Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പച്ചവെളിച്ചം മാത്രമല്ല തത്വമസിയും ഹല്ലേലുയ്യായും! തത്വമസിക്കാർ ഹൈന്ദവ ദേശീയത പ്രചരിപ്പിക്കുമ്പോൾ ഹല്ലേലുയ്യാക്കാർ പ്രാർത്ഥിച്ച് സുഖപ്പെടുത്തും; കേരള പൊലീസിനെ നയിക്കുന്നത് മതത്തിന്റെ പേരിൽ ചേരിതിരിഞ്ഞ പ്രത്യേക സംഘങ്ങൾ; പല ഗ്രൂപ്പിലും ഐപിഎസുകാർ വരെ അംഗങ്ങൾ

പച്ചവെളിച്ചം മാത്രമല്ല തത്വമസിയും ഹല്ലേലുയ്യായും! തത്വമസിക്കാർ ഹൈന്ദവ ദേശീയത പ്രചരിപ്പിക്കുമ്പോൾ ഹല്ലേലുയ്യാക്കാർ പ്രാർത്ഥിച്ച് സുഖപ്പെടുത്തും; കേരള പൊലീസിനെ നയിക്കുന്നത് മതത്തിന്റെ പേരിൽ ചേരിതിരിഞ്ഞ പ്രത്യേക സംഘങ്ങൾ;  പല ഗ്രൂപ്പിലും ഐപിഎസുകാർ വരെ അംഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ മതത്തിന്റെ പേരിലുള്ള ചേരി തിരിവുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇന്റലിജൻസിൽ നിന്നും പുറത്ത് വരുന്നത്. നേരത്തെ പൊലീസ് സേനയിൽ മുസ്ലിം വിഭാഗവുമായി ബന്ധപ്പെട്ട പച്ചവെളിച്ചം എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടെന്ന് ശ്രദ്ധയിൽപെട്ടിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തത്ത്വമസി, ഹാല്ലേലൂയ്യാ എന്നീ ഗ്രൂപ്പുകളും ഉണ്ടെന്ന് വെളിവായത്.

പച്ചവെളിച്ചമെന്ന ഗ്രൂപ്പിന് തീവ്രവാദ സ്വഭാവമുണ്ടെന്നു ആദ്യം സംശയമുയർന്നിരുന്നു. എന്നാൽ അധികം വൈകാതെ അതു പിരിച്ചുവിട്ട് പച്ചവെളിച്ചം 2 എന്ന ഗ്രൂപ്പുണ്ടാക്കുകയും ചെയ്തു. രണ്ടാമതും ഗ്രൂപ്പുണ്ടാക്കിയ വിവരം പുറത്തായതോടെ നടത്തിയ അന്വേഷണത്തിലാണ് വിവിധ ജാതി, മത സംഘടനകൾ പൊലീസിൽ ശക്തിപ്രാപിക്കുന്നു എന്ന സംശയം ബലപ്പെടുത്തുന്ന തരത്തിലുള്ള വാട്സ്ആപ് ഗ്രൂപ്പുകൾ ഇന്റലിജൻസിന്റെ കണ്ണിലുടക്കിയത്. സിവിൽ പൊലീസ് ഓഫീസർമാർ മുതൽ ഐ.പി.എസുകാർ വരെ ഈ ഗ്രൂപ്പുകളിലുണ്ട്. ഇതു വാട്സ്ആപ്പിൽ മാത്രം. മറ്റു സാമൂഹികമാധ്യമങ്ങളിൽ എത്ര പൊലീസ് ഗ്രൂപ്പുകളും പേജുകളുമുണ്ടെന്നു കണ്ടെത്താൻ വിശദമായ അന്വേഷണം വേണ്ടിവരും.

ഹിന്ദുസ്വാധീനമുള്ള ഗ്രൂപ്പാണ് തത്ത്വമസി. ഹല്ലേലൂയ്യാ ക്രൈസ്തവ വിശ്വാസികൾ ഉൾപ്പെടുന്ന ഗ്രൂപ്പും. ഇത്തരം ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ ഇന്റലിജൻസ് പരിശോധിച്ച് ആഭ്യന്തരവകുപ്പിനു റിപ്പോർട്ട് നൽകിയിരുന്നു. സേനയിൽനിന്നു വിരമിച്ച ഒരുദ്യോഗസ്ഥനാണ് ഗ്രൂപ്പിന്റെ അഡ്‌മിനെന്നാണ് വിവരം. സർവീസ് സംബന്ധമായ പ്രശ്നങ്ങൾ ഈ ഗ്രൂപ്പിലൂടെ പ്രാർത്ഥിച്ചു പരിഹരിക്കാം!

ഗ്രൂപ്പുകളിലെ മിക്ക ഉദ്യോഗസ്ഥർക്കും മത നേതാക്കളുമായും ഉന്നത ബന്ധമുണ്ടെന്നും സൂചനയുണ്ട്. ഏതെങ്കിലും തരത്തിലുള്ള കേസിൽ പിടികൂടപ്പെട്ടാൽ ഇവർക്കുവേണ്ടി ശുപാർശ ചെയ്യാൻ സമുദായനേതാക്കളും അവരുടെ പിണിയാളുകളായ രാഷ്ട്രീയനേതാക്കളും തയാറാണ്.

ആലപ്പുഴ ജില്ലയിൽ ക്രമസമാധാനച്ചുമതലയുള്ള ഒരു ഡിവൈ.എസ്‌പി എല്ലാ സർവീസ് ചട്ടങ്ങളും ലംഘിച്ച് ഒരു ക്രൈസ്തവസഭയിൽ ഭാരവാഹിത്വം വഹിക്കുന്നുണ്ടെന്നും ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ ഭാരവാഹിയാക്കിയത് വിവാദ സംഭവങ്ങളിൽ ഉൾപ്പെട്ട ബിഷപ്പാണെന്നും സൂചനയുണ്ട്. ഇതേ ഉദ്യോഗസ്ഥന് ഭൂമിയിടപാടുകളും ക്വാറി, മണ്ണ് കച്ചവടവും ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.

സമുദായത്തിലും രാഷ്ട്രീയത്തിലുമുള്ള സ്വാധീനം ഉപയോഗിച്ചാണ് ഡിവൈഎസ്‌പി ഇടപാട് നടത്തുന്നത്. ഇടപാട് ഉറച്ചാൽ ഇടനിലക്കാരനെ മാറ്റി ഡിവൈ.എസ്‌പി. കാര്യം കൈയടക്കും. അത്തരത്തിൽ വഞ്ചിക്കപ്പെട്ട ഇടനിലക്കാർ വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയിരുന്നു.

ഇത്തരം ഗ്രൂപ്പുകളിലൂടെ വളരുന്ന ഉദ്യോഗസ്്ഥർ സമുദായ നേതാക്കൾക്കും പണം നൽകുന്നതായാണ് റിപ്പോർട്ട്. രാഷ്ട്രീയ സ്വാധീനം നിലനിർത്താൻ പാർട്ടികളിലെ നേതാക്കൾക്കും പണക്കെട്ടുകൾ മുടങ്ങാതെ ചെല്ലുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവണത പൊലീസിനെ അപകടകരമായ നിലയിലേക്കാണു കൊണ്ടുപോകുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP