Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നാർ ഹൃദയ ഭാഗത്ത് പത്തേക്കർ സർക്കാർ ഭൂമി മതിൽകെട്ടി തിരിച്ച് സി.പി.എം നേതാക്കൾ വീതിച്ചെടുത്തു; എംഎൽഎ അടക്കമുള്ള നേതാക്കൾക്ക് കെട്ടിടങ്ങൾ; നിരവധി പേർ മറിച്ചു വിറ്റ് കോടീശ്വരന്മാരായി; ആരോപണം സജീവമായതോടെ ഇടപെടാൻ ഉറച്ച് ചെന്നിത്തലയും കുമ്മനവും മൂന്നാറിലേക്ക്

മൂന്നാർ ഹൃദയ ഭാഗത്ത് പത്തേക്കർ സർക്കാർ ഭൂമി മതിൽകെട്ടി തിരിച്ച് സി.പി.എം നേതാക്കൾ വീതിച്ചെടുത്തു; എംഎൽഎ അടക്കമുള്ള നേതാക്കൾക്ക് കെട്ടിടങ്ങൾ; നിരവധി പേർ മറിച്ചു വിറ്റ് കോടീശ്വരന്മാരായി; ആരോപണം സജീവമായതോടെ ഇടപെടാൻ ഉറച്ച് ചെന്നിത്തലയും കുമ്മനവും മൂന്നാറിലേക്ക്

തൊടുപുഴ: മൂന്നാർ ടൗണിലെ പത്തേക്കർ സർക്കാർ ഭൂമി സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവർ കയ്യേറി പാർട്ടി ഗ്രാമമാക്കിയെന്ന ആരോപണം പുതിയ തർക്കങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുന്നു. ഇക്കാനഗർ എന്നാണു പാർട്ടി ഗ്രാമം അറിയപ്പെടുന്നത്. സ്ഥലം പരിശോധനയ്ക്കു റവന്യു ഉദ്യോഗസ്ഥരെത്തിയാൽ നേരിടാൻ ക്വട്ടേഷൻ സംഘങ്ങളെയും രഹസ്യമായി നിയോഗിച്ചു. ദേവികളും സബ് കളക്ടർ ശ്രീറാം വെങ്കിട്ടറാമിനെ മാറ്റാനുള്ള കളികൾക്ക് പിന്നിലും ഈ ഭൂമി തട്ടിപ്പാണെന്നാണ് സൂചന. അതുകൊണ്ടാണ് സബ് കളക്ടറെ സിപിഐ പിന്തുണയ്ക്കുന്നത്. ഈ വിവാദം രാഷ്ട്രീയമായി ചർച്ചയാക്കാനാണ് കോൺഗ്രസും ബിജെപിയും ഒരുങ്ങുന്നത്.

പൊതുമരാമത്തു വകുപ്പിന്റെയും വൈദ്യുതി ബോർഡിന്റെയും സ്ഥലമാണു കയ്യേറിയത്. കോടികൾ വിലമതിക്കുന്നതാണ് ഈ ഭൂമി. മുൻ ഏരിയാ സെക്രട്ടറിയാണു കയ്യേറ്റത്തിനു വഴികാട്ടിയത്. പിന്നാലെ ലോക്കൽ സെക്രട്ടറിയും അണികളും സ്ഥലം കയ്യേറി. ഒടുവിൽ സ്ഥലം എംഎൽഎ എസ്.രാജേന്ദ്രനും സർക്കാർ ഭൂമിയുടെ 'അവകാശി'യായി മാറി. ഇക്കാനഗറിൽ സി.പി.എം ഓഫിസിനു പിൻഭാഗത്തു കണ്ണായ പത്തേക്കറോളം ഭൂമി ഇപ്പോൾ സി.പി.എം നേതാക്കളുടേതാണ്. 1990 വരെ പൊതുമരാമത്തു വകുപ്പിന്റെ ക്വാർട്ടേഴ്‌സുകളും ഓഫിസുകളും സ്ഥിതി ചെയ്തിരുന്നതാണ് ഈ സ്ഥലം.

എംഎൽഎ മുതൽ ലോക്കൽ സെക്രട്ടറിമാർ വരെയുള്ളവർ രണ്ടും മൂന്നും നില കെട്ടിടങ്ങളാണ് ഇവിടെ പണിതുയർത്തിയിരിക്കുന്നത്. ചിലർ കയ്യേറിയ ഭൂമി മറിച്ചുവിറ്റു കോടികൾ സമ്പാദിച്ചു. ഇത്തരം കയ്യേറ്റങ്ങൾ പുറത്തുവരുമെന്നു ഭയന്നാണു റവന്യു വകുപ്പിനെതിരെ ദേവികുളത്തു സി.പി.എം പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരിക്കുന്നതെന്നാണ് ആരോപണം. ആക്ഷേപം സജീവമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും മൂന്നാറിലേക്ക് എത്തുകയാണ്. ചെന്നിത്തല തിങ്കളാഴ്ചയും കുമ്മനം ഞായറാഴ്ചയുമാണ് മൂന്നാറിൽ എത്തുക. കയ്യേറ്റം ഭരണകക്ഷിയുടെ പിന്തുണയോടെയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പട്ടയങ്ങൾ പരിശോധിക്കാൻ പോലും അധികൃതരെ അനുവദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഭരണകക്ഷിയിൽപ്പെട്ട നേതാക്കൾ മൂന്നാർ ടൗണിലെ 10 ഏക്കർ സർക്കാർ ഭൂമി കയ്യേറി പാർട്ടി ഗ്രാമമാക്കിയെന്നു വ്യക്തമായിട്ടുണ്ട്. പ്രദേശത്തു പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ നേരിടാൻ ഇവർ ഗുണ്ടാസംഘങ്ങളെയും നിയോഗിച്ചു. മൂന്നാർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിനു മുന്നിലെ സർക്കാർ ഭൂമിയാണ് പാർട്ടിക്കാർ കയ്യേറി പാർട്ടി ഗ്രാമമാക്കി മാറ്റിയത്. മുൻ ഏരിയാ സെക്രട്ടറിയാണ് സർക്കാർ ഭൂമി വളച്ചുകെട്ടി കയ്യേറ്റത്തിന് വഴികാട്ടിയത്. പിന്നാലെ ലോക്കൽ സെക്രട്ടറിയും അണികളും ഒടുവിൽ എംഎൽഎയും സർക്കാർ ഭൂമിയുടെ അവകാശികളായി. ഇക്കാനഗറിൽ രാജേന്ദ്രൻ വീട് വച്ചത് കൈയേറ്റ ഭൂമിയിൽ ആണെന്നാണ് ആക്ഷേപം. ഇവിടെ കെട്ടിടം നിർമ്മിക്കാൻ 2013ലാണ് രാജേന്ദ്രൻ കളക്ടർക്ക് അപേക്ഷ നൽകിയത്.

പേരിൽ വസ്തു ഇല്ലാതിരുന്നിട്ടും പ്രത്യേക പരിഗണനയെന്ന് കുറിപ്പെഴുതിയാണ് ഫയൽ തീർപ്പാക്കിയത്. ഇതിന് തൊട്ടടുത്ത് എംഎൽഎയുടെ സഹോദരൻ കതിരേശനും സി.പി.എം മറയൂർ ഏരിയ സെക്രട്ടറി ലക്ഷ്മണനും വീട് വച്ചു. കൈയേറ്റം ഒഴിപ്പിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാൻ സി.പി.എം നേതാക്കളുടെ നിർദേശമെന്നാണ് ആരോപണം. രണ്ട് മാസം മുൻപ് റവന്യൂ സംഘത്തിന് നേരെ എംഎൽഎയുടെ ഭാര്യ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. എംഎൽഎ ഇല്ലാതിരുന്ന സമയത്തായിരുന്നു അന്നത്തെ നടപടി. പിറ്റേന്ന് അതേ പ്രദേശം വീണ്ടും കൈയേറി. എന്നാൽ, റവന്യൂ വകുപ്പ് നടപടിയെടുത്തിട്ടില്ല. എംഎൽഎയും ബന്ധുക്കളും കൈയേറിയ ഭൂമി അളന്നു തിട്ടപ്പെടുത്താൻ പോലും അവർ തയാറായില്ല. ഈ സാഹചര്യത്തിൽ വിഷയത്തിൽ ബിജെപിയും ഇടപെടുന്നത്.

എന്നാൽ, ആരോപണങ്ങൾ എംഎൽഎ തള്ളി. മൂന്നാറിൽ അനധികൃത കയ്യേറ്റമില്ല. ഇപ്പോൾ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണ്. ഇത് വികസന പ്രവർത്തനങ്ങളെ തടയാനുള്ള അണിയറ നീക്കമാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജനവിരുദ്ധനയങ്ങളുമായി മുന്നോട്ടുപോകുന്ന ദേവികുളം സബ് കളക്ടറെ സംരക്ഷിക്കുന്ന റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ബുദ്ധിയില്ലാത്തവനെന്ന് രാജേന്ദ്രൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP