Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളറടയിൽ വില്ലേജ് ഓഫീസ് ആക്രമിച്ചയാളെ കുറിച്ച് ഇനിയും വിവരമില്ല; മൂന്നംഗ സംഘമെന്ന സൂചനയുമായി പ്രാഥമിക റിപ്പോർട്ട്; മാവോയിസ്റ്റ്തീവ്രവാദ ആക്രമണമല്ലെന്നും പൊലീസ്

വെള്ളറടയിൽ വില്ലേജ് ഓഫീസ് ആക്രമിച്ചയാളെ കുറിച്ച് ഇനിയും വിവരമില്ല; മൂന്നംഗ സംഘമെന്ന സൂചനയുമായി പ്രാഥമിക റിപ്പോർട്ട്; മാവോയിസ്റ്റ്തീവ്രവാദ ആക്രമണമല്ലെന്നും പൊലീസ്

തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസ് തീ കത്തിയതിന്റെ ദുരൂഹത ഇനിയും മാറുന്നില്ല. വെള്ളറട വില്ലേജ് ഓഫീസ് സ്‌ഫോൗടനത്തിനു പിന്നിൽ മൂന്നംഗസംഘമെന്ന് പ്രാഥമിക റിപ്പോർട്ട്. ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ച തർക്കമാണ് സ്‌ഫോടനത്തിന്റെ കാരണമെന്നാണ് വിവരം. വില്ലേജ് ഓഫീസിലെത്തിയ മൂന്നംഗ സംഘത്തിലെ ഹെൽമെറ്റ് വച്ച് മുഖം മറച്ച വ്യക്തിയാണ് ഓഫീസിനുള്ളിൽ പ്രവേശിച്ച് തീ കത്തിച്ചത്. ഇവർക്ക് മാവോയിസ്റ്റ്-തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

ഓഫീസിനുള്ളിൽ അക്രമം കാട്ടിയ വ്യക്തി കുറ്റകൃത്യങ്ങളിൽ വൈദഗ്ദ്ധ്യമുള്ള ആളല്ലെന്നാണ് പ്രാഥമിക നിഗമനം. തീ കത്തിച്ചപ്പോൾ അയാളുടെ വസ്ത്രങ്ങളിലേക്കും തീ പടർന്നത് തന്നെ പ്രധാന കാരണം. പതിവായി ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്ക് ഈ പിഴവ് ഉണ്ടാവാറില്ല. ഈ സാഹചര്യത്തിലാണ് മാവോയിസ്റ്റ് ബന്ധമില്ലെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്. അതിനിടെ ഓഫീസിനുള്ളിൽ നിന്ന് പകുതി കത്തിയ നിലയിൽ പ്‌ളാസ്റ്റിക് കന്നാസും തുണിസഞ്ചിയും കിട്ടി. വില്ലേജ് ഓഫീസിനോടു ചേർന്നുള്ള ഹോമിയോ ആശുപത്രിയിൽ നിന്ന് ഒരു തൊപ്പിയും കെട്ടിടത്തിന് കുറച്ച് അകലെ മാറി റോഡിൽ നിന്ന് ഒരു ഓവർകോട്ടും പൊലീസ് കണ്ടെടുത്തു. എന്നാൽ ഇവ ഇയാളുടേതാണോയെന്നു ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ വ്യക്തമാവൂ.

പാറമട ലോബിയിലേക്കും ്അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒരു പ്രധാന രാഷ്ട്രീയ നേതാവുമായി ബന്ധമുള്ള ഒരു വ്യക്തി ഈ വില്ലേജ് ഓഫീസ് പരിധിയിൽ പാറമട തുടങ്ങാനുള്ള അനുമതിക്ക് കുറെ നാൾ മുമ്പ് ശ്രമിച്ചിരുന്നു. സഹ്യപർവത സംരക്ഷണ സമിതി എന്ന സംഘടന നടത്തിയ പ്രതിഷേധത്തെ തുടർന്ന് ഇതിന് അനുമതി കിട്ടിയില്ല. എന്നാൽ മറ്റു ചില ക്വാറികൾ ഇവിടെ പ്രവർത്തിക്കുന്നുമുണ്ട്. ഇവർക്കിടയിലെ തർക്കമാണോ തീ വയ്‌പ്പിനു പിന്നിലെന്ന സംശയവുമുണ്ട്. മാരകമായ സ്‌ഫോടക വസ്തുക്കളല്ല ഉപയോഗിച്ചത്. ഒന്നുകിൽ പെട്രോൾ, അല്ലെങ്കിൽ മണ്ണെണ്ണ. പ്രാഥമിക പരിശോധനയിൽ കിട്ടിയ സൂചന ഇതാണ്.

ജാതി തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുകൾക്ക് കൂടുതൽ ആവശ്യക്കാരുള്ള മേഖലയാണ് ഇത്. മതിയായ രേഖകളില്ലാത്തവർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകാൻ വില്ലേജ് ഓഫീസർമാർ തയ്യാറാവാറില്ല. ഇതിന്റെ പേരിൽ മുമ്പ് പല തർക്കങ്ങളും ഇവിടെ ഉണ്ടായിട്ടുള്ളതായും പറയപ്പെടുന്നു. ഇങ്ങനെ ഏതെങ്കിലും സർട്ടിഫിക്കറ്രു നൽകാത്തതിലുള്ള വ്യക്തിവിരോധമാവാം പ്രശ്‌നത്തിന് കാരണമെന്നും വിലയിരുത്തുന്നു. ഒരു കുടുംബത്തിലെ വസ്തു സംബന്ധമായി രണ്ടു ദിവസം മുമ്പ് ഇവിടെ തർക്കം നടന്നതായും പറയപ്പെടുന്നു. അതിന്റെ തുടർച്ചയാണോ ഇതെന്നും അന്വേഷിക്കുന്നുണ്ട്.

രാവിലെ 11.15ഓടെ അമ്പതു വയസ് തോന്നിക്കുന്ന ഒരാൾ വില്ലെജ് ഓഫിസിലേക്ക് ഓടിക്കയറി വന്നെന്നും ഇയാൾ കൊണ്ടുവന്ന പൊടിരൂപത്തിലുള്ള വസ്തു തീയുപയോഗിച്ചു കത്തിക്കുകയായിരുന്നെന്നും വില്ലേജ് ഓഫീസർ പറയുന്നു. ഇയാൾ ഹെൽമെറ്റ് വച്ചിട്ടുണ്ടായിരുന്നു. പൊടിക്കു തീപിടിച്ച ഉടൻ ഓഫിസ് മുഴുവൻ പുകയും തീയുംകൊണ്ടു നിറഞ്ഞു. ഓഫിസിന്റെ വാതിൽ ഇയാൾ അടച്ചതിനാൽ പുറത്തിറങ്ങാനായില്ല. ടോയ്‌ലെറ്റിനുള്ളിൽ കയറിയാണു രക്ഷപ്പെട്ടത്. നാട്ടുകാരെത്തി ടോയ്‌ലെറ്റിന്റെ ഭിത്തി വെട്ടിപ്പൊളിച്ചാണ് ഉദ്യോഗസ്ഥരെ പുറത്തെത്തിച്ചത്.

സംഭവം നടക്കുമ്പോൾ അഞ്ചോളം പേരേ വില്ലെജ് ഓഫിസിൽ ഉണ്ടായിരുന്നുള്ളൂ. സാധാരണ 30 ഓളം പേർ ഉണ്ടാകുന്നതാണ്. അങ്ങനെയായിരുന്നെങ്കിൽ വലിയ അപകടം ഉണ്ടായേനേ എന്നും വില്ലെജ് ഓഫിസർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP