Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിപ്പയ്ക്ക് കാരണം വവ്വാലാണോ എന്നറിയില്ല: മഴക്കാലം തുടങ്ങും മുൻപേ കേരളം മുഴുവൻ പനിയുടെ പിടിയിൽ; കൊച്ചിയിൽ രണ്ടു വയസുകാരി മരിച്ചതും തലച്ചോറിലെ വെള്ളക്കെട്ട് മൂലം; കരുതലുമായി ലോകാരോഗ്യ സംഘടനയും; പനിപ്പേടി മാറാതെ കേരളം

നിപ്പയ്ക്ക് കാരണം വവ്വാലാണോ എന്നറിയില്ല: മഴക്കാലം തുടങ്ങും മുൻപേ കേരളം മുഴുവൻ പനിയുടെ പിടിയിൽ; കൊച്ചിയിൽ രണ്ടു വയസുകാരി മരിച്ചതും തലച്ചോറിലെ വെള്ളക്കെട്ട് മൂലം; കരുതലുമായി ലോകാരോഗ്യ സംഘടനയും; പനിപ്പേടി മാറാതെ കേരളം

കൊച്ചി: നിപ്പ രോഗബാധയ്ക്ക് കാരണം വവ്വാലാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. മഴക്കാലം തുടങ്ങു മുമ്പേ കേരളം മുഴുവൻ പനിയുടെ പിടിയിലാണ്. ആശങ്ക വർദ്ധിപ്പിച്ചു കൊണ്ട് കൊച്ചിയിൽ രണ്ടര വയസുകാരൻ മരിച്ചു. പനി ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടര വയസ്സുകാരനാണ് മരിച്ചത്.

മട്ടാഞ്ചേരി ഈരവേലി റോഡിൽ സജീർ മുഹമ്മദിന്റെയും അൽഫ്രിയുടെയും മകൻ ഫർദീനാണ് മരിച്ചത്. കബറടക്കം നടത്തി. കുട്ടിയുടെ സ്രവ സാംപിൾ വൈറസ് ബാധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ലഭിച്ചിട്ടില്ല. വൈറസ് ബാധയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും തലച്ചോറിലെ നീർക്കെട്ടാണ് മരണകാരണമെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

ജില്ലയിൽനിന്ന് വിദഗ്ധ പരിശോധനയ്ക്ക് അയച്ച നാലു സാംപിളുകളിൽ ഒന്നിൽ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഫർദീന്റേതുൾപ്പെടെ മൂന്നു സാംപിളുകളുടെ ഫലം ലഭിക്കാനുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫിസർ പറഞ്ഞു. നെട്ടൂരിൽ താമസിക്കുന്ന പേരാമ്പ്ര സ്വദേശികളായ രണ്ടു പാരാ മെഡിക്കൽ വിദ്യാർത്ഥിനികളെ ഇന്നലെ പനി ബാധയെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ മറ്റൊരു പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ കളമശേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ചേർത്തല സ്വദേശിയാണിത്. മൂവരുടെയും നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ വ്യക്തമാക്കി. കടുത്ത പനിയും മറ്റു ലക്ഷണങ്ങളുമായി നാലു പേരെയാണ് കഴിഞ്ഞ ദിവസം ജില്ലയിൽ നിരീക്ഷണത്തിലാക്കിയത്. ഇതിൽ ഒരാൾക്ക് ചെള്ളു പനിയാണെന്ന് സ്ഥിരീകരിച്ചു.

പേരാമ്പ്രയ്ക്കു സമീപം പന്തിരിക്കയിലെ കിണറ്റിൽനിന്ന് പിടികൂടിയ വവ്വാലുകളല്ല നിപ വൈറസിന്റെ ഉറവിടമെന്ന് സ്ഥിരീകരിച്ചു. ഭോപാലിലെ ലാബിലേക്ക് പരിശോധനയ്ക്കയച്ച വവ്വാലുകളുടെയും മറ്റ് വളർത്തുമൃഗങ്ങളുടെയും സാമ്പിളിൽ നിപ വൈറസില്ലെന്ന ഫലം പുറത്തുവന്നു. പനിബാധിച്ച് മരിച്ച ചങ്ങരോത്ത് സൂപ്പിക്കടയിലെ സാബിത്തിന്റെ വീട്ടിലെ കിണറ്റിൽനിന്ന് പിടിച്ച വവ്വാലുകളുടേതുൾപ്പെടെ 21 സാമ്പിളുകളാണ് ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിൽ പരിശോധിച്ചത്. ഈ ഫലങ്ങളെല്ലാം നെഗറ്റീവാണെന്ന് സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി പറഞ്ഞു.

ഇതോടെ വവ്വാലുകളിൽ നിന്നല്ലെങ്കിൽ വൈറസ് എവിടെനിന്നുവന്നു എന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം വേണ്ടിവരും. സാബിത്തിന് എങ്ങനെ രോഗബാധയുണ്ടായെന്നതിലേക്കാണ് അന്വേഷണം നീളുന്നത്. മെയ്‌ അഞ്ചിനാണ് സാബിത്ത് പനിബാധിച്ച് മരിച്ചത്. നിപയാണ് മരണകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനമെങ്കിലും രക്തസാന്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കാത്തതിനാൽ സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട് സാബിത്തിന്റെ സഹോദരൻ സാലിഹും പിതാവ് മൂസ്സയും നിപ ബാധിച്ച് മരിച്ചു. മൂവരും സൂപ്പിക്കടയ്ക്ക് സമീപമുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയശേഷമാണ് നിപ പടർന്നതെന്നാണ് കരുതിയിരുന്നത്. അതുകൊണ്ടാണ് ഈ കിണറ്റിലുള്ള വവ്വാലുകളുടെ സാമ്പിളുകൾ പരിശോധിച്ചതും.

ഈ വവ്വാലുകളല്ല വൈറസ് വാഹകരെന്ന് സ്ഥിരീകരിച്ചതോടെ സാബിത്തിന്റെ യാത്രാവിവരവും പൂർവസാഹചര്യവും അന്വേഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജയും കോഴിക്കോട് കളക്ടർ യു.വി. ജോസും വെള്ളിയാഴ്ച കോഴിക്കോട്ട് ചേർന്ന സർവകക്ഷി യോഗത്തിനുശേഷം പറഞ്ഞു. ഇതിനായി വടകര റൂറൽ എസ്‌പി.യെ നിയോഗിച്ചു.

പഴംതീനി വവ്വാലുകളാണ് നിപ വൈറസിന്റെ ഉറവിടമെന്ന് നേരത്തേ വിദേശത്ത് നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രോഗം പടർന്ന സ്ഥലത്തുകണ്ടെത്തിയ വവ്വാലിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. തൊണ്ടയിൽനിന്നുള്ള സ്രവം, രക്തം, കാട്ടം എന്നിവയുടെ സാമ്പിളുകളാണ് വവ്വാലിന്റേതായി പരിശോധനയ്ക്കയച്ചത്.

എട്ട് പന്നികളുടെ മൂക്കിൽനിന്നുള്ള സ്രവം, രക്തം എന്നിവയും പശുവിന്റെയും ആടിന്റെയും രക്തസാമ്പിളുകളും പരിശോധിച്ചു. വളർത്തുമൃഗങ്ങൾക്ക് നിപ ബാധിച്ചിട്ടില്ലെന്നതിന്റെ തെളിവുകൂടിയാണ് പരിശോധനാഫലം. കേന്ദ്രസർക്കാർ അനുമതിയോടെയാണ് വെള്ളിയാഴ്ച വൈകീട്ട് ലബോറട്ടറി പരിശോധനാഫലം പുറത്തുവിട്ടത്.

നിപ രോഗവാഹകരല്ലാത്ത ഇൻസെക്ടിവോറസ്(കീടങ്ങളെ ഭക്ഷിക്കുന്ന) വവ്വാലുകളെയാണ് പന്തിരിക്കരയിലെ കിണറ്റിൽനിന്ന് പിടിച്ചതും സാന്പിൾ ശേഖരിച്ചതും. സാധാരണ നിപ വൈറസ് കാണുന്നത് പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളിലാണ്. ഇത്തരം വവ്വാലുകളുടെ സാമ്പിളുകൾകൂടി പരിശോധിക്കുന്നുണ്ട്. മൃഗസംരക്ഷണവകുപ്പ് അധികൃതർ പന്തിരിക്കരയിലും പരിസരത്തുനിന്നുമായി ഇവയുടെ കാട്ടവും മൂത്രവും ശേഖരിക്കുന്നുണ്ട്. ഏതാണ്ട് 50 സാമ്പിളെങ്കിലും ശേഖരിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, മഴപെയ്യുന്നതിനാൽ കാട്ടം ശേഖരിക്കുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്.

പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം ശനിയാഴ്ച ജില്ലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവർ പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളെ പിടികൂടും. നേരത്തേവന്ന കേന്ദ്രസംഘം തിരിച്ചുപോയിരുന്നു.

കരുതലുമായി ലോകാരോഗ്യ സംഘടന

അതേസമയം കേരളത്തിൽ പടർന്നു പിടിക്കുന്ന നി പ വൈറസ് ബാധയിൽ വിശദമായ പഠനം നടത്താനൊരുങ്ങി ലോകാരോഗ്യസംഘടന. മലേഷ്യയിൽ കണ്ടെത്തിയതുമുതൽ കോഴിക്കോട്ടെ പേരാമ്പ്രയിൽ കണ്ടതുവരെയുള്ള വൈറസ് ബാധകളെപ്പറ്റിയാണ് പഠനം. ആഫ്രിക്കയിൽ എബോള രോഗം പടർന്നതിനുപിന്നാലെ രൂപംകൊണ്ട കൊയലീഷൻ ഫോർ എപിഡെമിക് പ്രിപ്പേർഡ്നെസ് ഇന്നവേഷൻ (സി.ഇ.പി.ഐ.) എന്ന അന്താരാഷ്ട്ര സംഘടനയുമായി ലോകാരോഗ്യസംഘടന വിഷയം ചർച്ചചെയ്തു.

നിപയ്ക്കെതിരായ പ്രതിരോധമരുന്നു കണ്ടെത്താൻ സി.ഇ.പി.ഐ. 170 കോടി രൂപയും പ്രഖ്യാപിച്ചു. യു.എസ്. കമ്പനികളായ പ്രൊഫക്ടസ് ബയോസയൻസസ്, എമർജെന്റ് ബയോ സൊലൂഷൻസ് എന്നിവയ്ക്കാണ് അടുത്ത അഞ്ചുവർഷത്തേക്ക് ഈ തുക അനുവദിച്ചത്.മൃഗങ്ങളിൽ പരീക്ഷിച്ചുവിജയിച്ച മരുന്ന് മനുഷ്യരിലുംകൂടി ഉപയോഗയോഗ്യമാക്കാനുള്ള പരീക്ഷണങ്ങളാകും കമ്പനികൾ നടത്തുക. പ്രൊഫക്ടസ് വികസിപ്പിച്ചെടുത്ത മരുന്ന് നേരത്തേ മൃഗങ്ങളിൽ പരീക്ഷിച്ച് വിജയിച്ചിരുന്നു. ഗവേഷകരായ ക്രിസ്റ്റഫർ ബ്രോഡർ, കാതറിൻ ബൊസാർട്ട് എന്നിവർ യൂണിഫോംഡ് സർവീസസ് യൂണിവേഴ്സിറ്റി ഓഫ് ദ ഹെൽത്ത് സയൻസസിൽവെച്ച് 15 വർഷംമുൻപ് കണ്ടുപിടിച്ച പ്രതിരോധമരുന്നിൽ പരീക്ഷണം നടത്താനാണ് അവർ ഉദ്ദേശിക്കുന്നത്.

പരീക്ഷണങ്ങൾ പൂർത്തിയാകാൻ നാലുവർഷത്തിലേറെ വേണ്ടിവന്നേക്കുമെന്ന് അവർ അറിയിച്ചു. വവ്വാലുകൾവഴി പടരുന്ന ഹെൻഡ്ര വൈറസിനും ഇതേ മരുന്ന് ഫലപ്രദമാകുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയയിൽ 2012-ൽ കുതിരകളിൽ കണ്ടെത്തിയ ഹെൻഡ്രയ്ക്കെതിരേയാണ് ഈ മരുന്നുപയോഗിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP