Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

നിരാഹാരമിരിക്കുന്ന സ്ത്രീകൾ കുഴഞ്ഞു വീണു; എവിടെ വരെ പോകുമെന്ന് കാണാൻ യൂണിയൻ നേതാക്കൾ; ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് പ്രഖ്യാപിച്ച് തോട്ടം ഉടമകൾ; പെൺപിളൈ ഒരുമൈ കലാപവുമായി തെരുവിൽ ഇറങ്ങുമോ എന്ന ആശങ്ക ശക്തം

നിരാഹാരമിരിക്കുന്ന സ്ത്രീകൾ കുഴഞ്ഞു വീണു; എവിടെ വരെ പോകുമെന്ന് കാണാൻ യൂണിയൻ നേതാക്കൾ; ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് പ്രഖ്യാപിച്ച് തോട്ടം ഉടമകൾ; പെൺപിളൈ ഒരുമൈ കലാപവുമായി തെരുവിൽ ഇറങ്ങുമോ എന്ന ആശങ്ക ശക്തം

മൂന്നാർ: തോട്ടം തൊഴിലാളികളുടെ വേതന വർധനക്കാര്യത്തിൽ തീരുമാനമുണ്ടാകാത്തതിനെ തുടർന്ന് മൂന്നാറിലെ തൊഴിലാളി സമരം പൊട്ടിത്തെറിയിലേക്ക്. ചർച്ച പരാജയമെന്ന വാർത്തയെ സമരക്കാർ വൈകാരികമായാണു നേരിട്ടത്. പെൺപിളൈ ഒരുമൈയുടെ സമരപ്പന്തലിൽ നിരാഹാരമിരുന്ന ഏഴു തൊഴിലാളികൾ കുഴഞ്ഞുവീണതോടെ സ്ഥിതി രൂക്ഷമായി. ഇവിടെ നിരാഹാരമിരുന്ന 14 പേരെ വൈദ്യപരിശോധനയ്ക്കു ശേഷം ആശുപത്രികളിലേക്കു മാറ്റി. തുടർന്ന് പുതുതായി 10 പേർ നിരാഹാരസമരം തുടങ്ങി. ഇന്നുമുതൽ സമരം ശക്തമാക്കാനാണ് തീരുമാനം. ദേശീയ പാത ഉപരോധവും പരിഗണനയിലുണ്ട്.

വേതന വർധന ആവശ്യപ്പെട്ട് ദിവസങ്ങളായി പെൺപിളൈ ഒരുമൈയുടെയും സംയുക്ത ട്രേഡ് യൂണിയന്റെയും പ്രവർത്തകർ മൂന്നാറിൽ നിരാഹാരസമരത്തിലാണ്. ട്രേഡ് യൂണിയന്റെ സമരപ്പന്തലിൽ ആറു തൊഴിലാളികളാണ് നിരാഹാരസമരം നടത്തുന്നത്. ഇന്നലെ തിരുവനന്തപുരത്ത് പി.എൽ.സി ചർച്ച നടക്കുന്നതിനാൽ തൊഴിലാളികൾ ഏറെ പ്രതീക്ഷയിലായിരുന്നു. വൈകിട്ട് ചർച്ച അലസിപ്പിരിഞ്ഞ വാർത്ത കേട്ടതോടെ സമരവേദികൾ പ്രക്ഷുബ്ധമായി. പെൺപിളൈ ഒരുമൈയ്ക്കായി നിരാഹാരം അനുഷ്ഠിച്ചിരുന്ന രേവതി, രഞ്ജിത, ഉമാദേവി, സെൽവി എന്നിവർ കുഴഞ്ഞുവീണത്. സ്ഥലത്തെത്തിയ മെഡിക്കൽ സംഘം ഉടൻ ഇവരെ ആശുപത്രികളിലേക്കു മാറ്റി.

ഇവരോടൊപ്പം നിരാഹാരമിരുന്ന മറ്റുള്ളവരുടെ ശരീരത്തിൽ ജലാംശം കുറവാണെന്നു കണ്ടതോടെ ഇവരെയും ആശുപത്രിയിലേക്കു മാറ്റി. സമരം ഇന്നും കൂടുതൽ ശക്തമാകാനാണ് സാധ്യത. ബോണസ് വർധന ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ സമരത്തിൽ ദിവസങ്ങളോളം മൂന്നാർ സ്തംഭിച്ചിരുന്നു. സമരം തുടർന്നാൽ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. തൊഴിലാളികളിൽ ചിലർ ആത്മഹത്യാഭീഷണിയുമായും രംഗത്തുണ്ട്. ഇതോടെ മൂന്നാർ വീണ്ടും സംഘർഷത്തിലേക്ക് കടക്കുകയാണ്. പെൺപിളൈ ഒരുമൈയുടെ നീക്കങ്ങൾക്ക അനുസരിച്ച് ഐക്യ ട്രേഡ് യൂണിയനും സമരം ശക്തമാക്കും.

നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും ചർച്ച നടക്കുന്നുണ്ട്. അതുവരെ സമാധാനം നിലനിർത്താനാണ് സർക്കാർ ശ്രമം. അഞ്ഞൂറ് രൂപ മിനിമം കൂലി എന്ന തോട്ടം തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് പ്ലാന്റേഷൻ ലേബർ കമ്മിറ്റിയുടെ ഇന്നലത്തെ യോഗവും അലസിപ്പിരിഞ്ഞു. യോഗം ഏഴ് മണിക്കൂർ നീണ്ടു. രാവിലെ 10ന് മന്ത്രിമാരായ ആര്യാടൻ മുഹമ്മദിന്റെയും ഷിബു ബേബിജോണിന്റെയും നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ആരംഭിച്ച ചർച്ചയിൽ വൈകിട്ട് ആറരയോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ടെത്തിയിട്ടും ധാരണയുണ്ടായില്ല. ചർച്ചയിൽ പുരോഗതിയുണ്ടെന്നും നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വീണ്ടും ചർച്ച നടത്തി തീരുമാനത്തിലെത്തുമെന്നും മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. എന്നാൽ, ചർച്ചയിൽ ഒരു പുരോഗതിയുമില്ലെന്നും സമരം തുടരുമെന്നും തൊഴിലാളി സംഘടനാ നേതാക്കൾ വ്യക്തമാക്കി. അതിനിടെ പെൺപിളൈ ഒരുമൈയുമായി മുഖ്യമന്ത്രി ഉണ്ടാക്കിയ ധാരണയാണ് ചർച്ച പൊളിക്കാൻ കാരണമെന്നും സൂചനയുണ്ട്. തങ്ങളെ അവഗണിക്കുന്ന അവസ്ഥ ഒഴിവാക്കാൻ 500 രൂപ മിനിമം കൂലിയെന്ന ആവശ്യത്തിൽ യൂണിയൻ നേതാക്കൾ ഉറച്ചു നിന്നു.

മിനിമം കൂലിയിൽ വെറും 25 രൂപ വർദ്ധിപ്പിക്കാമെന്ന് തോട്ടമുടമകൾ യോഗത്തിൽ പറഞ്ഞു. അതിന് ആനുപാതികമായി ഇൻസെന്റീവ് അടക്കം നൽകും. എന്നാൽ കുറഞ്ഞത് 21കിലോ തേയില നുള്ളുന്നത് 31 കിലോ ആയി ഉയർത്തണം. അതിനനുസരിച്ചാവും ഇൻസെന്റീവിന്റെ അനുപാതം നിശ്ചയിക്കുക. 21കിലോ ആണ് മിനിമമെങ്കിലും തൊഴിലാളികൾ ഇപ്പോൾ തന്നെ 45 കിലോ വരെ നുള്ളി ഇൻസെന്റീവ് നേടുന്നുണ്ട്. ഇത്തരത്തിൽ നിരക്ക് പുതുക്കിയാൽ അടിസ്ഥാനശമ്പളവും ആനുകൂല്യവുമെല്ലാം ചേർത്ത് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന 344 രൂപ 395 രൂപയായി ഉയരുമെന്നാണ് ഉടമകളുടെ വാദം. അതേസമയം, നുള്ളുന്ന തേയിലയുടെ കുറഞ്ഞ തോത് 31 കിലോ ആക്കിയാൽ ഇപ്പോൾ 45 കിലോ തേയില നുള്ളിയാൽ കിട്ടുന്ന ഇൻസെന്റീവ് കിട്ടില്ലെന്നാണ് സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഈ വഞ്ചനയ്ക്ക് നിന്നുകൊടുക്കാനാവില്ലെന്ന് അവർ പറയുന്നു. കാലാകാലങ്ങളായി പ്ലാന്റേഷൻ ലേബർ കമ്മിറ്റി പിന്തുടരുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായ സമീപനമുണ്ടായിട്ടുണ്ടെന്ന് മന്ത്രി ഷിബു പറഞ്ഞു. പ്ലാന്റേഷൻ സ്റ്റഡി കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളിലടക്കം തീരുമാനം നാളെയുണ്ടാകും. ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതിയുടെ റിപ്പോർട്ടും നാളെ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും.

അതിനിടെ നാളത്തെ യോഗത്തിൽ തീരുമാനമായില്ലെങ്കിൽ സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിക്കുമെന്നാണ് പെൺപിളൈ ഒരുമ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP