Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓഖിയിൽ താങ്ങും തണലുമൊരുക്കാൻ സർക്കാർ പ്രതീക്ഷിച്ചത് 2 ദിവസത്തെ വേതനം; ക്ലാസ് ഫോർ ജീവനക്കാർ വരെ കുറഞ്ഞത് ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസത്തിന് നൽകിയപ്പോൾ പുലിമടയിലെ സിംഹം മാറ്റിവച്ചത് വെറും 500 രൂപ! ഡിജിപി റാങ്ക് ഉദ്യോഗസ്ഥന്റെ നക്കാപ്പിച്ച സംഭാവന ചർച്ചയാക്കി പൊലീസുകാരും; പായും പുലിക്കെതിരെ ഉയരുന്ന വിമർശനം ഇങ്ങനെ

ഓഖിയിൽ താങ്ങും തണലുമൊരുക്കാൻ സർക്കാർ പ്രതീക്ഷിച്ചത് 2 ദിവസത്തെ വേതനം; ക്ലാസ് ഫോർ ജീവനക്കാർ വരെ കുറഞ്ഞത് ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസത്തിന് നൽകിയപ്പോൾ പുലിമടയിലെ സിംഹം മാറ്റിവച്ചത് വെറും 500 രൂപ! ഡിജിപി റാങ്ക് ഉദ്യോഗസ്ഥന്റെ നക്കാപ്പിച്ച സംഭാവന ചർച്ചയാക്കി പൊലീസുകാരും; പായും പുലിക്കെതിരെ ഉയരുന്ന വിമർശനം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: ഓഖി ദുരന്തം കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. നൂറുകണക്കിന് ജീവനാണ് നഷ്ടമായത്. അതുകൊണ്ട് കൂടിയാണ് ദുരിതാശ്വാസത്തിന് സർക്കാർ കരുതലോടെ നടപടിയെടുത്തത്. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് പോലും സഹായം അഭ്യർത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസിലെ ഉന്നതൻ വെറും 500 രൂപയാണ് സംഭാവന നൽകിയതെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ വിമർശന മുനയിൽ നിർത്തുന്ന തരത്തിൽ വാർത്ത കൊടുത്തത് മംഗളത്തിന്റെ ചീഫ് റിപ്പോർട്ടർ എസ് നാരായണനാണ്.

മംഗളത്തിലെ വാർത്ത ഇങ്ങനെ: അറിയപ്പെടുന്നത് കേരളാ പൊലീസിലെ പുലി, സിംഹം എന്ന പേരിൽ . മീശ പിരിച്ചു നിൽക്കുന്ന ഫോട്ടോ മാത്രം മതി ഗുണ്ടാതലവന്മാരും മാഫിയ സംഘവും പേടിച്ചു വിറക്കും. വേഷപ്രച്ഛനായി ലോറിയിൽ കയറി 50 രൂപ കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ പിടിക്കും. പാവങ്ങളുടെ പടത്തലവനാകാനും ശ്രമിക്കും. പക്ഷേ മറ്റുള്ളവുരടെ ദുഃഖം കണ്ടാലും കേട്ടാലും ഇദ്ദേഹത്തിന്റെ മനസ്സ് അലിയില്ല.

അഴിമതിക്കെതിരെ ഗർജിക്കും സിംഹം എന്ന പേരുകേട്ട ഈ ഐ.പി.എസു കാരന്റെ സാമൂഹിക പ്രതിബദ്ധത ഓഖി ദുരിതാശ്വാസ ഫണ്ട് ശേഖരണം വന്നപ്പോഴാണു ഞെട്ടിയത്. ഓാഖി ഫണ്ടിൽ സംഭാവനയായി നൽകിയത് ആദ്യം 250 രൂപ. 25,000 രൂപയായിരിക്കും സംഭാവ ന നൽകിയതെന്നു കരുതി കൂടെയുള്ള പൊലീസുകാർ പരിശോധിച്ചപ്പോഴാണ് നക്കാപ്പിച്ച സംഭാവനയാണ് നൽകിയതെന്നു അവർ മനസിലാക്കിയത്. സാധാരണ ഇത്തരം സംഭവങ്ങളിൽ സർക്കാർ ചോദിക്കുന്നത് ജീവനക്കാർ നൽകും. ആരും പിശുക്ക് കാട്ടാറില്ല.

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാ സർക്കാർ ജീവനക്കാരും അവരുടെ 2 ദിവസത്തെ വേതനത്തിന് തുല്യമായ തുക സംഭാവന നൽകണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ പിന്നീട് ചെറിയ ഭേദഗതി വരുത്തി. അവരവർക്ക് ഇഷ്ട്ടമുള്ള തുക നൽകാം എന്ന് ഇത് തിരുത്തി. ഉത്തരവും ഇറക്കി. കേരളത്തിലെ ബഹു ഭൂരിഭാഗവും കുറഞ്ഞത് ഒരു ദിവസത്തെ ശമ്പളം ഓഖി ദുരിതാശ്വാസമായി നൽകി.

അപൂർവ്വം ചിലർ 2 ദിവസത്തെ ശംബളം തന്നെ നൽകി. ചിലർ 1 ദിവസത്തെ ശംബളം നൽകി. പൊലീസുകാരുൾപ്പടെ ബഹുഭൂരിപക്ഷം പേരും 1000 രൂപയിൽ കുറയാത്ത തുക നൽകി. 20,000 മുതൽ 50,000 വരെ ശംബളം വാങ്ങുന്ന ഉദ്യോഗസ്ഥരാണ് ഇവർ. എന്നാൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉയർന്ന ഉദ്യോഗസ്ഥരിൽ ചിലർ കൊടുത്തത് 250 , 500 എന്ന നിലയിലാണ്. ഇതിലാണ് പായം പുലിയുടെ പേരും ഉൾപ്പെടുന്നത്. സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നടപടി പൊലീസുകാർക്കിടയിൽ ഏറെ ചർച്ചയാവുകയാണ്. ഈ പൊലീസുകാരന്റെ കുടുംബത്തിൽ ഈയിടെ ഒരു കല്ല്യാണം നടന്നിരുന്നു. ആ ബുദ്ധിമുട്ടുകളാകും തുക കുറയാൻ കാരണമെന്നാണ് പൊലീസുകാരുടെ പരിഹാസം പറച്ചിൽ.

ഓഖി ഫണ്ടിലേക്ക് പൊലീസുകാർ തന്നെ അവരുടെ ശമ്പളത്തിൽ നിന്നു രണ്ടു ദിവസത്തെ ശമ്പളമാണ് സംഭാവനയായി നൽകുന്നത്. പ്യൂൺ പോലും ഒരു ദിവസത്തെ ശമ്പളം ഇതിനായി മാറ്റിവച്ചു. അതായത് 900 രൂപ . പൊലീസുകാരുടെ രണ്ടു ദിവസത്തെ ശമ്പളമാകട്ടെ 2500 രൂപയിൽ അധികം വരും. ഈ സാഹചര്യമുള്ളിടത്താണ് പുലിയുടെ 250 രൂപയുടെ സംഭാവന എത്തിയത്. സംഭവം നാണക്കേടാകുമെന്നു അറിയിച്ചതോടെ ഐ.പി.എസ് ഉന്നതൻ 250 രൂപ കൂട്ടി 500 രുപയാക്കി. അതിലപ്പുറം ചില്ലികാശ് കൂട്ടാനാകില്ലെന്ന നിലപാട് എടുക്കുകയും ചെയ്തു.

കേരളത്തിലെ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥർ ഓരോരുത്തരും 8000 രൂപയോളം സംഭാവന നൽകി. ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ 10000 രൂപ നൽകി. ഇതിനു പുറമേ ഓഖി ദുരിതാശ്വാസ മേഖലയിൽ സൗജന്യമായി ചപ്പാത്തിയും കറിയും ദിവസങ്ങളോളം ജയിൽ വകുപ്പ് വിതരണം ചെയ്തുവെന്നും മംഗളം പറയുന്നു. ഫയർഫോഴ്‌സ് ഡിജിപി ടോമിൻ തച്ചങ്കേരി നൽകിയത് 10000രൂപയുടെ സംഭാവനയാണ്. ഐജി ശ്രീജിത്ത് 14,000 സംഭവനയായി നൽകിയെന്നും പൊലീസുകാർ സ്ഥിരീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP