Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

എകെ 47 തോക്കുകളുമായി അവർ വരുന്നു; മാവോയിസ്റ്റുകളെ തകർക്കാൻ 300 യുവ പൊലീസിനെ സജ്ജമാക്കി സർക്കാർ; മറമാറ്റി പുറത്തുവരാൻ ഉറച്ച് നേതാക്കളും; കേരളം നീങ്ങുന്നത് എഴുപതുകളുടെ ഓർമ്മകളിലേക്ക്

എകെ 47 തോക്കുകളുമായി അവർ വരുന്നു; മാവോയിസ്റ്റുകളെ തകർക്കാൻ 300 യുവ പൊലീസിനെ സജ്ജമാക്കി സർക്കാർ; മറമാറ്റി പുറത്തുവരാൻ ഉറച്ച് നേതാക്കളും; കേരളം നീങ്ങുന്നത് എഴുപതുകളുടെ ഓർമ്മകളിലേക്ക്

തിരുവനന്തപുരം: മാവോയിസ്റ്റുകളെ പതിനാറ് മാസം കൊണ്ട് കേരളത്തിൽ നിന്ന് തുരത്താൻ ആഭ്യന്തര വകുപ്പ് പദ്ധതി തയ്യാറാക്കുന്നു. ഇതിനായി നക്‌സൽ വിരുദ്ധ സേന രൂപീകരിക്കും. മാവോയിസ്റ്റുകളെ കണ്ടാലുടൻ വെടിവയ്ക്കാനുള്ള പ്രത്യേക അധികാരമുള്ള സേനയെയാകും സജ്ജമാക്കുക. അതിനിടെ മാവോയിസ്റ്റ് ഭീഷണിയുള്ള ക്വാറികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾക്ക് സുരക്ഷ കർശനമാക്കും.

മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ട് 30 വയസിൽ താഴെയുള്ള 300 പൊലീസുകാരെ ഉൾപ്പെടുത്തി സംസ്ഥാനത്ത് നക്‌സൽ വിരുദ്ധസേന (എ.എൻ.എഫ്) രൂപീകരിക്കാനാണ് തീരുമാനം. ഇവർക്കായി 500 എ.കെ47 തോക്കുകൾ വാങ്ങും. പുതിയ ദൗത്യസേനയിൽ ആദിവാസികളെക്കൂടി ഉൾപ്പെടുത്തും. സേനാരൂപീകരണം സംബന്ധിച്ച നയരേഖ തയാറാക്കാൻ സംസ്ഥാന പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യത്തേയും ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി നളിനി നെറ്റോയേയും ചുമതലപ്പെടുത്തി. കണ്ണൂർ ഡി.ഐ.ജി. ദിനേന്ദ്രകശ്യപായിരിക്കും എ.എൻ.എഫ്. മേധാവി. ഉൾവനത്തിലെ വഴികൾ തിരിച്ചറിയാനാണ് ആദിവാസികളെ സേനയിൽ ഉൾപ്പെടുത്തുന്നത്.

നക്‌സൽവേട്ടയിൽ പ്രാവീണ്യമുള്ള ആന്ധ്രഛത്തീസ്‌ഗഡ് പൊലീസിന്റെ പ്രത്യേകപരിശീലനം പുതുതായി രൂപീകരിക്കുന്ന സേനയ്ക്കു ലഭ്യമാക്കും. അതിനായി സേനാംഗങ്ങളെ ഈ സംസ്ഥാനങ്ങളിലേക്കയയ്ക്കും. ശമ്പളത്തിന്റെ 50% റിസ്‌ക് അലവൻസും സ്‌പെഷൽ അലവൻസും നൽകും. ഗുരുതരപരുക്കേറ്റാൽപോലും കുടുംബാംഗങ്ങൾക്കു സർക്കാർജോലി നൽകുന്നതു പരിഗണിക്കും. അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാനുള്ള അധികാരം നൽകാൻ പ്രത്യേക ഉത്തരവു പുറപ്പെടുവിക്കും. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെയാണു പുതിയ സേന നിലവിൽവരുക. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് വിശദാംശങ്ങൾ ചർച്ച ചെയ്തു കഴിഞ്ഞു.

എന്നാൽ കേരളത്തിൽ മാവോയിസ്റ്റ് ആക്രമണങ്ങൾ വർധിക്കുന്നതിനിടെ സൈനിക ഇടപെടൽ തടയാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങിയതായും സൂചനയുണ്ട്. ആന്ധ്രയിലും മറ്റു ചില സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുണ്ടായപ്പോൾ സൈനിക സഹായം തേടിയിരുന്നു. എന്നാൽ, ഇവിടെ സൈനിക സഹായം തേടേണ്ട സാഹചര്യമില്ലെന്ന വിലയിരുത്തലിലാണ് ആഭ്യന്തര വകുപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജൻസ് നൽകിയ റിപ്പോർട്ടിലും ഇതു വ്യക്തമാക്കി.

ഇതിന്റെ ഭാഗമായാണ് പുതിയ സേനയുടെ രൂപീകരണമെന്നാണ് വിലയിരുത്തൽ. പ്രൊഫസർ വിജിനിയസ് സാസ ചെയർമാനായ ദേശീയ ട്രൈബൽ വകുപ്പ് ഉന്നതതല സമിതി ആദിവാസി മേഖലകളിൽ സൈനിക നീക്കങ്ങൾ നടത്തുന്നതിനെ എതിർത്തു റിപ്പോർട്ട് നൽകിയിരുന്നു. കേരളത്തെ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന ആഭ്യന്തര വകുപ്പും സൈനിക സഹായം വേണ്ടെന്നു വാദിക്കുന്നത്.

അതിനിടെ സ്വന്തം പേരുപയോഗിച്ച് ആദിവാസി മേഖലകളിൽ പ്രവർത്തിക്കുക എന്ന രീതി നക്‌സലുകൾ സ്വീകരിച്ചു കഴിഞ്ഞതായി രഹസ്യാന്വേഷണ റിപ്പോർട്ടും സർക്കാരിന് ലഭിച്ചു. കണ്ണൂരിൽ ബിന്ദു എന്ന ആദിവാസി രൂപേഷാണ് അക്രമം നടത്തിയത് എന്ന് മൊഴി നൽകിയിരുന്നു. മുൻ നക്‌സലൈറ്റുകളുടെ പേരു കടമെടുത്തു കേരളത്തിൽ രക്തരൂഷിതവിപ്ലവത്തിനു മുന്നിട്ടിറങ്ങിയ സിപിഐ. (മാവോയിസ്റ്റ്) നയം മാറ്റുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു. ഒളിവിലെ കള്ളപ്പേരുകൾ ഉപേക്ഷിച്ച് സ്വന്തം പേരിൽതന്നെ സമൂഹമധ്യത്തിൽ പ്രവർത്തനം കേന്ദ്രീകരിക്കുകയാണു ലക്ഷ്യം. നേതൃനിരയിൽ രൂപേഷ് മാത്രമാണുള്ളതെന്ന അഭ്യൂഹങ്ങൾക്കു വിരാമമിട്ടു മറ്റുള്ളവരെക്കൂടി അറിയപ്പെടുന്ന നേതാക്കളാക്കി ഉയർത്തിക്കൊണ്ടുവരും. എഴുപതുകളിൽ നക്‌സൽ നീക്കം കേരളത്തിൽ ശക്തമായിരുന്നപ്പോൾ ഏറെ നേതാക്കളുടെ പേരുകൾ ചർച്ചയായിരുന്നു. ഈ സാഹചര്യം വീണ്ടും ഉണ്ടാക്കാനാണ് നീക്കം.

2013 ഒക്‌ടോബർ 27നു കോഴിക്കോട് കാവിലുംപാറയിൽ ജെ.സി.ബി. കത്തിച്ചപ്പോൾ ആദ്യകാല നക്‌സലൈറ്റായ കുന്നിക്കൽ നാരായണന്റെ ഭാര്യ മന്ദാകിനിയുടെ പേരിലാണു സംഘടന ഈ ദൗത്യമേറ്റെടുത്തത്. 2013 ജൂലൈയിൽ വയനാട് കരിങ്കണ്ണി ആദിവാസി കോളനിയിലെത്തിയ മാവോയിസ്റ്റ് സംഘത്തിന്റെ നേതാവ് സ്വയം പരിചയപ്പെടുത്തിയതു വർഗീസ് എന്നായിരുന്നു. 2013 ഫെബ്രുവരിയിൽ മാവോയിസ്റ്റുകൾ പശ്ചിമഘട്ട പ്രത്യേകസമിതി രൂപീകരിച്ചശേഷം പുറത്തിറക്കിയ പരസ്യപ്രസ്താവന 2003ൽ മുത്തങ്ങ സമരത്തിനിടെ പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ട ജോഗിയുടെ പേരിലായിരുന്നു. തുടർന്നു 2013 ഒക്‌ടോബറിൽ രൂപീകരിച്ച പ്രത്യേക പോരാട്ടസംഘത്തിനു പേരിട്ടതു കബനീദളമെന്നും. വർഷങ്ങൾക്കുമുമ്പു നക്‌സൽ പോരാട്ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേരുടെ ചോരവീണു ചുവന്നനദിയാണു കബനി.

കേരളത്തിൽ ഈയിടെ നടന്ന എല്ലാ മാവോയിസ്റ്റ് ആക്രമണങ്ങൾക്കു പിന്നിലും രൂപേഷാണെന്ന പ്രചാരണം ശക്തമാണ്. ഇയാൾ പിടിക്കപ്പെട്ടാൽ കേരളത്തിലെ മാവോയിസ്റ്റുകളെ തുടച്ചു നീക്കമാമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അതുകൊണ്ട് തന്നെ രൂപേഷിനെ കേരളത്തിൽ നിന്ന് പിൻവലിക്കുമെന്നാണ് സൂചന. ആന്ധ്രാപ്രദേശിലെ സിപിഐഎം.എല്ലിന്റെ (പീപ്പിൾസ് വാർഗ്രൂപ്പ്) തുടർച്ചയാണു സിപിഐ. (മാവോയിസ്റ്റ്). ആന്ധ്രയിലെ നേതാക്കളാണു തലപ്പത്ത്. രൂപേഷാണു പോളിറ്റ് ബ്യൂറോയിലുള്ള ഏകമലയാളി. 10 പി.ബി. അംഗങ്ങളാണു പാർട്ടിക്കുണ്ടായിരുന്നത്. അതിൽ ചെറുകുറി രാജ്കുമാർ (ആസാദ്), കോടേശ്വരറാവു (കിഷൻജി) എന്നിവർ കൊല്ലപ്പെട്ടു. വടക്കന്മേഖലയുടെ ചുമതലക്കാരനായ പ്രമോദ് മിശ്ര, കർണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ചുമതലക്കാരനായ മല്ലരാജി റെഡ്ഡി എന്നിവർ പിടിയിലായി. ഇനി പി.ബിയിലുള്ള മൂന്നുപേരും ആന്ധ്രക്കാരാണ്.

അതിനിടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗവും ഹൈക്കോടതി മുൻ ഗുമസ്തയുമായ ഷൈനയുടെ അജ്ഞാതവാസത്തിലും പൊലീസിന് സംശയമുണ്ട്. ഷൈനയുടെ ഭർത്താവും പോളിറ്റ് ബ്യൂറോ അംഗവുമായ രൂപേഷിൽ അന്വേഷണം കേന്ദ്രീകരിക്കുമ്പോഴും ഷൈനയിലേക്കു ചെന്നെത്തുന്ന ഒരു വിവരവും അന്വേഷണ സംഘങ്ങൾക്കു ലഭിക്കുന്നില്ല. പുറത്തുനിന്നുള്ള സഹായങ്ങൾ മാവോയിസ്റ്റുകൾക്ക് ലഭിക്കുന്നുണ്ടെന്ന് ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പിന്നിൽ ഷൈനയുടെ കരങ്ങളുണ്ടോയെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്.

2007ൽ മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിയെ അങ്കമാലിയിൽനിന്ന് ആന്ധ്ര പൊലീസ് അറസ്റ്റു ചെയ്ത സംഭവത്തിലാണു ഷൈനയെ പ്രതിചേർത്തത്. മല്ലരാജ റെഡ്ഡിക്കും ഭാര്യ ബിച്ച സുഗുണയ്ക്കും താമസിക്കാനുള്ള സൗകര്യമൊരുക്കിയതിനും സഹായം ചെയ്തതിനുമെതിരേയാണു രൂപേഷിനൊപ്പം ഷൈനയേയും പ്രതിചേർത്തത്. ജാമ്യത്തിലിറങ്ങിയ രൂപേഷും ഷൈനയും ഒളിവിൽ പോയി. പിന്നീടു പശ്ചിമഘട്ടത്തിൽ മാവോയിസ്റ്റ് പ്രവർത്തനത്തിനു രൂപേഷ് നേതൃത്വം നൽകിത്തുടങ്ങി. എന്നാൽ ഷൈന ഒരിക്കലും രംഗത്തുവന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP