Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി; 35 വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന ജലനിരപ്പ്; ഷട്ടറുകൾ തുറക്കില്ലെന്ന വാശിയിൽ തമിഴ്‌നാട്; ഭീതിയുടെ താഴ്‌വരയിൽ പ്രാണഭീതിയിൽ ജനലക്ഷങ്ങൾ

മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി; 35 വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന ജലനിരപ്പ്; ഷട്ടറുകൾ തുറക്കില്ലെന്ന വാശിയിൽ തമിഴ്‌നാട്; ഭീതിയുടെ താഴ്‌വരയിൽ പ്രാണഭീതിയിൽ ജനലക്ഷങ്ങൾ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 142 അടിയായി ഉയർന്നതോടെ ഡാമിന്റെ താഴ്‌വരയിൽ ഭീതി പെരുകുന്നു. ഇന്നലെ രാത്രിയും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതിനെ തുടർന്ന് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും വർദ്ധിച്ചിട്ടുണ്ട്. 35 വർഷങ്ങൾക്ക് ശേഷമാണ് ജലനിരപ്പ് 142 അടിയിലെത്തുന്നത്. ഇതോടെ തമിഴ്‌നാട് അണക്കെട്ടിൽ നിന്ന് വെള്ളം കൊണ്ടുപോകാൻ തുടങ്ങി. എന്നാൽ ഷട്ടറുകൾ തുറക്കില്ലെന്ന വാശിയിലാണ് തമിഴ്‌നാട് സർക്കാർ. ഇപ്പോൾ സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. ഇത്രയും വെള്ളം തന്നെ തമിഴ്‌നാട് കൊണ്ടുപോകുകയും ചെയ്യുന്നു. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം കൊണ്ടുപോകുമെന്ന് കാട്ടി തമിഴ്‌നാട് ഇടുക്കി കലക്ടർക്ക് കത്തയച്ചു. ജലനിരപ്പ് 142 അടിയിലെത്തി എന്ന മുന്നറിയിപ്പോടെയാണ് കത്ത്.

അതേസമയം, അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ തുറക്കില്ലെന്ന് തേനി ജില്ലാ കലക്ടർ. നീരൊഴുക്ക് 2,300 ഘനയടിക്ക് മുകളിലായാൽ മാത്രമേ ഷട്ടറുകൾ തുറക്കേണ്ടതുള്ളൂ. ഷട്ടറുകൾ തുറക്കുന്നതിനു മുൻപ് ഇതു സംബന്ധിച്ച മുന്നറിയിപ്പു നൽകുമെന്നും ഇടുക്കി ജില്ലാ കലക്ടറെ അറിയിച്ചു. ജലനിരപ്പ് ഉയർന്നതിൽ ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. ആവശ്യമായ മുൻകരുതൽ നടപടികളെടുത്തിട്ടുണ്ട്. മഴകൂടിയാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള സന്നാഹങ്ങളും ഒരുക്കിയതായി കളക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾക്ക് അന്തിമരൂപമായെന്നും അദ്ദേഹം അറിയിച്ചു.

142 അടി കടന്നാൽ കോടതി വിധിയുടെ ലംഘനമാകുമെന്നതിനാൽ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് മതിയാകാതെ വന്നാൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാറിലൂടെ ഇടുക്കി ഡാമിലേക്ക് ഒഴുക്കാനും സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെ വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് അപ്രതീക്ഷിതമായി നിർത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇതിന്റെ അളവ് അവർ കുറച്ചുകൊണ്ടുവരികയായിരുന്നു. ഏതുവിധേനയും ജലനിരപ്പ് കോടതി നിർദ്ദേശിച്ച 142ൽ എത്തിക്കുകയായിരുന്നു തമിഴ്‌നാടിന്റെ ലക്ഷ്യം.

പക്ഷേ, ഇതിനിടെ കനത്ത മഴ പെയ്യുകയാണെങ്കിൽ അപകടകരമായ സ്ഥിതിവിശേഷമുണ്ടാകും. തമിഴ്‌നാടിന് സെക്കൻഡിൽ പരമാവധി കൊണ്ടുപോകാവുന്നത് 1850 ഘനയടി വെള്ളമാണ്. 50 മില്ലീമീറ്റർ മഴ പെയ്താൽ 30004000 ഘനയടി വെള്ളം ഒഴുകിയെത്താം. ആ സാഹചര്യത്തിൽ കോടതിവിധി ലംഘിക്കാതിരിക്കാൻ തമിഴ്‌നാടിന് വെള്ളം പെട്ടെന്ന് കുറയ്‌ക്കേണ്ടിവരും. അതിനായി സ്പിൽവേ ഷട്ടറുകൾ തുറക്കുകയാവും അവർ ചെയ്യുക. ഇത് എത്ര തുറക്കുന്നു, എത്ര വെള്ളം ഒഴുക്കും എന്ന കാര്യത്തിൽ ഒരു ഉറപ്പും ലഭിക്കാത്തതാണ് കേരളത്തെ ആശങ്കപ്പെടുത്തുന്നത്. ഇത് ആറുമണിക്കൂറെങ്കിലും നേരത്തെ അറിയിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്‌നാട് പ്രതികരിക്കുന്നുമില്ല.

പെരിയാർതീരത്ത് ജനം ഭയപ്പാടിലാണ്. ഡാമിലുള്ള തമിഴ്‌നാട് ഉദ്യോഗസ്ഥരും കടുത്ത സമ്മർദ്ദത്തിലാണ്. 142ൽ എത്തുകയും കനത്ത മഴ പെയ്യുകയും ചെയ്താൽ കാര്യങ്ങൾ എളുപ്പമാകില്ലെന്ന് അവർക്കറിയാം. പക്ഷേ, അവർക്കുമേൽ കോടതിവിധി നടപ്പാക്കുന്നതിനുള്ള കനത്ത രാഷ്ട്രീയസമ്മർദ്ദമുണ്ട്.

അതിനിടെ ല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുന്നതിനും ആവശ്യമായ പരിശീലനം നൽകുന്നതിനുമായി പ്രത്യേകസംഘം ഇന്നെത്തും. സ്‌പെഷൽ ഓഫിസറും ദുരന്തനിവാരണ സമിതി അംഗവുമായ ഡോ. ശേഖർ എൽ. കുര്യാക്കോസ് നേതൃത്വം നൽകുന്ന സംഘത്തിൽ ഡോ. ജോൺ മത്തായി, ജി. എസ്. പ്രദീപ്, നിഷാന്ത് മോഹൻ, സുഭാഷ് കൃഷ്ണൻ, എസ്. കെ. ജയദേവ് തുടങ്ങിയവരുമുണ്ട്. ദുരന്തസാഹചര്യങ്ങളിൽ ജനങ്ങൾക്കു പ്രതിസന്ധികളെ മറികടക്കാനുള്ള മാനസിക പരിശീലനവും തയ്യാറെടുപ്പും ഇവർ നൽകും. സക്കകൂൾ - കോളജ് വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസലിങ്ങും നൽകും. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് കേരള നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP