Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തെരഞ്ഞെടുപ്പു മുന്നിൽ കണ്ടു പിഎൽസി യോഗത്തിൽ ധാരണയാക്കിയ വർധിപ്പിച്ച കൂലിയും ബോണസും നൽകാൻ തോട്ടമുടമകൾ തയ്യാറായില്ല; സമരം സെക്രട്ടറിയറ്റിനു മുന്നിലേക്കു വ്യാപിപ്പിക്കാൻ പെമ്പിള ഒരുമൈ തീരുമാനം

തെരഞ്ഞെടുപ്പു മുന്നിൽ കണ്ടു പിഎൽസി യോഗത്തിൽ ധാരണയാക്കിയ വർധിപ്പിച്ച കൂലിയും ബോണസും നൽകാൻ തോട്ടമുടമകൾ തയ്യാറായില്ല; സമരം സെക്രട്ടറിയറ്റിനു മുന്നിലേക്കു വ്യാപിപ്പിക്കാൻ പെമ്പിള ഒരുമൈ തീരുമാനം

ഇടുക്കി: തെരഞ്ഞെടുപ്പു മുന്നിൽ കണ്ടു പിഎൽസി യോഗത്തിൽ ധാരണയാക്കിയ വർധിപ്പിച്ച കൂലിയും ബോണസും നൽകാൻ തോട്ടമുടമകൾ തയ്യാറായില്ല. തോട്ടം തൊഴിലാളികളുടെ വർധിപ്പിച്ച കൂലിയും ബോണസും നൽകില്ലെന്നു തോട്ടം ഉടമകൾ അറിയിച്ചതോടെ സമരം സെക്രട്ടറിയറ്റിനു മുന്നിലേക്കു വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പെമ്പിള ഒരുമൈ പ്രവർത്തകർ.

പിഎൽസി നിർദ്ദേശങ്ങൾ അംഗീകരിച്ചതു തെരഞ്ഞെടുപ്പിൽ സർക്കാറിനെ സഹായിക്കാനായിരുന്നെന്നു തോട്ടം ഉടമകൾ പറഞ്ഞു. സർക്കാർ ഉറപ്പു നൽകിയ സഹായം ലഭിച്ചില്ലെന്നും തോട്ടം ഉടമകൾ പറയുന്നു.
തൊഴിലാളികളുടെ കൂലി വർധന സംബന്ധിച്ചു തോട്ടം ഉടമകളും തൊഴിലാളികളും സർക്കാരുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണു മൂന്നാർ സമരം ഒത്തുതീർപ്പായത്.

എന്നാൽ അന്നുണ്ടാക്കിയ ധാരണ പ്രകാരമുള്ള കൂലിയും ബോണസും നൽകാനാവില്ലെന്നാണ് ഇപ്പോൾ തോട്ടം ഉടമകളുടെ അഭിപ്രായം. കൂലി വർധനവോടെ തേയിലയുടെ ഉത്പാദന ചെലവു വർധിച്ചെന്നു തോട്ടം ഉടമകൾ പറയുന്നു. ഉത്പാദന ചെലവ് കിലോയ്ക്ക് 140 രൂപയ്ക്കു മുകളിലെത്തി. 85 രൂപ മാത്രമാണു ലേലത്തിൽ ലഭിക്കുന്നത്. കൂലി വർധനയയും 20 ശതമാനം ബോണസ് എന്ന നിർദ്ദേശവും നടപ്പാക്കാനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി തോട്ടം ഉടമകളുടെ സംഘടന ലേബർ കമ്മിഷണർക്കു കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, തീരുമാനം ഉടൻ നടപ്പാക്കിയില്ലെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുമെന്നു പെമ്പിളൈ ഒരുമൈ അറിയിച്ചു. കഴിഞ്ഞ പിഎൽസി യോഗത്തിൽ കൂലി വർധന അംഗീകരിച്ചത് സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് തോട്ടം ഉടമകളുടെ സംഘടനയായ പ്ലാന്റേഷൻ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. തോട്ടം തൊഴിലാളികളുടെ കൂലി വർധന അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് കാലമായതിനാൽ സഹകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് കൂലി വർധിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തതെന്നും തോട്ടം ഉടമകൾ വ്യക്തമാക്കി. തോട്ടം തൊഴിലാളികൾക്കുള്ള 20 ശതമാനം ബോണസും അംഗീകരിക്കാൻ സാധിക്കില്ലെന്ന് തോട്ടം ഉടമകൾ പറഞ്ഞു. ഇത് സംബന്ധിച്ച് പ്ലാന്റേഷൻ അസോസിയേഷൻ ലേബർ കമ്മീഷണർക്ക് കത്ത് അയച്ചു.

തേയില, റബ്ബർ എന്നിവയ്ക്ക് വില കൂട്ടാതെ കൂലി വർധിപ്പിക്കില്ലെന്ന് തോട്ടം ഉടമകൾ അറിയിച്ചു. ചില ആനുകൂല്യങ്ങൾ തോട്ടം ഉടമകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഇത്രയും വലിയ കൂലി വർധന അംഗീകരിച്ചാൽ തോട്ടം പൂട്ടിപ്പോകും. ഘട്ടംഘട്ടമായി കൂലി വർധിപ്പിക്കാനുള്ള സമയം തങ്ങൾക്ക് നൽകണമെന്നും തോട്ടം ഉടമകളുടെ സംഘടന വ്യക്തമാക്കി. നാളെ നടക്കുന്ന പിഎൽസി യോഗത്തിൽ ഇക്കാര്യം അറിയിക്കുമെന്നും സമരം ഉണ്ടായാൽ നേരിടാൻ തയ്യാറാണെന്നും തോട്ടം ഉടമകൾ പറഞ്ഞു.

ധാരണയിൽനിന്നു പിന്മാറാൻ അനുവദിക്കില്ല: തൊഴിൽ മന്ത്രി

തോട്ടം തൊഴിലാളികളുമായി ഉണ്ടാക്കിയ ധാരണയിൽനിന്നു പിന്മാറാൻ തോട്ടം ഉടമകളെ അനുവദിക്കില്ലെന്നു തൊഴിൽ മന്ത്രി ഷിബു ബേബിജോൺ. സർക്കാരുമായുള്ള ധാരണയിൽനിന്നു പിന്മാറാനാവില്ല. ഇതു തെറ്റിച്ചാൽ കേരളത്തിൽ തോട്ടം നടത്താനാകില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

തോട്ടം ഉടമകളുടെ അടവ് കേരളത്തിൽ നടക്കില്ലെന്ന് തോമസ് ഐസക്

ന്യൂഡൽഹി: തോട്ടം ഉടമകളുടെ അടവ് കേരളത്തിൽ നടക്കില്ലെന്ന് തോമസ് ഐസക്. സമരത്തിൽ പങ്കെടുത്ത തൊഴിലാളി പ്രസ്ഥാനത്തോടുള്ള വെല്ലുവിളിയാണ് തോട്ടമുടമകളുടെ നിലപാടെന്നും തോമസ് ഐസക് വ്യക്തമാക്കി. തോട്ടമുടമകൾ ഇതേ നിലപാട് തുടർന്നാൽ തോട്ടം ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കണ്ടി വരും എന്നും തോമസ് ഐസക് മുന്നറിയിപ്പ് നൽകി.

തോട്ടം ഉടമകളുടെ ഭീഷണി സർക്കാരുമായുള്ള ഒത്തുകളിയെന്നു വി എസ്

ന്യൂഡൽഹി: തോട്ടം ഉടമകളുടെ ഭീഷണി സർക്കാരുമായുള്ള ഒത്തുകളിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. ഇത് സംഘടിത തൊഴിലാളി വർഗത്തോടുള്ള വെല്ലുവിളിയാണ്. ഈ നിലപാടുമായി മുന്നോട്ടുപോയാൽ തോട്ടങ്ങൾ ഏറ്റെടുക്കുന്ന കാര്യം ആലോചിക്കണമെന്നും വി എസ് അച്യുതാനന്ദൻ പറഞ്ഞു.

തോട്ടം തൊഴിലാളി സമരം സിപിഎം ഏറ്റെടുക്കുമെന്നു കോടിയേരി

ന്യൂഡൽഹി: തോട്ടം തൊഴിലാളികളുടെ സമരം സിപിഐ(എം) ഏറ്റെടുക്കുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കള്ളക്കളി കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂലി വർധിപ്പിക്കാനുള്ള ബാധ്യത തോട്ടമുടമകൾക്കുണ്ട്. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP