Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാടകയ്ക്ക് എടുക്കുന്നവരെ മുടിക്കാൻ സർക്കാരിന്റെ വാടക ചട്ട നിയമം വരുന്നു; വാടക കാലാവധി തീരുംവരെയുള്ള കാലത്തെ വാടകയുടെ ഒരു ശതമാനം രജിസ്‌ട്രേഷനും ഒരു ശതമാനം മുദ്രപ്പത്രത്തിനും നൽകിയില്ലെങ്കിൽ വാടകക്കരാർ അസാധുവാകും

വാടകയ്ക്ക് എടുക്കുന്നവരെ മുടിക്കാൻ സർക്കാരിന്റെ വാടക ചട്ട നിയമം വരുന്നു; വാടക കാലാവധി തീരുംവരെയുള്ള കാലത്തെ വാടകയുടെ ഒരു ശതമാനം രജിസ്‌ട്രേഷനും ഒരു ശതമാനം മുദ്രപ്പത്രത്തിനും നൽകിയില്ലെങ്കിൽ വാടകക്കരാർ അസാധുവാകും

തിരുവനന്തപുരം: വാടകയ്ക്കു കെട്ടിടം എടുക്കുന്നവർക്കു കനത്ത തിരിച്ചടിയായി സർക്കാരിന്റെ വാടകചട്ട നിയമം വരുന്നു. വാടകക്കാരെ പ്രതിസന്ധിയിലാക്കുന്ന നിയമങ്ങളിൽ അണുവിട വ്യത്യാസം വന്നാൽ വാടകക്കരാർ തന്നെ അസാധുവാകുന്ന തരത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

കരാറുകൾ എഴുതുന്നതിനുള്ള മുദ്രപ്പത്രത്തിന്റെ നിരക്ക് 500ൽനിന്ന് 200 രൂപയായി കുറയ്ക്കാൻ ഇത്തവണ ധാരണയായിട്ടുണ്ട്. എന്നാൽ മുമ്പ് ഇതു നൂറു രൂപയായിരുന്നു. കഴിഞ്ഞ ബജറ്റിലാണ് 500 രൂപയാക്കിയത്.

മുദ്രപ്പത്രത്തിന്റെ നിരക്കു കൂട്ടിയതിനെതിരെ വിവിധ കോണുകളിൽ നിന്ന് പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് 500 രൂപയിൽ നിന്ന് 200 രൂപയാക്കി കുറച്ചത്. എന്നാൽ മുമ്പത്തേക്കാൾ കൂടുതൽ തന്നെയാണ് ഇത്. നിയമസഭയിൽ 22ന് അവതരിപ്പിക്കുന്ന ധനകാര്യബില്ലിലാകും വാടകക്കരാർ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക.

എല്ലാ വാടകചീട്ടും കരാറെഴുതി രജിസ്റ്റർ ചെയ്യണമെന്ന് പുതിയതായി വരുന്ന വാടക നിയമത്തിൽ നിഷ്‌കർഷിക്കുന്നുണ്ട്. എത്ര നാളത്തേക്കാണോ വാടകയ്ക്ക് കെട്ടിടമെടുക്കുന്നത് അത്രയും കാലത്തെ വാടകയുടെ ഒരു ശതമാനമാണ് രജിസ്‌ട്രേഷൻ ഫീസ്. ഒരു ശതമാനം തുകയ്ക്കുള്ള മുദ്രപ്പത്രവും വേണം. ഈ ചെലവെല്ലാംവാടകയ്ക്ക് കെട്ടിടമെടുക്കുന്ന ആൾ തന്നെ വഹിക്കുകയും വേണമെന്നാണ് പുതിയ നിയമം പറയുന്നത്.

വാടകയ്ക്ക് കെട്ടിടമെടുക്കുമ്പോൾ സാധാരണയായി നൂറുരൂപ മുദ്രപ്പത്രത്തിൽ കരാറെഴുതുകയാണ് പതിവ്. രജിസ്റ്റർ ചെയ്യാറുമില്ല. എന്നാൽ, ഇതെല്ലാം മാറ്റിയെഴുതുകയാണ് പുതിയ നിയമത്തിൽ. രജിസ്റ്റർ ചെയ്താലേ കരാർ സാധുവാകൂവെന്നാണ് ഇതിൽ പറയുന്നത്.

പുതിയ വാടകനിയമം എത്തുന്നതോടെ മുദ്രപ്പത്രം, രജിസ്‌ട്രേഷൻ ഇനത്തിൽ ഗണ്യമായ തോതിൽ പണം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. വീടും മറ്റ് കെട്ടിടങ്ങളും വാടകയ്‌ക്കെടുക്കുക, രണ്ട് വ്യക്തികൾ തമ്മിലുള്ള ഉടമ്പടി നിയമപരമായി ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് സാധാരണ മുദ്രപ്പത്രത്തിൽ കരാറെഴുതുക. നൂറുരൂപയുടെ മുദ്രപ്പത്രത്തിൽ എഴുതി രജിസ്റ്റർ ചെയ്താൽ അവയ്ക്ക് നിയമ പരിരക്ഷ ഉണ്ടാകുമായിരുന്നു. ഈ നിരക്ക് 500 ആയി ഉയർത്തിയപ്പോൾ ചെറിയ തുകയ്ക്കും മറ്റും വീട് വാടകയ്‌ക്കെടുക്കുന്നവരും മറ്റും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഈ വസ്തുതകളെല്ലാം കണക്കിലെടുത്താണ് കരാറെഴുതുന്നതിന് ഇപ്പോഴുള്ള മുദ്രപ്പത്ര നിരക്ക് കുറക്കുന്നത്.

വാടകനിയമം പ്രസിദ്ധീകരിച്ചെങ്കിലും നിയമസഭ പാസാക്കേണ്ടതുണ്ട്. ധനകാര്യബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടും. തുടർന്ന് കമ്മിറ്റിയുടെ ശുപാർശയോടെ സഭയിൽ വീണ്ടുമെത്തും. സഭ ബിൽ അംഗീകരിക്കുന്നതോടെ അത് നിയമമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP