Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതി എത്തുന്നു; അധ്യക്ഷനെതിരെ നിലപാട് കടുപ്പിക്കാൻ കേരളം; ജലനിരപ്പ് താഴ്‌ത്തി ചോർച്ച കുറച്ച് സമിതിയെ തെറ്റിധരിപ്പിക്കാൻ തമിഴ്‌നാട്

മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതി എത്തുന്നു; അധ്യക്ഷനെതിരെ നിലപാട് കടുപ്പിക്കാൻ കേരളം; ജലനിരപ്പ് താഴ്‌ത്തി ചോർച്ച കുറച്ച് സമിതിയെ തെറ്റിധരിപ്പിക്കാൻ തമിഴ്‌നാട്

ഇടുക്കി: സുപ്രീംകോടതി നിയോഗിച്ച മേൽനോട്ടസമിതി ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തും. ജലനിരപ്പ് 140 ന് മുകളിലെത്തുമ്പോഴുള്ള അണക്കെട്ടിന്റെ അവസ്ഥ പരിശോധിക്കുകയാണ് ലക്ഷ്യം. ചെയർമാൻ എൽ.എ.വി. നാഥന്റെ നേതൃത്വത്തിൽ നവംബർ മൂന്നിനാണ് സമിതി അണക്കെട്ട് സന്ദർശിച്ചത്. അന്ന് ജലനിരപ്പ് 137.80 അടിയായിരുന്നു. കേന്ദ്ര ജലക്കമ്മീഷനിലെ ചീഫ് എൻജിനീയർ എൽ.എ.വി നാഥൻ ചെയർമാനും സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി വി.ജെ കുര്യനും തമിഴ്‌നാട് പൊതുമരാമത്തു വകുപ്പ് സെക്രട്ടറി എം. സായികുമാറും അംഗങ്ങളായുള്ള സമിതിയാണ് അണക്കെട്ടിൽ പരിശോധന നടത്തുന്നത്. ഇതിന് ശേഷം നടക്കുന്ന യോഗത്തിൽ മേൽനോട്ട സമിതി അധ്യക്ഷന്റെ നടപടികളിൽ കേരളം അതൃപ്തി അറിയിക്കും.

ജലനിരപ്പ് 142 അടിയിലെത്തിയതിന് ശേഷം ആദ്യമായാണ് സമിതി പരിശോധനയ്‌ക്കെത്തുന്നത്. ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്റെ ആവർത്തിച്ചുള്ള ആവശ്യം തള്ളിയതും, സമിതി അധ്യക്ഷന്റെ പക്ഷപാതപരമായ പെരുമാറ്റമുൾപ്പെടെയുള്ള വിഷയങ്ങളും കേരളം യോഗത്തിൽ ഉന്നയിക്കും. അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. 140.9 അടിയായാണ് ജലനിരപ്പ് കുറഞ്ഞത്. ഡാമിന്റെ പരിസരത്ത് മഴകുറഞ്ഞതാണ് ജലനിരപ്പ് കുറയുവാൻ കാരണം. ഇതിനൊപ്പം ജലം കൊണ്ടു പോകുന്നതിന്റെ അളവ് തമിഴ്‌നാട് പരമാവധി വർധിപ്പിക്കുകയും ചെയ്തു. സെക്കൻഡിൽ 1000 ഘനയടിയിൽ താഴെയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. സെക്കൻഡിൽ 2020 ഘനയടി ജലമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. അതേസമയം, അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന മഴയുടെ അളവറിയാൻ കേരളം മഴമാപിനി യന്ത്രം സ്ഥാപിച്ചു.

മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതി സന്ദർശനം കൂടി കണക്കിലെടുത്താണ് ജലനിരപ്പ് കുറയ്ക്കാൻ തമിഴ്‌നാട് തയ്യാറായത് എന്നാണ് സൂചന. 142 അടിയായിട്ടും ഡാമിന് കുഴപ്പമൊന്നുമില്ലെന്നാകും വാദം. ജലനിരപ്പ് 140 അടിക്കു മുകളിലെത്തിയപ്പോൾ, മേൽനോട്ട സമിതി പരിശോധന നടത്തണമെന്ന് കേരളം പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധ്യക്ഷൻ വഴങ്ങിയില്ല. കേരളത്തിന്റെ ആവർത്തിച്ചുള്ള സമ്മർദ്ദത്തെ തുടർന്ന് ജലനിരപ്പ് കുറക്കണമെന്ന് തമിഴ്‌നാടിന് മേൽനോട്ട സമിതി അധ്യക്ഷൻ നിർദ്ദേശം നൽകി. അതു പോലും തമിഴ്‌നാട് അംഗീകരിച്ചില്ല. ഇപ്പോൾ ജലനിരപ്പ് താഴ്തി ചോർച്ചയുടെ അളവ് കുറയ്ക്കാനാണ് തമിഴ്‌നാടിന്റെ നീക്കം. ഇതിനെല്ലാം ചെയർമാന്റെ മൗനാനുവാദം ഉണ്ടെന്നാണ് കേരളത്തിന്റെ നിലപാട്.

തുടർന്ന് തമിഴ്‌നാടിനെതിരെ ചെറുവിരലനക്കാത്ത സമിതി അധ്യക്ഷന്റെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെ കേരളം കേന്ദ്ര ജലകമ്മീഷന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നത്തെ യോഗത്തിന് പ്രാധാന്യമേറുന്നത്. പ്രധാന അണക്കെട്ടിലും ബേബി ഡാമിലുമുള്ള ചോർച്ചകൾ ഉയർത്തുന്ന സുരക്ഷാ പ്രശ്‌നങ്ങളും കേരളം ഉന്നയിക്കും. ഒപ്പം കേരളത്തിൽ നിന്നും പരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥരെ തമിഴ്‌നാട് തടയുന്നതും ചർച്ചാ വിഷയമാകും. ഇ.എസ്. ബിജിമോൾ എംഎ‍ൽഎ യുടെ നേതൃത്വത്തിലെത്തിയ മാദ്ധ്യമ പ്രവർത്തകർ കയ്യേറ്റം ചെയ്‌തെന്ന് തമിഴ്‌നാട് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യം യോഗത്തിലും തമിഴ്‌നാട് ഉന്നയിക്കും.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാനെത്തിയ ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞ തമിഴ്‌നാട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാരിനോട് ഉദ്യാഗസ്ഥ സംഘം ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് അഥോറിറ്റി രൂപീകരിച്ചത്. ദുരന്തസാധ്യതയുള്ള ഏതുപ്രദേശത്തും അഥോറിറ്റിക്ക് പരിശോധന നടത്താം. മറ്റൊരു വകുപ്പിനോ, സംസ്ഥാന മന്ത്രിമാർക്കോ, ഉദ്യോഗസ്ഥർക്കോ ഇതിൽ ഇടപെടാൻ അനുമതിയില്ല.

ദേശീയ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ പ്രധാനമന്ത്രിയും സംസ്ഥാന ചെയർമാൻ മുഖ്യമന്ത്രിയുമാണ്. തമിഴ്‌നാട് അഥോറിറ്റി അധികൃതർ ഇതുവരെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അപകട സാധ്യതയെക്കുറിച്ചോ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചോ പരിശോധന നടത്തിയിട്ടില്ല. അതേസമയം ആക്ടിൻെ പരിധിയിൽനിന്നുകൊണ്ടാണ് കേരളം പരിശോധന നടത്തിയത്. ഇതു തടസ്സപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അഥോറിറ്റി ആക്ട് സെക്ഷൻ(52) പ്രകാരം ഒരുവർഷംവരെ തടവുശിക്ഷ ലഭിക്കാം. ഈ സാഹചര്യത്തിലാണ് ബിജി മോൾ വിഷയം തമിഴ്‌നാട് ആയുധമാക്കുന്നത്.

അതിനിടെ അണക്കെട്ടിൽ സ്ഥാപിച്ചിട്ടുള്ള ആക്‌സിലറേറ്റർ, സീസ്‌മോഗ്രാഫ്, ത്രെഷോൾഡ് സെറ്റ് മോണിറ്റർ എന്നിവ പ്രവർത്തിക്കുന്നില്ലെന്നു ദുരന്തനിവാരണ സമിതി കണ്ടെത്തിയിരുന്നു. തമിഴ്‌നാടാണ് ഈ ഉപകരണങ്ങൾ സ്ഥാപിച്ചതും അറ്റകുറ്റപ്പണികൾ നടത്തുന്നതും. എന്നാൽ കഴിഞ്ഞ തമിഴ്‌നാട് ഇതിന്റെ അറ്റകുറ്റ പണികൾ നടത്തുന്നില്ല. ഇത് പ്രവർത്തനക്ഷമമാണോയെന്നുറപ്പാക്കേണ്ട അവസ്ഥ മുല്ലപ്പെരിയാറിൽ ഇപ്പോഴുണ്ട്. ഈ പരിശോധനക്കാണ് അഥോറിറ്റി നോഡൽ ഓഫീസറും സംഘവും അണക്കെട്ടിലെത്തിയത്. പരിശോധന നടത്തുമെന്ന അറിയിപ്പ് തേനി കളക്ടർക്ക് നേരത്തേ നൽകിയിരുന്നു. കൂടാതെ അണക്കെട്ടിലേക്ക് കടന്നപ്പോൾ തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ കൈവശം തങ്ങളുടെ മൊബൈൽ ഫോണും ക്യാമറയും ബാഗുമെല്ലാം നൽകുകയും ചെയ്തു. എന്നിട്ടും ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.

അതിനിടെ മുല്ലപ്പെരിയാറിൽ വെതർ സ്റ്റേഷൻ പ്രവർത്തനക്ഷമമാക്കും. കഴിഞ്ഞ ദിവസം ദുരന്ത നിവാരണ സേന റൂട്ട്മാർച്ച് നടത്തിയിരുന്നു. വെള്ളം പൊങ്ങിയാൽ രക്ഷപ്പെടാൻ കഴിയുമെന്നു കണ്ടെത്തിയ 94 സ്ഥലങ്ങളിലായിരുന്നു റൂട്ട് മാർച്ച്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP