Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറന്മുളയിൽ വിമാനം ഇറങ്ങില്ല; വിമാനത്താവള പദ്ധതിക്ക് അനുമതി നൽകില്ലെന്ന് വിശദീകരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി; തീരുമാനം ഉടൻ പരസ്യമായി പറയുമെന്നും ജാവ്‌ദേക്കർ; പ്രതിഷേധത്തിനിറങ്ങിയ പരിവാരുകാർക്ക് വീണ്ടും പ്രതീക്ഷ

ആറന്മുളയിൽ വിമാനം ഇറങ്ങില്ല; വിമാനത്താവള പദ്ധതിക്ക് അനുമതി നൽകില്ലെന്ന് വിശദീകരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി; തീരുമാനം ഉടൻ പരസ്യമായി പറയുമെന്നും ജാവ്‌ദേക്കർ; പ്രതിഷേധത്തിനിറങ്ങിയ പരിവാരുകാർക്ക് വീണ്ടും പ്രതീക്ഷ

ന്യൂഡൽഹി: ആറന്മുള വിമാനത്താവളത്തിന് അനുമതി നൽകുന്ന പ്രശ്‌നമില്ലെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാർത്തകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ന്യൂഡൽഹിയിൽ ചേർന്ന പാർലമെന്റിന്റെ വനംപരിസ്ഥിതി കൂടിയാലോചനാസമിതി യോഗത്തിലാണ് ജാവ്‌ദേക്കർ വിശദീകരണം നൽകിയത്. അതേസമയം, തന്റെ മന്ത്രാലയത്തിന്റെ വിദഗ്ധസമിതി ആറന്മുളയിലെ ഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് തീർപ്പുകൽപിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാൻ കെ.ജി.എസ് ഗ്രൂപ്പിന് പച്ചക്കൊടി കാണിച്ചതും അതിന്റെ അടിസ്ഥാനത്തിൽ പുതിയൊരു പരിസ്ഥിതി ആഘാതപഠനം നടത്താൻ അനുമതി നൽകിയതും സംബന്ധിച്ച് മന്ത്രി വിശദീകരിച്ചില്ല.

ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പവും വിവാദവുമുണ്ടെങ്കിൽ കേന്ദ്രത്തിന്റെ നിലപാട് താൻ പരസ്യമായി പറയുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഉപദേശകസമിതി യോഗത്തിൽ സി.എൻ. ജയദേവനാണ് ആറന്മുള വിഷയത്തിൽ മന്ത്രിയുടെ വിശദീകരണം തേടിയത്. പദ്ധതിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ വാർത്ത വന്ന പശ്ചാത്തലത്തിൽ ഉപദേശകസമിതിക്ക് ഫലപ്രദമായി ഇടപെടാൻ സാധിക്കുമോ എന്ന് ജയദേവൻ ആരാഞ്ഞു. ബിജെപി അടക്കം കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പദ്ധതി ഒരുനിലക്കും അനുവദിക്കില്‌ളെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും പ്രസ്താവനയിറക്കിയിട്ടുണ്ടെന്നും ജയദേവൻ പറഞ്ഞു. എന്നാൽ, ആറന്മുള പദ്ധതിക്ക് മന്ത്രാലയം അനുമതി നൽകിയിട്ടില്‌ളെന്നായിരുന്നു മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ഒരേ സ്വരത്തിലുള മറുപടി.

വാർത്താമാദ്ധ്യമങ്ങൾ തെറ്റിദ്ധാരണജനകമായ വാർത്തകൾ നൽകിയതാകാമെന്നും ആശയക്കുഴപ്പം ഒഴിവാക്കാൻ വേണമെങ്കിൽ പ്രസ്താവനയിറക്കാമെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിദഗ്ധ സമിതിയെപ്പറ്റി മന്ത്രി ജാവ്‌ദേക്കർ മൗനംപാലിക്കുകയും ചെയ്തു. യോഗത്തിനുശേഷം കേരളത്തിൽനിന്നുള്ള എംപിമാരെ കണ്ടപ്പോൾ ജയദേവൻ ആറന്മുളവിഷയം ഉന്നയിച്ചകാര്യം മന്ത്രി അവരോടും പറഞ്ഞു.
യോഗത്തിൽ പറഞ്ഞ വാക്കുകൾ അവരോടും ആവർത്തിച്ച മന്ത്രി പക്ഷേ, തനിക്കു കീഴിലുള്ള സമിതി കൈക്കൊണ്ട തീരുമാനത്തെക്കുറിച്ച് എംപിമാരോടും ഒന്നുംപറഞ്ഞില്ല. ഉപദേശകസമിതി യോഗത്തിനുശേഷം എ. സമ്പത്ത്, പി.കെ. ബിജു, ജോയ്‌സ് ജോർജ് എന്നീ എംപി.മാരാണ് പാർലമെന്റ് സെൻട്രൽ ഹാളിൽവച്ച് മന്ത്രിയോട് ആറന്മുളയുടെ കാര്യം അന്വേഷിച്ചത്. ആറന്മുള സമരത്തിന്റെ മുന്നിൽ നിന്ന സംസ്ഥാനത്തെ ബിജെപി, സംഘപരിവാർ നേതൃത്വത്തിനാണ് പുതിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷ നൽകുന്നത്.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പാർലമെന്റ് അനെക്‌സിൽ ചേർന്ന കൂടിയാലോചനാ യോഗത്തിലാണ് ആറന്മുള വിഷയമായത്. പ്രകാശ ്ജാവദേക്കറിന്റെ നിലപാടാണ് കേരളത്തിലെ ബിജെപി ഘടകത്തിനുമുള്ളത്. പാരിസ്ഥിതികാഘാത പഠനത്തിൽ സത്യസന്ധമായ വസ്തുതകൾ ബോധ്യപ്പെടുത്തി പദ്ധതിയെ എതിർത്ത് തോൽപ്പിക്കാമെന്നാണ് ബിജെപിയുടെ വിശദീകരണം. അതിനിടെ പാരസ്ഥിതിക പഠനാനുമതിയെ കുറിച്ച് രണ്ട് വാദങ്ങൾസജാവമാണ്. ആറന്മുള വിമാനത്താവളപദ്ധതിയുമായി മുന്നോട്ടുപോകാൻ കെ.ജി.എസ്. ഗ്രൂപ്പിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്കിയത് വികസനം ജനപങ്കാളിത്തത്തോടെ എന്ന നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് വിരുദ്ധമാണെന്ന് ഡോ. മാധവ് ഗാഡ്ഗിൽ ആരോപിച്ചു. വിമാനത്താവളപദ്ധതിയിൽ കോൺഗ്രസ് സർക്കാറിൽനിന്നും ലഭിച്ച പിന്തുണയുടെ ആവർത്തനം തന്നെയാണ് നരേന്ദ്ര മോദി സർക്കാറും പുതിയ തീരുമാനത്തിലൂടെ തുടരുന്നത് എന്നദ്ദേഹം ആരോപിച്ചു.

അതിനിടെ ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടന്നുവരുന്ന ജനകീയ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ആറന്മുള പൈതൃക ഗ്രാമകർമ്മ സമിതി രക്ഷാധികാരി കുമ്മനം രാജശേഖരൻ ആവർത്തിച്ചു. മണ്ണിനും അന്നത്തിനും വെള്ളത്തിനും വേണ്ടിയുള്ള ആറന്മുളയിലെ ബഹുജനസമരം എന്തു ത്യാഗം സഹിച്ചും മുന്നോട്ടുപോകും. അന്തിമവിജയം നേടുംവരെ സമരപാതയിൽ അടിയുറച്ചുനിൽക്കും. രാഷ്ട്രീയതാല്പര്യമല്ല, രാഷ്ട്രതാല്പര്യമാണ് വലുതെന്നും നാടിന്റെ വിശാലതാല്പര്യം സംരക്ഷിക്കാനുള്ള അതിജീവനസമരമാണ് ആറന്മുളയിൽ നടക്കുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. കെജിഎസ്. ഗ്രൂപ്പ് മതിയായ തെളിവുകളുടെയും രേഖകളുടെയും പിൻബലത്തിലല്ല, മറിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാരിസ്ഥിതാഘാതപഠനം നടത്തുവാൻ അനുമതി നേടി എടുത്തതെന്നും കുമ്മനം ആരോപിച്ചു.

ആറന്മുള വിമാനത്താവള നിർമ്മാണം സംബന്ധിച്ച് കേന്ദ്രസർക്കാർ അടിയന്തരമായി നയപരമായ തീരുമാനം കൈകൊള്ളണം. മുൻ കേന്ദ്രസർക്കാർ നൽകിയ എല്ലാ അനുമതികളും റദ്ദ് ചെയ്യണം. വ്യാമയാനപ്രതിരോധ മന്ത്രാലയങ്ങളുടെ മുമ്പാകെ വിമാനത്താവള നിർമ്മാണത്തിനെതിരെ പൈതൃകഗ്രാമകർമ്മസമിതി സമർപ്പിച്ചിട്ടുള്ള എല്ലാ നിവേദനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആറന്മുള വിമാനത്താവള പദ്ധതിയുടെ പാരിസ്ഥിതിക പഠനം നടത്താൻ വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. മുൻനിര പരിസ്ഥിതി പഠന സ്ഥാപനമായ എസ്ജിഎസ് ആണു പഠനം നടത്തുക. രാജ്യത്ത് ഈ വർഷം നിർമ്മിക്കാനുദ്ദേശിക്കുന്ന 14 വിമാനത്താവളങ്ങളുടെ പട്ടികയിൽ ആറന്മുളയെയും കേന്ദ്രം ഉൾപ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പഠനമില്ല എന്നല്ല, പദ്ധതിയോടു കേന്ദ്രത്തിനു വിയോജിപ്പാണ് എന്നാണു മന്ത്രി വ്യക്തമാക്കുന്നത്. കേരളത്തിലെ ബിജെപി ഘടകം പദ്ധതിയെ എതിർക്കുകയാണ്. എന്തായാലും മന്ത്രിയുടെ അഭിപ്രായപ്രകടനം പദ്ധതിക്കുമേൽ വീണ്ടും സംശയത്തിന്റെ നിഴൽ വീഴ്‌ത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP