Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാപ്പാത്തിച്ചോലയിൽ വീണ്ടും കുരിശ് ഉയർന്നു; റവന്യൂ ഉദ്യോഗസ്ഥർ പൊളിച്ചു കളഞ്ഞ കൂറ്റൻ കുരിശിന്റെ സ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നത് അഞ്ചടി ഉയരമുള്ള മരക്കുരിശ്; പുതിയ കുരിശുമായി തങ്ങൾക്കു ബന്ധമില്ലെന്ന് സ്പിരിറ്റ് ഇൻ ജീസസ്

പാപ്പാത്തിച്ചോലയിൽ വീണ്ടും കുരിശ് ഉയർന്നു; റവന്യൂ ഉദ്യോഗസ്ഥർ പൊളിച്ചു കളഞ്ഞ കൂറ്റൻ കുരിശിന്റെ സ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നത് അഞ്ചടി ഉയരമുള്ള മരക്കുരിശ്; പുതിയ കുരിശുമായി തങ്ങൾക്കു ബന്ധമില്ലെന്ന് സ്പിരിറ്റ് ഇൻ ജീസസ്

മൂന്നാർ: പാപ്പാത്തിച്ചോലയിൽ റവന്യൂ ഉദ്യോഗസ്ഥർ പൊളിച്ചുകളഞ്ഞ കൂറ്റൻ കുരിശിന്റെ സ്ഥാനത്ത് പുതിയ കുരിശു സ്ഥാപിച്ചു. മരക്കുരിശാണു സ്ഥാപിച്ചിരിക്കുന്നത്. അതേസമയം പുതിയ കുരിശ് സ്ഥാപിച്ചതുമായി തങ്ങൾക്കു ബന്ധമില്ലെന്ന് ആത്മീയ പ്രസ്ഥാനമായ സ്പിരിറ്റ് ഇൻ ജീസസ് അറിയിച്ചു.

റവന്യൂ ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റിയ അതേ സ്ഥാനത്തുതന്നെയാണ് അഞ്ചടി ഉയരത്തിലുള്ള മരക്കുരിശ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ സ്ഥലം കയ്യേറി സ്ഥാപിച്ച പടുകൂറ്റൻ കുരിശ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തത് ഇന്നലെയാണ്.20 അടി ഉയരവും ഒരു ടൺ ഭാരവുമുള്ള പടുകൂറ്റൻ കുരിശാണ് റവന്യൂ ഉദ്യോഗസ്ഥർ നീക്കം ചെയ്തത്.

പുതിയ കുരിശ് ആരാണ് ഇവിടെ സ്ഥാപിച്ചതെന്നു വ്യക്തമല്ല. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പ് കുരിശു സ്ഥാപിച്ചിരുന്ന സ്പിരിറ്റ് ഇൻ ജീസസുമായി ബന്ധപ്പെട്ടപ്പോൾ തങ്ങൾക്ക് പുതിയ കുരിശുമായി ബന്ധമില്ലെന്ന് അവർ പ്രതികരിച്ചു.

ദേവികുളം സബ് കളക്ടർ രഘുറാം ശ്രീറാമിന്റെ നിർദ്ദേശാനുസരണം പാപ്പാത്തിച്ചോലയിലെ പടുകൂറ്റൻ കുരിശ് പൊളിച്ചുകളഞ്ഞത് വൻ വിവാദമായിരുന്നു. റവന്യൂഭൂമി അനധികൃതമായി കയ്യേറി സ്ഥാപിച്ച കുരിശാണ് ഉദ്യോഗസ്ഥർ പൊളിച്ചുകളഞ്ഞത്. ആത്മീയ പ്രസ്ഥാനമായ സ്പിരിറ്റ് ഇൻ ജീസസ് ആണ് ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചിരുന്നത്.

കുരിശു നീക്കം ചെയ്ത നടപടി ഇടതുമുന്നണിയിലടക്കം വൻ അഭിപ്രായഭിന്നതയ്ക്കു വഴിവച്ചു. സബ് കളക്ടറുടെ നടപടി തെറ്റാണെന്നാണും ജാഗ്രതക്കുറവ് ഉണ്ടായിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.

സംസ്ഥാനത്തെ മതമേലധ്യക്ഷന്മാരും സംഭവത്തിൽ പ്രതികരിച്ചിരുന്നു. കുരിശു സ്ഥാപിച്ച് ഭൂമി കയ്യേറുന്നത് അംഗീകരിക്കുന്നില്ലെന്നും എന്നാൽ ജെസിബി ഉപയോഗിച്ച് കുരിശു പൊളിച്ചുനീക്കിയത് വിഷമമുണ്ടാക്കിയെന്നുമാണ് ക്രിസ്ത്യാൻ സഭാ നേതൃത്വത്തിന്റെ നിലപാട്.

ഇന്ന് ചേർന്ന എൽഡിഎഫ് യോഗത്തിലും കുരിശു പൊളിച്ച വിഷയം രൂക്ഷമായ വാഗ്വാദങ്ങൾക്കിടയാക്കി. റവന്യൂ വകപ്പ് കൈവശംവച്ചിരിക്കുന്ന സിപിഐയുടെ നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലായിരുന്നു വാഗ്വാദം.

കുരിശു പൊളിച്ച നടപടി തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് യോഗത്തിലും ആവർത്തിച്ചു. സെൻസിറ്റീവായ വിഷയമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സിപിഐ നേതാക്കളായ കാനം രാജേന്ദ്രനും പന്യൻ രവീന്ദ്രനും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും പിണറായിയുടെ വാദങ്ങൾ അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കി.

തുടർന്നു ചേർന്ന ഉന്നതതല യോഗത്തിലും മുഖ്യമന്ത്രി ഇടുക്കി ജില്ലാ ഭരണകൂടത്തെ നിശിതമായി വിമർശിക്കുകയുണ്ടായി. ഇടുക്കിയിൽ ഇനി ജെസിബി ഉപയോഗിക്കേണ്ടെന്ന നിർദ്ദേശവും മുഖ്യമന്ത്രി നല്കി.

സീറോ മലബാർ സഭയുടെ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർ വിഷയത്തിൽ പ്രതികരിച്ചിരുന്നു. കുരിശു സ്ഥാപിച്ച് കയ്യേറ്റം നടത്തുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ കുരിശു പൊളിച്ച രീതി മനോവിഷണം ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കർദിനാൾ പറഞ്ഞു.

കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും എന്നാൽ ജെസിബി ഉപയോഗിച്ച് കുരിശു തകർക്കേണ്ടിയിരുന്നില്ലെന്നും കെസിബിസി അധ്യക്ഷൻ ആർച്ച് ബിഷപ് സൂസപാക്യവും പറയുകയുണ്ടായി. അതേസമയം കുരിശു തകർക്കുന്നതാണോ എൽഡിഎഫിന്റെ നയമെന്ന ചോദ്യമാണ് കെസിബിസി ഉന്നയിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP