതേസമയം വ്യാസവിദ്യാപീഠം സ്‌കൂൾ സിബിഎസ്ഇ സ്‌കൂൾ ആയതിനാൽ സംസ്ഥാന നിർദ്ദേശം ബാധകമല്ലെന്നാണ് ആർഎസ്എസ് വിശദീകരണം. റിപ്പബ്ലിക് ദിനത്തിലെ പതാക ഉയർത്തൽ ചടങ്ങിൽ മോഹൻ ഭാഗവതിനൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ആർഎസ്എസ് സംസ്ഥാന നേതാക്കൾ, ബിജെപി സംഘടനാ സെക്രട്ടറിമാർ തുടങ്ങി നിരവധി സംഘടനാ നേതാക്കളും പങ്കെടുത്തു.

സർക്കാർ സ്ഥാപനങ്ങളിലും സ്‌കൂളുകളിലുമെല്ലാം റിപബ്ലിക് ദിനത്തിൽ പതാക ഉയർത്തുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങളാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. സർക്കാർ,എയ്ഡഡ് സ്‌കൂളുകളിൽ സ്‌കൂൾ മേധാവികൾ മാത്രമേ പതാക ഉയർത്താൻ പാടുള്ളു. പതാക ഉയർത്തുന്ന സമയത്ത് നിർബന്ധമായും ദേശീയഗാനാലാപനം ഉണ്ടായിരിക്കണമെന്നും സർക്കുലറിലുണ്ട്. ഭാഗവത് ഇന്ന് പതാക ഉയർത്തിയത് സിബിഎസ്ഇ സ്‌കൂളിലാണ്.

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പാലക്കാട് കർണകി അമ്മൻ സ്‌കൂളിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പതാക ഉയർത്തിയത് വലിയ വിവാദമായിരുന്നു. അന്ന് ദേശീയഗാനമല്ല വന്ദേമാതരമായിരുന്നു അവിടെ ആലപിച്ചത്. ഇതിന് ശേഷമായിരുന്നു ദേശീയഗാനം ആലപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP