Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

35 ലക്ഷം മാസശമ്പളം വാങ്ങുന്ന 'നാസാ ശാസ്ത്രജ്ഞന്റെ' കള്ളക്കഥ പൊളിച്ചത് അമേരിക്കൻ മലയാളികളും പൊലീസും ചേർന്ന്; കള്ളം പൊളിഞ്ഞിട്ടും നാട്ടുകാരുടെ ഊഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങി അരുൺകുമാർ

35 ലക്ഷം മാസശമ്പളം വാങ്ങുന്ന 'നാസാ ശാസ്ത്രജ്ഞന്റെ' കള്ളക്കഥ പൊളിച്ചത് അമേരിക്കൻ മലയാളികളും പൊലീസും ചേർന്ന്; കള്ളം പൊളിഞ്ഞിട്ടും നാട്ടുകാരുടെ ഊഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങി അരുൺകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാസയിൽ ജോലി ലഭിച്ചെന്ന ഇല്ലാക്കഥ പറഞ്ഞ് ദേശീയ മാദ്ധ്യമങ്ങളെയും മലയാള മാദ്ധ്യമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പോലും കബളിപ്പിച്ച കോട്ടയം മണിമല സ്വദേശി അരുൺകുമാർ പി വിജയന്റെ നുണക്കഥകൾ പൊളിച്ചത് അമേരിക്കയിൽ ജോലി ചെയ്യുന്ന ചില മലയാളികളും പൊലീസും ചേർന്നാണ്. നാസയിലെ ജോലി ലഭിച്ചെങ്കിലും പൗരത്വം ഉപേക്ഷിക്കാൻ വയ്യെന്ന നിർബന്ധത്തിന് അമേരിക്കയും വഴങ്ങിയെന്നായിരുന്നു അരുൺ പ്രചരിപ്പിച്ചത്. 35 ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളമെന്നും അരുൺ പറയുകയുണ്ടായി. എന്നാൽ അമേരിക്കൻ മലയാളികളായ രഞ്ജിത്ത് ആന്റണി,പാട്രിക് എഡ്വേർഡ്,സിജു ചൊല്ലമ്പാട്ട്, ജിജോ ടോമി തുടങ്ങിയവർ യുഎസ് ഫെഡറൽ സർക്കാറിന്റെ നിയമങ്ങൾക്ക് വിരുദ്ധമാണ് ഈ വാദങ്ങളെന്ന് തെളിവ് സഹിതം വ്യക്തമാക്കി. ഇതോടെ പൊലീസും രംഗത്തെത്തി. തുടർന്ന് പൊലീസിലെ ടെലികമ്മ്യൂണിക്കേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അരുണിന്റെ വാദങ്ങൾ കള്ളമാണെന്ന് വ്യക്തമായത്.

അതേസമയം മണിമലയിലെ വീട്ടിലുള്ള അരുൺ പൊലീസിനോട് പോലും താൻ പറഞ്ഞുകൂട്ടിയത് കള്ളമാണെന്ന് സമ്മതിച്ചിട്ടില്ല. മാത്രമല്ല നുണക്കഥകൾ നിരത്തി ഇപ്പോഴും നാട്ടുകാരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങുകയാണ് യുവശാസ്ത്രജ്ഞനാണെന്ന ചമയഞ്ഞയാൾ. കഴിഞ്ഞദിവസവും കുട്ടികൾക്ക് മുമ്പിൽ ഹീറോ പരിവേഷത്തോടെ എത്തി അരുൺ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് സ്‌കൂളിലെ കുട്ടികൾക്ക് മുന്നിൽ നാസാ ശസ്ത്രജ്ഞൻ ചമഞ്ഞ് അരുൺ വിലസി. സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് അരുണിന് സ്വീകരണം നൽകിയത്. ഇതിന്റെ ഭാഗമായി നടന്ന സംവാദത്തിലും അരുൺ സജീവമായി പങ്കെടുത്തു.

എന്നാൽ അരുണിന്റെ നാസാക്കഥ വായിച്ചറിഞ്ഞ് പൊലീസിലെ ടെക്‌നോളജി വിഭാഗത്തിലെ എസ് പി ജയന്തൻ ജയാനന്ദൻ അരുണിനെ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും താൻ തെറ്റുകാരനാണെന്ന സമ്മതിക്കാൻ അരുൺ തയ്യാറായില്ല. നാസയിൽ ജോയിൻ ചെയ്തതിന്റെ കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ അത് നൽകാൻ അരുൺ തയ്യാറായിരുന്നില്ല. 'കൂടുതൽ വിവരങ്ങൾ പുറത്ത് വിടുന്നതിൽ നാസ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്' എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ 2012ൽ എംഐടിയിൽ അഡ്‌മിഷൻ തേടിയിരുന്നോ എന്ന് നെറ്റിസൺ റിപ്പോർട്ടർ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതോടെ അരുണിന്റെ പിഎച്ച്ഡി വാദവും പൊളിയുകയായിരുന്നു.

അതേസമയം അരുണിന്റെ പേരിൽ ക്രിമിനൽ കേസുകൾ ഒന്നും തന്നെ നിലവിലില്ല. എന്നാൽ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ പൊലീസ് മണിമലയിൽ ഇയാളുടെ വീട്ടിൽ വന്ന് വിവരം ശേഖരിച്ചു മടങ്ങി. എന്നാൽ നാട്ടുകാർക്ക് മുമ്പിൽ ഇപ്പോഴും നാസാ ശാസ്ത്രജ്ഞനാണെന്നാണ് ആവർത്തിക്കുന്നത്. തൊഴിൽപരമായ തടസങ്ങൾ ഉള്ളതുകൊണ്ട് അതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും ഈ 27കാരൻ പറഞ്ഞു.

എൻജിനീയറിങ് പഠിക്കുമ്പോൾ നാസയിൽ ജോലി നേടാനുള്ള ആഗ്രഹം ഉള്ളതുകൊണ്ടാകാം അരുൺ ഇല്ലാത്തകഥകൾ പറഞ്ഞു നടന്നത് എന്നാകാമെന്നാണ് ടെലിക്കമ്മ്യൂണിക്കേഷൻ എസ് പി ജയന്തൻ ജയാനന്ദന്റെ അഭിപ്രായം. ഒരാൾ അവകാശവാദവുമായി എത്തിയതോടെ മാദ്ധ്യമങ്ങൾ ഇക്കാര്യം വിശദമായി അന്വേഷിക്കാതെ വാർത്ത നൽകിയതാണ് തെറ്റ്. ഇതുകൊണ്ട് സാമ്പത്തിക നഷ്ടം ഉണ്ടായത് മാദ്ധ്യമങ്ങളിലൂടെ വാർത്ത അറിഞ്ഞ് അരുണിന് സ്വീകരണം ഒരുക്കാൻ മുന്നിട്ടു വന്നവരാണ്. ഇത്തരക്കാർക്ക് ധനനഷ്ടം ഉണ്ടായി എന്ന യാഥാർത്ഥ്യമാണെന്ന് എസ് പി മറുനാടൻ മലയാളിയോട് പറഞ്ഞു.

അരുൺ കബളിപ്പെച്ചെന്ന് കാണിച്ച് ആരും പരാതി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ഇയാൾക്കെതിരെ കേസെടുക്കാൻ സാധ്യതയില്ല. എന്നാൽ അരുണിന്റെ അവകാശവാദങ്ങൾ കള്ളമാണെന്ന് വ്യക്തമായതോടെ പലരും അരുണിനെ വിളിച്ച് കാര്യം തിരക്കി. എന്നാൽ നാസയിൽ ജോലി ചെയ്യുന്നയാൾ കാര്യങ്ങൾ വെളിപ്പെടുത്തരുതെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അരുൺ ഇപ്പോഴും. നാട്ടുകാരും അരുൺ തങ്ങളെ പറ്റിക്കുകയായിരുന്നെന്ന് വിശ്വസിക്കാൻ തയ്യാറായിട്ടില്ല.

മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യിൽ ഡോ.ബാർബറ ലെസ്‌കോയുടെ കീഴിൽ പിഎച്ച്ഡി ചെയ്യുകയാണെന്നാണ് അരുൺ അവകാശപ്പെട്ടിരുന്നത്. എന്നാൽ ജൂലൈ 2013 നും ജൂലൈ 2014 നും ഇടയിൽ അരുൺ റോയൽ യൂണിവേഴ്‌സിറ്റി ഓഫ് ഭൂട്ടാനിൽ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നുവെന്ന് സർവകലാശാല ഐടിവിഭാഗം മേധാവി ദോർജി സ്ഥിരീകരിച്ചിട്ടുണ്ട്.

2012 ൽ എംഐടിയിൽ പിഎച്ച്ഡിക്ക് പ്രവേശം ലഭിച്ചുവെന്നാണ് അരുൺ അവകാശപ്പെട്ടിരുന്നത്. ഒരുവർഷം കൊണ്ട് എംഐടിയിൽ നിന്ന് പിഎച്ച്ഡി പൂർത്തിയാക്കാൻ കഴിയില്ല എന്നതിനാൽ അതും കളവാണെന്ന് വ്യക്തമായിരുന്നു. നാസയിലെ റിമോട്ട് സെൻസിങ് വിഭാഗത്തിലാണ് ജോലി എന്നും 35 ലക്ഷം രൂപയാണ് ശബളം എന്നും അരുൺ അവകാശപ്പെട്ടിരുന്നു. നാസയിൽ ജോലി കിട്ടണമെങ്കിൽ അമേരിക്കൻ പൗരത്വം എടുക്കണം എന്നുള്ള നിബന്ധന പോലും അരുണിന് വേണ്ടി മാറ്റിയെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

അരുണിന്റെ രാജ്യ സ്‌നേഹത്തിൽ താൽപര്യം തോന്നിയ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ളവർ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഇതിനേ ശേഷം മോദിയും തന്നെ അഭിനന്ദിച്ചവെന്നാണ് അരുൺ പറഞ്ഞത്. എന്നാൽ ഇതെല്ലാം വെറും തെറ്റാണെന്നാണ് ഇപ്പോൾ വ്യക്തമായത്. നാസാ ശാസ്ത്രജ്ഞനാണെന്ന വാദം പൊളിഞ്ഞതോടെ അരുൺകുമാറിന്റെ ഫേസ്‌ബുക്ക് പേജും ഡിലീറ്റ് ചെയ്ത നിലയിലാണ്. എന്നാൽ നേരിൽ ഫോണിൽ വിളിച്ച് കാര്യം തിരക്കുന്നവരോടെല്ലാം തന്നെ ജോലി നാസയിൽ ഇപ്പോഴുമുണ്ടെന്നാണ് അരുൺ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP