Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാം പ്രദർശിപ്പിക്കാം; ലണ്ടൻ മാതൃകയിലെ മ്യൂസിയമാക്കിയാൽ ക്ഷേത്രവരുമാനവും കൂടും; പത്മനാഭ സ്വാമിക്ഷേത്രത്തിലെ അമൂല്യവസ്തുക്കളെ സംരക്ഷിക്കാൻ നിർദ്ദേശവുമായി വിദഗ്ധ സമിതി; രാജകുടുംബവും ഹിന്ദു സംഘടനകളും എതിർക്കും

എല്ലാം പ്രദർശിപ്പിക്കാം; ലണ്ടൻ മാതൃകയിലെ മ്യൂസിയമാക്കിയാൽ ക്ഷേത്രവരുമാനവും കൂടും; പത്മനാഭ സ്വാമിക്ഷേത്രത്തിലെ അമൂല്യവസ്തുക്കളെ സംരക്ഷിക്കാൻ നിർദ്ദേശവുമായി വിദഗ്ധ സമിതി; രാജകുടുംബവും ഹിന്ദു സംഘടനകളും എതിർക്കും

ന്യൂഡൽഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്ത് മ്യൂസിയം ഉണ്ടാക്കി സംരക്ഷിക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് സമിതി സുപ്രീം കോടതിയിൽ സമർപ്പിച്ചു. രത്‌നങ്ങളുൾപ്പെടെയുള്ള ക്ഷേത്രത്തിലെ അമൂല്യ സ്വത്ത് സംരക്ഷിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ പഠിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച സമിതിയാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ലണ്ടനിലെ മ്യൂസിയത്തിന്റെ മാതൃകയിൽ മ്യൂസിയം ഉണ്ടാക്കി സ്വത്ത് സംരക്ഷിക്കാമെന്നാണ് സമിതി ശുപാർശ ചെയ്യുന്നത്. അമൂല്യ വസ്തുക്കൾ ഘട്ടം ഘട്ടമായി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാം. ഇതിനായി വൈകുണ്ഠം ഓഡിറ്റോറിയമോ സമീപ സ്ഥലങ്ങളോ ഉപയോഗിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശത്തോട് ഭരണസമിതി അനുകൂല നിലപാടാണ് എടുത്തത്. സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോടതി ആവശ്യപ്പെട്ടാൽ ആറുമാസത്തിനകം മ്യൂസിയത്തിനായുള്ള പദ്ധതി രേഖ സമർപ്പിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അടുത്ത ഏപ്രിലിൽ കോടതി കേസ് വീണ്ടും പരിഗണിക്കും.

ക്ഷേത്ര സ്വത്തുക്കളെ പ്രദർശന വസ്തുവാക്കുന്നതിനെ ഹിന്ദു സംഘടനകൾ എതിർക്കുകയാണ്. തിരുവിതാം കൂർ രാജകുടുംബത്തിന്റെ താൽപ്പര്യവും ഇതല്ല. അതുകൊണ്ട് തന്നെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിവയ്ക്കും. ക്ഷേത്രസ്വത്ത് ക്ഷേത്രത്തിൽ തന്നെ സംരക്ഷിക്കണമെന്ന നിലപാട് സംസ്ഥാന സർക്കാരിനും ഉണ്ട്. ഈ സാഹചര്യത്തിൽ വലിയ ചർച്ചകൾക്ക് വഴിവയ്ക്കുന്നതാണ് വിദഗ്ധ സമിതി കോടതിക്ക് നൽകിയിരിക്കുന്ന റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാവരോടും സുപ്രീംകോടതി അഭിപ്രായം ആരായാനും സാധ്യതയുണ്ട്.

മലയാളിയായ എംവി നായരുടെ നേതൃത്വത്തിലാണ് വിദഗ്ധ സമിതി പ്രവർത്തിക്കുന്നത്. നിലവറകളിലെ അമൂല്യ വസ്തുക്കളുടെ വിലയിരുത്തൽ പൂർത്തിയായി കഴിഞ്ഞു. ശതകോടികളുടെ മൂല്യം സ്വത്തുക്കൾക്കുണ്ടെന്നാണ് കണ്ടെത്തൽ. ഇവയുടെ ത്രിമാന ചിത്രങ്ങളും എടുത്ത് സൂക്ഷിക്കുന്നുണ്ട്. അവസാനഘട്ടത്തിലുള്ള കണക്കെടുപ്പ് പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. എത്രയും വേഗം ഇത് പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. കണക്കെടുപ്പ് പൂർത്തിയായ സാഹചര്യത്തിലാണ് മ്യൂസിയം എന്ന നിർദ്ദേശം എത്തുന്നത്. സ്വത്തുക്കളുടെ സംരക്ഷണം എങ്ങനെയാകാമെന്ന് അഭിപ്രായം വിദഗ്ധ സമിതിയോട് സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് അറിയിച്ചത്.

എന്നാൽ വലിയ എതിർപ്പുകൾക്ക് ഈ നിർദ്ദേശം വഴിവയ്ക്കും. ഹിന്ദു ഐക്യവേദിയടക്കമുള്ള സംഘടനകളും തിരുവിതാംകൂർ രാജകുടുംബവും ക്ഷേത്ര സ്വത്തുക്കൾ പ്രദർശനത്തിന് വയ്ക്കുന്നതിനെ എതിർക്കുന്നവരാണ്. ക്ഷേത്രത്തിനുള്ളിൽ സ്വത്തുക്കൾ സൂക്ഷിക്കണമെന്നതാണ് സർക്കാരിന്റേയും നിലപാട്. രാജകുടുംബത്തിന്റെ തീരുമാനങ്ങളെ ഇക്കാര്യത്തിൽ സർക്കാർ എതിർക്കുകയുമില്ല. അതിനാൽ മ്യൂസിയം എന്ന നിർദ്ദേശത്തെ രാജകുടുംബം എതിർത്താൽ അതു തന്നെയാകും സർക്കാരിന്റേയും നിലപാട്.

ശതകോടികളുടെ സ്വത്ത് വിവരം പുറത്തുവന്നപ്പോൾ മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ ആനന്ദ ബോസായിരുന്നു നാഷണൽ മ്യൂസിയത്തിന്റെ ഡയറക്ടർ. ഈ സ്വത്തുക്കൾ ദേശീയ മ്യൂസിയം ആക്കുന്നതാണ് നല്ലതെന്ന് ആനന്ദ ബോസ് പറഞ്ഞിരുന്നു. ഇതിനെതിരെ ഹിന്ദു സംഘടനകൾ രംഗത്ത് വന്നു. രാജകുടുംബവും അന്ന് അതിനെ എതിർത്തു. തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ക്ഷേത്രത്തിനകത്ത് വസ്തുക്കൾ സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ നിലവിൽ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് മ്യൂസിയം അനിവാര്യമാണെന്ന നിലപാട് ഭരണ സമിതിക്കുണ്ടെന്നാണ് സൂചന. ശതകോടികളുടെ നിധി ശേഖരം പുറത്തുവന്നതോടെ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനയുണ്ടായി. എന്നാൽ ഇതിന് അനുസരിച്ചുള്ള സാമ്പത്തിക ഭദ്രതയില്ലാത്തത് ഭരണ സമിതിക്ക് പ്രശ്‌നങ്ങളുണ്ട്. ക്ഷേത്രത്തിന്റെ പേരിലെ ട്രസ്റ്റിന്റെ നിയന്ത്രണാവകാശം തിരുവിതാംകൂർ രാജകുടുംബത്തിനാണ്. വൈകുണ്ഠം അടക്കമുള്ള കല്ല്യാണ മണ്ഡപങ്ങളുടെ വരുമാനം അതുകൊണ്ട് തന്നെ ക്ഷേത്രത്തിന് കിട്ടുന്നുമില്ല. ഈ സാഹചര്യത്തിലാണ് മ്യൂസിയം എന്ന നിർദ്ദേശം ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP