തലസ്ഥാനത്ത് നടൻ മോഹൻലാലും സിനിമ മന്ത്രി എ കെ ബാലനും കൂടിക്കാഴ്ച നടത്തുന്നു; അമ്മ ജനറൽ ബോഡിയിലെ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച
July 11, 2018 | 10:15 PM IST | Permalink

സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമ്മ പ്രസിഡന്റ് മോഹൻലാൽ സിനിമ മന്ത്രി എകെ ബാലനുമായി കൂടിക്കാഴ്ച നടത്തുന്നു. തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടത്തുന്നത്. അമ്മ ജനറൽ ബോഡിയിൽ ഉണ്ടായ പൊട്ടിത്തെറിയുടെയും വിവാദങ്ങളുടേയും പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നാണ് വിവരം.
മോഹൻലാൽ കൂടിക്കാഴ്ചയിൽ സംസാരിച്ചത് സിനിമ സാംസ്‌കാരിക മേഖലയിലെ കാര്യങ്ങളാണ് സംസാരിച്ചത്. ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടാകില്ലെന്നും അമ്മയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് എല്ലാവരേയും ഒരുമിച്ച് കൊണ്ട് പോകാനാണ് തീരുമാനമെന്നും അതിന്റെ ഭാഗമായി യോഗം വിളിക്കാൻ തയ്യാറെടുക്കുകയാണെന്നും മോഹൻലാൽ പറഞ്ഞതായി ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത നിന്നുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും അമ്മയിൽ ഈ അടുത്ത് ഉണ്ടായവിഷയങ്ങളെ സംബന്ധിച്ച് പാർട്ടിക്കും സർക്കാരിനും പറയാനുള്ള കാര്യങ്ങൾ നേരത്തെ തന്നെ പറഞ്ഞതാണെന്നും ബാലൻ കൂട്ടിച്ചേർത്തു.
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതിന്റെ പശ്ചാത്തലത്തിൽ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാർ രാജിവച്ചത് വൻ വിവാദമായിരുന്നു. കൂടാതെ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മോഹൻലാൽ നടത്തിയ വാർത്താസമ്മേളനവും കടുത്ത വിമർശനങ്ങളാണ് നേരിട്ടത്. ഇതുൾപ്പടെ ചർച്ചയായി എന്നാണ് വിവരം. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള പിന്തുണ ഉറപ്പാക്കുന്നതിനും സംഘടനയുടെ പുതിയ ഭാരവാഹി എന്ന നിലയ്ക്കുമാണ് മന്ത്രിയെ മോഹൻലാൽ നേരിൽ കണ്ടത്.
