Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി വിജയനും ജാസ്മിൻ ഷായ്ക്കും കൈയടിച്ചത് വെറുതെയാകുമോ? ശമ്പള വർദ്ധന നടപ്പാക്കുകയില്ലെന്ന് തീർത്ത് പ്രഖ്യാപിച്ച് ആശുപത്രി ഉടമകൾ; ഇനി സമരം പ്രഖ്യാപിച്ചാൽ ആശുപത്രികൾ അടച്ചിടും; മലാഖമാർക്ക് പിന്നേയും കഞ്ഞി കുമ്പിളിൽ തന്നെ

പിണറായി വിജയനും ജാസ്മിൻ ഷായ്ക്കും കൈയടിച്ചത് വെറുതെയാകുമോ? ശമ്പള വർദ്ധന നടപ്പാക്കുകയില്ലെന്ന് തീർത്ത് പ്രഖ്യാപിച്ച് ആശുപത്രി ഉടമകൾ; ഇനി സമരം പ്രഖ്യാപിച്ചാൽ ആശുപത്രികൾ അടച്ചിടും; മലാഖമാർക്ക് പിന്നേയും കഞ്ഞി കുമ്പിളിൽ തന്നെ

കൊച്ചി: നഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ മിനിമം വേതനം വർധിപ്പിച്ചുള്ള സർക്കാർ വിജ്ഞാപനം നടപ്പാകില്ലെന്ന ആശങ്ക ശക്തമാകുന്നു. യുണൈറ്റഡ് നേഴ്‌സ് അസോസിയേഷന്റെ ഇടപെടലിനൊടുവിൽ പിണറായി സർക്കാർ കൊണ്ടു വന്ന വിജ്ഞാപനം അട്ടിമറിക്കാനാണ് സാധ്യത. യുഎൻഎയുടെ നേതാവ് ജാസ്മിൻ ഷായുടെ പ്രതീക്ഷകൾ വെറുതെയാകുമോ എന്ന സംശയമാണ് ഉയരുന്നത്.

സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്നു കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ (കെ.പി.എച്ച്.എ) വിശദീകരിക്കുന്നു. വിജ്ഞാപനത്തെ നിയമപരമായി ചോദ്യംചെയ്യും. സമ്മർദം ചെലുത്തി ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചാൽ ആശുപത്രികൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും ഭീഷണി പെടുത്തുകയാണ് മാനേജ്‌മെന്റുകൾ. ഇതോടെയാണ് തീരുമാനം അട്ടിമറിക്കപ്പെടുമെന്ന സൂചന വരുന്നത്. ശമ്പളം കൂട്ടിയാൽ ജോലി തന്നെ നഷ്ടമാകുന്ന അവസ്ഥയിലേക്ക് നേഴ്‌സുമാർ മാറും.

നഴ്സുമാർ ഉൾപ്പെടെയുള്ള ജോലിക്കാരുടെ ശമ്പളം സർക്കാർ ഉത്തരവിൽ പറയുന്നതുപോലെ കൂട്ടിയാൽ സ്വകാര്യ ആശുപത്രി മേഖല വലിയ പ്രതിസന്ധിയിലാകുമെന്നു ചൂണ്ടിക്കാട്ടിയാണ് കൊച്ചിയിൽ ചേർന്ന ആശുപത്രി ഉടമകളുടെ യോഗം വിജ്ഞാപനം അംഗീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. നിയമപരമായി ചോദ്യംചെയ്യുന്നതിനു മുൻപ് ഉത്തരവു നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് സർക്കാരിനെ അറിയിക്കും. ഇതിനായി തൊഴിൽമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

വർധന അതേപോലെ നടപ്പാക്കിയാൽ വരുമാനത്തിന്റെ 64 ശതമാനവും ശമ്പളത്തിനു മാറ്റിവയ്ക്കേണ്ടി വരും. ചികിൽസാച്ചെലവിൽ 100 ശതമാനംവരെ വർധന ഏർപ്പെടുത്താൻ ആശുപത്രികൾ നിർബന്ധിതരാകുമെന്നും കെ.പി.എച്ച്.എ. ജനറൽ സെക്രട്ടറി ഹസൻ കോയ തങ്ങൾ പറഞ്ഞു. കഴിഞ്ഞ ദിവസമാണു നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയായും മറ്റു ജീവനക്കാരുടെ ശമ്പളം 16,000 രൂപയുമാക്കി നിജപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത്. മിനിമം വേജസ് ആക്ട് നിലനിൽക്കെ സർക്കാരിന്റെ ഉത്തരവ് അന്യായമാണെന്നു കെ.പി.എച്ച്.എ. ആരോപിച്ചു. ഉടമകളുടെ പരാതികൾ കേൾക്കാതെ ഏകപക്ഷീയമായി വേതനം വർധിപ്പിക്കാൻ തീരുമാനിച്ചത് അംഗീകരിക്കില്ലെന്നും ഹസൻ കോയ തങ്ങൾ പറഞ്ഞു.

ന്യായമായ വർധന നടപ്പാക്കാൻ ആശുപത്രി ഉടമകൾ തയാറാണ്. അതിനപ്പുറം വീണ്ടും സമരനടപടികളുമായി നഴ്സുമാർ മുന്നോട്ടുപോയാൽ നേരിടുമെന്നും ആശുപത്രി ഉടമകളുടെ സംഘടന അറിയിച്ചു. കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനു പുറമേ ഐ.എം.എ ഹോസ്പിറ്റൽ ബോർഡ് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഹെൽത്ത് പ്രൊവൈഡേഴ്സ് തുടങ്ങിയ സംഘടനകളും യോഗത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP