Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈത്ത് ഓയിൽ കമ്പനിയിലേക്കു നിയമനം നടത്തുന്ന ജനറൽ ട്രേഡിങ് കമ്പനി(ജിടിസി)യുമായി ഒത്തുകളിച്ച് വഴിവിട്ട നിയമന നീക്കം; മനുഷ്യക്കടത്തു കേസ് പ്രതിയായ നോർക്ക കൺസൽട്ടന്റ് പുറത്ത്

കുവൈത്ത് ഓയിൽ കമ്പനിയിലേക്കു നിയമനം നടത്തുന്ന ജനറൽ ട്രേഡിങ് കമ്പനി(ജിടിസി)യുമായി ഒത്തുകളിച്ച് വഴിവിട്ട നിയമന നീക്കം; മനുഷ്യക്കടത്തു കേസ് പ്രതിയായ നോർക്ക കൺസൽട്ടന്റ് പുറത്ത്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലെ വിദേശ റിക്രൂട്ടിങ് ഏജൻസിയായ നോർക്കയുടെ കൺസൽറ്റന്റായി കയറിക്കൂടിയ മനുഷ്യക്കടത്തു കേസ് പ്രതിയെ സർക്കാർ പുറത്താക്കി. ബി.വിവേക് എന്ന പേരിൽ കൺസൽറ്റന്റായി പ്രവർത്തിച്ച വിവേകാനന്ദനെ പുറത്താക്കിയെന്നും വിദേശനിയമനങ്ങൾക്കായി ഇയാളെ ഉദ്യോഗാർഥികൾ സമീപിക്കരുതെന്നും നോർക്ക ഇന്നലെ വെബ്‌സൈറ്റിൽ അറിയിപ്പു നൽകി. കുവൈത്ത് ഓയിൽ കമ്പനിയിലേക്കു നഴ്‌സുമാരെ റിക്രൂട് ചെയ്യാൻ നോർക്ക നടത്തിയ അഭിമുഖം അട്ടിമറിച്ചു സ്വന്തം നിലയ്ക്കു റിക്രൂട് ചെയ്യാൻ നീക്കം നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടി.

നോർക്കയുടെ വിദേശ റിക്രൂട്‌മെന്റിനു ചുക്കാൻ പിടിക്കുന്നതു മനുഷ്യക്കടത്തു കേസിൽ സിബിഐ അറസ്റ്റു ചെയ്ത പ്രതിയാണെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കുവൈത്ത് ഓയിൽ കമ്പനി നടത്തിയ അന്വേഷണമാണു നടപടിക്കു വഴിതെളിച്ചത്. കുവൈത്ത് ഓയിൽ കമ്പനിയിലേക്കു 150 നഴ്‌സുമാരെ റിക്രൂട് ചെയ്യാൻ കഴിഞ്ഞ മാസമാണു നോർക്ക പരസ്യം ചെയ്തത്. എന്നാൽ, നോർക്കയെ നോക്കുകുത്തിയാക്കി കൺസൽറ്റന്റും ചില സ്വകാര്യ ട്രാവൽ ഏജന്റുമാരും വഴിവിട്ടു നിയമനം നടത്തുന്നതായി വിജിലൻസ് റിപ്പോർട്ടു നൽകി. നോർക്കയുടെ അഭിമുഖത്തിന് അപേക്ഷിച്ച തങ്ങൾക്കു ജോലിവാഗ്ദാനം ചെയ്ത് ഇടനിലക്കാർ വൻതുക കോഴ ആവശ്യപ്പെട്ടതായി ഉദ്യോഗാർഥികളുടെ പരാതിയും ലഭിച്ചു.

കുവൈത്ത് ഓയിൽ കമ്പനിയിലേക്കു നിയമനം നടത്തുന്ന കുവൈത്തിലെ ഏജൻസിയായ ജനറൽ ട്രേഡിങ് കമ്പനി(ജിടിസി)യുമായി ഒത്തുകളിച്ചായിരുന്നു വഴിവിട്ട നിയമന നീക്കം. ഇതോടെ, ബെംഗളൂരുവിൽ നടത്താനിരുന്ന അഭിമുഖം നോർക്ക അവസാന നിമിഷം റദ്ദാക്കി. കൺസൽറ്റന്റും ജിടിസിയും തമ്മിലെ രഹസ്യഇടപാടു പുറത്തായതോടെ, ജിടിസിയുടെ ലൈസൻസ് സർക്കാർ റദ്ദാക്കി. കുവൈത്ത് ഓയിൽ കമ്പനിയാകട്ടെ ജിടിസിയുമായുള്ള കരാർ അവസാനിപ്പിക്കുകയും ഇക്കാര്യം നോർക്കയെ അറിയിക്കുകയും ചെയ്തു. പിന്നാലെ, ജിടിസി പ്രതിനിധി നേരിട്ടു കേരളത്തിലെത്തി കൺസൽറ്റന്റ് തങ്ങളെ കരുവാക്കി മനുഷ്യക്കടത്തിനു ശ്രമിക്കുകയായിരുന്നെന്ന് നോർക്ക അധികൃതരെ അറിയിച്ചു. ഇതാണ് ഒട്ടേറെ ആരോപണങ്ങളുണ്ടായിട്ടും ഉന്നത ബന്ധങ്ങളുടെ പിൻബലത്തിൽ നോർക്കയിൽ തുടരുകയായിരുന്ന മുൻ ട്രാവൽ ഏജന്റു കൂടിയായ വിവേകാനന്ദനെതിരെ നടപടിയെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

പൊതുഭരണവകുപ്പ് സെക്രട്ടറിയും ഇപ്പോൾ നോർക്ക ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറുമായ ഉഷാ ടൈറ്റസാണു വിവേകാനന്ദനെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്. വിവേകാനന്ദനു കൈമാറിയിട്ടുള്ള മുഴുവൻ റിക്രൂട്‌മെന്റ് രേഖകളും പിടിച്ചെടുക്കാനും അവർ ഉദ്യോഗസ്ഥരോടു നിർദ്ദേശിച്ചു. ഇനി, കൺസൽറ്റന്റിന്റെ സഹായമില്ലാതെ നേരിട്ടു വിദേശ കമ്പനികളുമായി സഹകരിച്ചു റിക്രൂട്‌മെന്റ് തുടരാനാണു നോർക്കയുടെ തീരുമാനം. ഇതിനായി, അവധിയെടുത്തു വിദേശത്തു തങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം തേടും. മനുഷ്യക്കടത്തു തടയുക എന്ന ലക്ഷ്യത്തോടെയാണു നഴ്‌സുമാരെ വിദേശത്തേക്കു റിക്രൂട് ചെയ്യുന്നതിനുള്ള അധികാരം കേന്ദ്രസർക്കാർ നോർക്കയ്ക്കും ഒഡേപെക്കിനു മാത്രമായി പരിമിതപ്പെടുത്തിയത്.

എന്നാൽ, ഈ ഏജൻസികളെ തന്നെ കരുവാക്കി ഇപ്പോഴും സ്വകാര്യ ഏജൻസികൾ ഉദ്യോഗാർഥികളിൽ നിന്നു വൻ തുക വാങ്ങി മനുഷ്യക്കടത്തു നടത്തുന്നുവെന്നാണു നോർക്കയുടെ അന്വേഷണത്തിൽ തന്നെ കണ്ടെത്തിയത്. വെറും 20,000 രൂപ നോർക്കയ്ക്കു ഫീസായി നൽകി വിദേശത്തു ജോലി നേടാമെന്നിരിക്കെ, രണ്ടു മുതൽ മൂന്നു ലക്ഷം വരെയാണ് ഏജന്റുമാർ കോഴയായി ഈടാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP