Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊച്ചിക്കായലിൽ വീണ്ടും മരണമണി; യാത്രാബോട്ട് ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്; നാവികസേനാബോട്ട് തിരയിളക്കിയപ്പോൾ രക്ഷയായത് സ്രാങ്കിന്റെ മനഃസാന്നിധ്യം

കൊച്ചിക്കായലിൽ വീണ്ടും മരണമണി; യാത്രാബോട്ട് ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്; നാവികസേനാബോട്ട് തിരയിളക്കിയപ്പോൾ രക്ഷയായത് സ്രാങ്കിന്റെ മനഃസാന്നിധ്യം

കൊച്ചി: വീണ്ടും ഒരു ദുരന്തത്തിന്റെ വക്കിൽ കൊച്ചി. യാത്രബോട്ടിന്റെ സ്രാങ്കിന്റെ അസാമാന്യ മനക്കരുത്ത് ഇത്തവണ യാത്രക്കാരെ രക്ഷിച്ചു.

മറിയാൻ തുടങ്ങിയ ബോട്ട് സ്രാങ്കിന്റെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണു രക്ഷപ്പെട്ടത്. ബോട്ടിൽ എൺപതിലധികം യാത്രക്കാരുണ്ടായിരുന്നു.

നാവികസേനയുടെ ബോട്ടിന്റെ അമിതവേഗം മൂലമുണ്ടായ തിരയിൽപ്പെട്ടാണ് യാത്രാബോട്ട് മറിയാൻ തുടങ്ങിയത്. മൂന്നുബോട്ടുകളുടെ പരിശീലനത്തിനിടെയാണ് സംഭവം. ഇരട്ട എൻജിൻ ഘടിപ്പിച്ച ബോട്ടുകൾ അമിതവേഗത്തിലായിരുന്നു. ബോട്ട് പോയപ്പോഴുണ്ടായ വൻതിരയിളക്കമാണ് വീണ്ടുമൊരു ദുരന്തത്തിന്റെ വക്കിലേക്കു കൊച്ചിയെ കൊണ്ടെത്തിച്ചത്.

ഫോർട്ടുകൊച്ചി കസ്റ്റംസ് ജെട്ടിയിൽ നിന്നും എറണാകുളം ജെട്ടിയിലേക്കു സ്ഥിരമായി സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടാണ് ശനിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. യാത്രാ ബോട്ട് പോകുന്ന അതേ ചാലിലാണ് നാവികസേനയുടെ ബോട്ടുകളും എത്തിയത്. സ്ഥിരമായി യാത്രബോട്ടുകൾ പോകുന്നതിനാൽ നാവികസേനയുടെ ബോട്ടുകൾ അപൂർവമായേ ഇതുവഴി പോകാറുള്ളൂ. എന്നാൽ, അപ്രതീക്ഷിതമായാണ് ഇവിടെ നാവികസേനാ ബോട്ട് എത്തിയത്.

വൻ തിരയിളക്കം യാത്രാബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തുമെന്ന അവസ്ഥയാണു സൃഷ്ടിച്ചത്. മറിയുമെന്ന ഘട്ടം വന്നപ്പോൾ വേഗം കുറച്ച് യാത്രാ ബോട്ട് നിർത്തിയിടുകയും യാത്രക്കാരോട് ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് തിര അടങ്ങിയതിനു ശേഷമാണ് ബോട്ട് യാത്ര തുടർന്നത്.

തലനാരിഴയ്ക്കു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തോടെയാണ് യാത്രക്കാർ കരയിലെത്തിയത്. രക്ഷപെട്ടെത്തിയ യാത്രക്കാർ നാവികസേനയ്‌ക്കെതിരെ എറണാകുളം ബോട്ട് ജെട്ടിയിൽ പ്രതിഷേധമുയർത്തി. യാത്രക്കാരും ജീവനക്കാരും ഒച്ചവച്ചെങ്കിലും നാവികസേന ബോട്ടിലുള്ളവർ പരിഹസിക്കുകയായിരുന്നെന്നു യാത്രക്കാർ പറഞ്ഞു. സംഭവത്തിൽ പൊലീസിലും കോസ്റ്റൽ പൊലീസിലും നാവികസേനയിലും പരാതിപ്പെട്ടതായി ബോട്ട് ജീവനക്കാർ അറിയിച്ചു.

കൊച്ചിയിൽ മത്സ്യബന്ധനബോട്ടിടിച്ച് യാത്രാബോട്ടു മറിഞ്ഞ് പതിനൊന്നു പേർ മരിച്ച സംഭവം നടന്നിട്ട് കുറച്ചുദിവസമേ ആയിട്ടുള്ളൂ. അതിനിടെയാണ് വീണ്ടും ദുരന്തത്തിന്റെ പടിവാതിൽക്കൽ കൊച്ചിയെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP