Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുല്ലപ്പെരിയാർ ഡാമിന്റെ മേലുള്ള എല്ലാ അവകാശവാദങ്ങളും കേരളം ഉപേക്ഷിക്കുന്നു; കേന്ദ്ര തീരുമാനത്തിനെതിരെ അപ്പീലിനില്ല; സുപ്രീംകോടതിയിൽ പോയി വാദിക്കാനുമില്ല: തമിഴ്‌നാടുമായി ചർച്ച നടത്തി വല്ലതും കിട്ടുമെങ്കിൽ മാത്രം വാങ്ങിക്കും

മുല്ലപ്പെരിയാർ ഡാമിന്റെ മേലുള്ള എല്ലാ അവകാശവാദങ്ങളും കേരളം ഉപേക്ഷിക്കുന്നു; കേന്ദ്ര തീരുമാനത്തിനെതിരെ അപ്പീലിനില്ല; സുപ്രീംകോടതിയിൽ പോയി വാദിക്കാനുമില്ല: തമിഴ്‌നാടുമായി ചർച്ച നടത്തി വല്ലതും കിട്ടുമെങ്കിൽ മാത്രം വാങ്ങിക്കും

ആലപ്പുഴ: മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ തമിഴ്‌നാടുമായുള്ള നിയമയുദ്ധം കേരളം തുടങ്ങിയിട്ട് കാലം കുറേയായി. ഇതിന് ചിലവഴിച്ച പണമുണ്ടെങ്കിൽ പുതിയൊരു ഡാം കെട്ടാൻ ഒരുപക്ഷേ സാധിച്ചേക്കും. സർക്കാർ ഖജനാവിൽ നിന്നും അത്രയ്ക്ക് പണം മുല്ലപ്പെരിയാർ ഡാമിന്റെ നിയമ പ്രശ്‌നങ്ങൾക്ക് വേണ്ടി സർക്കാർ ചെലവഴിച്ചിട്ടുണ്ട്. എന്തായാലും ഇനി തമിഴ്‌നാടുമായി അനുരഞ്ജന പാതയിൽ നീങ്ങാനാണ് സംസ്ഥാന സർക്കാറിന്റെ നീക്കം. അതിന്റെ തുടക്കമിട്ടത് ജയയുടെ മരണത്തിൽ കേരളം അവധി നൽകിയത് മുതലാണ്. കേന്ദ്രസർക്കാർ കൂടി തമിഴ്‌നാടിന് വേണ്ടി രംഗത്തുണ്ടാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സംസ്ഥാനം അനുരജ്ഞന പാതയിലേക്ക് നീങ്ങുന്നത്.

കേന്ദ്ര സർക്കാരിനോടും തമിഴ്‌നാടിനോടും മൃദുസമീപനം മതിയെന്നാണ് സംസ്ഥാന സർക്കാറിന്റെ തീരുമാനം. മുല്ലപ്പെരിയാറിൽ പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേസ് കൊടുക്കാനുള്ള നീക്കം അതുകൊണ്ട് തന്നെ സംസ്ഥാനം ഉപേക്ഷിച്ചു കഴിഞ്ഞു. കേസിനു പകരം തമിഴ്‌നാടുമായി അനുരഞ്ജന ചർച്ച നടത്തി പ്രശ്‌നം പരിഹരിച്ചാൽ മതിയെന്നു മുല്ലപ്പെരിയാർ സെല്ലിനു സർക്കാർ നിർദ്ദേശം നൽകി.

മുല്ലപ്പെരിയാറിൽ കേരളം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പുതിയ അണക്കെട്ടിന്റെ പരിസ്ഥിതി ആഘാത പഠനത്തിനു നൽകിയിരുന്ന അനുമതി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പിൻവലിച്ചിരുന്നു. തമിഴ്‌നാടിന്റെ സമ്മർദഫലമായാണ് ഇതെന്ന് ആക്ഷേപം ഉയരുകയും ചെയ്തു. വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകണമെന്ന് ഉദ്യോഗസ്ഥതലത്തിൽ അഭിപ്രായം ഉയർന്നിരുന്നു.

മുല്ലപ്പെരിയാർ കേസിലെ സുപ്രീം കോടതി വിധിയെ പരാമർശിച്ചാണ് വനം, പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി ആഘാതപഠനത്തിനുള്ള അനുമതി നിഷേധിച്ചതെങ്കിലും നിയമപരമായി ഈ നടപടി നിലനിൽക്കില്ലെന്നാണു ജലവിഭവ വകുപ്പിനു ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിൽ കേസ് നടത്താൻ അനുമതിക്കായി ഫയൽ സർക്കാരിൽ എത്തി. ഇതോടെ, മുഖ്യമന്ത്രിയുടെ നേരിട്ടു നിയന്ത്രണത്തിലുള്ള അന്തർസംസ്ഥാന നദീജല വകുപ്പ് നിലപാടു മാറ്റുകയായിരുന്നു.

ഈ വിഷയത്തിൽ കേന്ദ്ര സർക്കാരുമായി തർക്കത്തിനു പോകേണ്ടെന്നു നിർദ്ദേശം നൽകിയ സർക്കാർ, നിയമപരമായ നീക്കത്തിന് അനുമതി നിഷേധിച്ചു. പുതിയ അണക്കെട്ടു നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾക്കു തമിഴ്‌നാടുമായി ചർച്ച നടത്തി സമവായം കണ്ടെത്തണമെന്നാണു പുതിയ നിലപാട്. എന്നാൽ, അനുകൂല സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളവുമായി ചർച്ചകൾക്കൊന്നും തമിഴ്‌നാട് താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യമാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP