Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെക്രട്ടേറിയറ്റിന് മുന്നിൽ ആഹ്ലാദ നൃത്തം വെച്ച് മാലാഖമാർ; ഒരു രാഷ്ട്രീയപാർട്ടിയുടെയും മുന്നിൽ മുട്ടുമടക്കാത്ത നഴ്‌സുമാരുടേത് ചരിത്ര വിജയം: ഒത്തൊരുമയുടെ കരുത്ത് തെളിയിച്ച നഴ്‌സുമാർ മുന്നോട്ട് പോയപ്പോൾ വഴിമാറിയത് ചരിത്രം

സെക്രട്ടേറിയറ്റിന് മുന്നിൽ ആഹ്ലാദ നൃത്തം വെച്ച് മാലാഖമാർ; ഒരു രാഷ്ട്രീയപാർട്ടിയുടെയും മുന്നിൽ മുട്ടുമടക്കാത്ത നഴ്‌സുമാരുടേത് ചരിത്ര വിജയം: ഒത്തൊരുമയുടെ കരുത്ത് തെളിയിച്ച നഴ്‌സുമാർ മുന്നോട്ട് പോയപ്പോൾ വഴിമാറിയത് ചരിത്രം

തിരുവനന്തപുരം: നഴ്‌സുമാർക്ക് മുമ്പിൽ ചരിത്രം വഴിമാറിയ കാഴ്ചയായിരുന്നു ഇന്നലെ കേരളം കണ്ടത്. സ്വന്തം നിശ്ചയ ദാർഢ്യത്തിന് മുന്നിൽ ഭൂമിയിലെ മാലാഖമാർ ഉറച്ചു നിന്നപ്പോൾ മുട്ടുമടക്കാതെ വയ്യ എന്ന അവസ്ഥയിലായിരുന്നു ഇന്നലെ കേരള സർക്കാരിന്. മാനേജ്‌മെന്റുകൾക്ക് മുന്നിൽ ഭൂമിയോളം താഴ്ന്ന ശേഷമാണ് മിനിമം വേതനം എന്ന ആവശ്യവുമായി കേരളത്തിലെ നഴ്‌സുമാർ സമരരംഗത്തേക്കിറങ്ങിയത്.

രണ്ട്ദിവസം കഴിയുമ്പോൾ സമരവും അവസാനിപ്പിച്ച് ആശുപത്രിയിലേക്ക് തിരികെ എത്തുമെന്നായിരുന്നു മാനേജുമെന്റുകളുടെ പ്രതീക്ഷ. എന്നാൽ എന്തുവന്നാലും തങ്ങളുടെ ആവശ്യത്തിന് മുന്നിൽ മുഖംതിരിക്കുന്നവർക്കെതിരെ ഉറച്ച് നിൽക്കാൻ തീരുമാനിച്ചതോടെ ഇവർക്ക് മുന്നിൽ സർക്കാർ വഴങ്ങുകയായിരുന്നു.

22 ദിവസം മുമ്പ് ചെറിയ തോതിൽ തുടങ്ങിയ സമരം കേരളത്തിലെ നഴ്‌സുമാർ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുമ്പിൽ ചെറിയ തോതിൽതുടങ്ങിയ സമരം എറണാകുളത്തേക്കും പിന്നീട് കോട്ടയം, പാലക്കാട്, കണ്ണൂർ തുടങ്ങി കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള നഴ്‌സുമാർ ഏറ്റെടുക്കുകയും ജോലി ഉപേക്ഷിച്ച് നിരത്തിലേയ്ക്ക് ഇറങ്ങുകയുമായിന്നു.

സമരത്തിനിടയിൽ പലവട്ടം സർക്കാർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും ഇതെല്ലാം പരാജയപ്പെട്ടു. എങ്കിലും തങ്ങൾ ജോലിക്കില്ല എന്ന് പറഞ്ഞ് സമരത്തിൽ ഉറച്ചു നിൽ്ക്കുക ആയിരുന്നു നഴ്‌സുമാർ. സർക്കാർ ആശ്യപ്പെട്ടാൽ സൗജന്യമായി സേവനം ചെയ്യാമെന്നു പറഞ്ഞെങ്കിലും തങ്ങൾ ഇനി ശമ്പളം കൂട്ടാതെ ആ കുത്തക മുതലാളികളുടെ ആശുപത്രികളിലേക്ക് ഇല്ല എന്ന് തന്നെ ഉറപ്പിച്ചു.

ഒരു ഘട്ടത്തിൽ ഹക്കോടതി നഴ്‌സുമാർക്ക് നേരെ എസ്മ പ്രയോഗിക്കാൻ പറഞ്ഞു. ആശുപത്രികൾ അടച്ചിടുമെന്ന് മാനേജ്‌മെന്റുകൾ ഭീഷണി മുഴക്കി. എന്നിട്ടും ജോലി ഉപേക്ഷിച്ച് കൂടുതൽ നഴ്‌സുമാർ കേരളത്തിൽ അങ്ങോളം ഇങ്ങോളം സമര മുഖത്തേക്ക് ഇറങ്ങുന്ന കാഴ്‌ച്ചയായിരുന്നു കേരളം കണ്ടത്. ഒടുവിൽ കേന്ദ്ര സർ്ക്കാരും ഇടപെട്ടു. നഴ്‌സുമാർക്ക് സുപ്രീം കോടതി വിധിച്ച മിനിമം വേതനം നൽകണം. ഇതോടെ കേരള സർക്കാരും നഴ്‌സുമാർക്ക് മുന്നിൽ മുട്ടു മടക്കി സമരം ഒത്തു തീർന്നു. ഇതോടെ നഴ്‌സുമാർ ആനന്ദ നൃത്തംചവിട്ടുന്ന കാഴ്ചയായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിൽ.

സർക്കാരിന്റെ വ്യവസ്ഥയനുസരിച്ച് 50 കിടക്ക വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം 20,000 രൂപയായിരിക്കും. 50 കിടക്കകൾക്കുമീതേ വരുന്ന ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പുനർനിർണയിക്കാൻ നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. നഴ്‌സുമാരുടെ പരിശീലന കാലാവധി, പരിശീലന കാലത്തെ സ്‌റ്റൈപൻഡ് എന്നീ കാര്യങ്ങളും ഈ സമിതി പരിശോധിക്കും. ഒരു മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കണം. തൊഴിൽ, ആരോഗ്യം, നിയമം വകുപ്പുകളുടെ സെക്രട്ടറിമാരും ലേബർ കമ്മിഷണറും സമിതിയിലെ അംഗങ്ങളാണ്. സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നഴ്‌സുമാരുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർന്നത്. മാനേജ്‌മെന്റുകളെയും സർക്കാരിനെയും സമ്മർദത്തിലാക്കുന്നതിനായി നഴ്‌സുമാർ കൂട്ടത്തോടെ അവധിയെടുത്തു നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള നിർണായക ചർച്ച. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ സമരം പിൻവലിക്കാൻ തീരുമാനിച്ചതായി നഴ്‌സുമാരുടെ സംഘടനയായ യുഎൻഎ അറിയിച്ചു. സമരം വിജയകരമായി പര്യവസാനിച്ചതായും സംഘടനാ പ്രതിനിധികൾ അവകാശപ്പെട്ടു. സമരം നടത്തിയവരോട് പ്രതികാര നടപടി പാടില്ലെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റ് പ്രതിനിധികളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശ ലഭിച്ചുകഴിഞ്ഞാൽ അത് മിനിമം വേജസ് കമ്മിറ്റി മുമ്പാകെ സമർപ്പിക്കുമെന്നും അത് അംഗീകരിക്കണമെന്ന് സമിതിയോട് സർക്കാർ അഭ്യർത്ഥിക്കുമെന്നും ചർച്ചയ്ക്കുശേഷം മുഖ്യമന്ത്രി വാർത്താലേഖകരെ അറിയിച്ചു. സമരം നടത്തിയതിന്റെ പേരിൽ ഒരു തരത്തിലുള്ള പ്രതികാര നടപടിയും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റുകളോട് നിർദ്ദേശിച്ചു. സമരം നടത്തിയവർ ആശുപത്രി പ്രവർത്തനത്തിൽ പൂർണമായും സഹകരിക്കുകയും വേണം. ഈ രീതിയിൽ ആരോഗ്യരംഗത്ത് നല്ല അന്തരീക്ഷം ഉണ്ടാക്കണമെന്ന് അദ്ദേഹം ഇരുവിഭാഗങ്ങളോടും അഭ്യർത്ഥിച്ചു.

ഒത്തുതീർപ്പു വ്യവസ്ഥകൾ

1. 2016 ജനുവരി 29-ന് സുപ്രീംകോടതി വിധി അനുസരിച്ച് കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി നിർദ്ദേശിച്ച രീതിയിൽ 50 കിടക്ക വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ മൊത്തം ശമ്പളം 20,000 രൂപയായി നിശ്ചയിച്ചു. 50 കിടക്കകളിൽ കൂടുതലുള്ള ആശുപത്രികളിലെ ശമ്പളം സുപ്രീംകോടതി മാർഗ്ഗരേഖയനുസരിച്ച് നിർണ്ണയിക്കാൻ സർക്കാർ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കും.

2. നഴ്‌സിങ് ട്രെയിനിമാരുടെ സ്‌റ്റൈപൻഡ് കാലോചിതമായി വർധിപ്പിക്കും. ട്രെയിനിങ് കാലാവധിയും സ്‌റ്റൈപൻഡ് പുതുക്കുന്ന കാര്യവും സമിതിയുടെ പരിഗണനയ്ക്ക് വിടാൻ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP