Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൃതദേഹങ്ങൾ കടലിലൂടെ ഒഴുകി നടക്കുന്നു.. എത്രപേർ കടലിൽ പോയെന്ന കൃത്യമായ കണക്കില്ലാതെ സർക്കാറും; ഇന്ന് കോഴിക്കോട് തീരത്ത് ആറ് മൃതദേഹങ്ങൾ കൂടി കണ്ടെന്ന് മത്സ്യ തൊഴിലാളികൾ; ഓഖി ദുരന്തത്തിന്റെ വ്യാപ്തി അനുദിനം വർദ്ധിച്ചു വരുന്നു; മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നു; മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം ഒന്നിച്ച് നൽകാൻ തീരുമാനം

മൃതദേഹങ്ങൾ കടലിലൂടെ ഒഴുകി നടക്കുന്നു.. എത്രപേർ കടലിൽ പോയെന്ന കൃത്യമായ കണക്കില്ലാതെ സർക്കാറും; ഇന്ന് കോഴിക്കോട് തീരത്ത് ആറ് മൃതദേഹങ്ങൾ കൂടി കണ്ടെന്ന് മത്സ്യ തൊഴിലാളികൾ; ഓഖി ദുരന്തത്തിന്റെ വ്യാപ്തി അനുദിനം വർദ്ധിച്ചു വരുന്നു; മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നു; മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം ഒന്നിച്ച് നൽകാൻ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഓഖി ദുരന്തത്തിന്റെ വ്യാപ്തി അനുദിനം വർദ്ധിച്ചു വരുന്നു. ദുരന്തത്തിൽ മരിച്ച ആറു പേരുടെ മൃതദേഹങ്ങൽ കണ്ടെത്തിയതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചു. കോഴിക്കോട് തീരത്താണ് മൃതദേഹങ്ങൾ കണ്ടത്. മൃതദേഹങ്ങൾ കരയ്ക്കെത്തിക്കാൻ തിരച്ചിൽ സംഘം ഉടൻ പുറപ്പെടും. ഹാർബറിൽ നിന്ന് 11 നോട്ടിക്കൽ മൈൽ ദൂരെയാണ് മൃതദേഹങ്ങൾ കണ്ടത്. ഇതോടെ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 74 ആയി.

ഇന്നലെ 12 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ബേപ്പൂരിൽനിന്ന് എട്ടും കാപ്പാട്, പൊന്നാനി, എറണാകുളം കണ്ണമാലി, കൊടുങ്ങല്ലൂർ അഴീക്കോട് എന്നിവിടങ്ങളിൽനിന്ന് ഓരോ മൃതദേഹങ്ങളുമാണ് ഇന്നലെ ലഭിച്ചത്. ബേപ്പൂരിൽ നിന്ന് തിങ്കളാഴ്ചയും എട്ട് മൃതദേഹങ്ങൾ കിട്ടിയിരുന്നു.മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ബേപ്പൂർ മേഖലയിൽ കൂടുതൽ തിരച്ചിൽ നടത്താൻ ആലോചിക്കുന്നുണ്ട്.

മരിച്ചവരിൽ 39 മൃതദേഹം തിരിച്ചറിയാനുണ്ട്. ഇതിൽ 17 എണ്ണം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ശ്രീചിത്ര മോർച്ചറികളിലായി എട്ടു മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. എട്ടെണ്ണം എറണാകുളത്ത് വിവിധ ആശുപത്രി മോർച്ചറികളിലാണ്. കൊല്ലത്തും മലപ്പുറത്തും മൂന്ന് മൃതദേഹംവീതമുണ്ട്.

അതേസമയം ഓഖി ചുഴിലിക്കാറ്റിൽപ്പെട്ട് മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തിന് വ്യവസ്ഥകൾ നിശ്ചയിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നല്കാനാണ് നേരത്തേയുള്ള തീരുമാനം. കാണാതായവർക്കും വ്യവസ്ഥകൾക്ക് വിധേയമായി സമാന നഷ്ടപരിഹാരം നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ദുരന്തത്തിൽപ്പെട്ടവർക്കായി സർക്കാർ സ്വീകരിച്ച ആശ്വാസനടപടികൾ മന്ത്രിസഭായോഗം വിലയിരുത്തി. സംസ്ഥാന സർക്കാർ വിഹിതമായി പത്തുലക്ഷവും മത്സ്യവകുപ്പിന്റെ അഞ്ചുലക്ഷവും ക്ഷേമനിധി ബോർഡിന്റെ അഞ്ചുലക്ഷവും ചേർത്താണ് 20 ലക്ഷം നല്കുക. ആശ്രിതരായ മാതാപിതാക്കൾക്ക് ഇതിൽ അഞ്ചുലക്ഷം നീക്കിവയ്ക്കും. അവിവാഹിതരായ സഹോദരിമാരുടെ വിവാഹാവശ്യത്തിന് അഞ്ചുലക്ഷവും കുട്ടികളുടെ വിദ്യാഭ്യാസം, സംരക്ഷണം എന്നിവയ്ക്കായി മറ്റൊരു വിഹിതവും നൽകും. ക്ഷേമനിധി ബോർഡിൽ അംഗത്വമില്ലാത്തവർക്ക് 20 ലക്ഷം ലഭിക്കാനായി അഞ്ചുലക്ഷം രൂപ സർക്കാർ അധികസഹായം നല്കും. ഇതിനുപുറമേ വ്യക്തിഗത ഇൻഷുറൻസുള്ള മത്സ്യത്തൊഴിലാളികൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടുലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ട്.

ജോലിക്ക് പോകാനാവാത്തവിധം പരിക്കേറ്റവർക്ക് മെഡിക്കൽ ബോർഡ് ശുപാർശപ്രകാരം ബദൽ ജീവനോപാധിക്കായി അഞ്ചുലക്ഷം നൽകും. പരിക്കേറ്റവർക്ക് ചികിത്സാ സഹായമായി 20,000 രൂപ നൽകും. ആഭ്യന്തര, ഫിഷറീസ്, റവന്യൂ സെക്രട്ടറിമാർ അടങ്ങിയ സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരവിതരണം നടത്തും. വിവരശേഖരണത്തിന് ഉദ്യോഗസ്ഥർ വീടുകളിലെത്തും. ദുരിതബാധിതർ സർക്കാർ ഓഫീസുകൾ കയറേണ്ടിവരില്ല.വള്ളമൊന്നിന് ആറുലക്ഷം നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

മുന്തിയ ബോട്ടിന് ഇപ്പോൾ എട്ടുലക്ഷംവരെ വിലയുണ്ട്. അധികതുക വായ്പയായി നല്കി അത്തരം ബോട്ടുകൾ വാങ്ങിനല്കുന്നകാര്യവും പരിഗണനയിലാണ്.വീട് പൂർണമായി നഷ്ടപ്പെട്ടവർക്ക് ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീടുണ്ടാക്കിനൽകും. ഭാഗികമായി തകർന്ന വീടുകളുടെ അറ്റകുറ്റപ്പണി നടത്തും. കേരളത്തിലെ ബോട്ടുകളിൽ ജോലിചെയ്തിരുന്ന, ദുരന്തത്തിൽപ്പെട്ട മറുനാടൻ തൊഴിലാളികൾക്ക് ഇതരസംസ്ഥാനത്തൊഴിലാളികൾക്കുള്ള ക്ഷേമനിധിയിൽനിന്ന് അർഹമായ ആനുകൂല്യം നല്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെയാണ് തുക സമാഹരിക്കുന്നതെങ്കിലും ഈ ഫണ്ട് പ്രത്യേകമായി കൈകാര്യംചെയ്യും. സംഭാവന നൽകുന്നവർക്ക് വരുമാന നികുതി ഇളവ് ലഭിക്കുമെന്നതിനാലാണ് ഇതിലൂടെ പണം സമാഹരിക്കുന്നത്. കേന്ദ്ര ദുരന്തനിവാരണ അഥോറിറ്റി ഫണ്ടിൽനിന്ന് 1843 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടു. സർക്കാർ നൽകുന്ന 20 ലക്ഷത്തിന് പുറമെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടുലക്ഷം രൂപവീതവും അനുവദിച്ചു. ദുരന്തത്തിന്റെ തീവ്രത കേന്ദ്രസർക്കാരിന് ബോധ്യപ്പെട്ടെന്നാണ് കരുതുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങുമായി ചർച്ച നടത്തിയപ്പോൾ കേന്ദ്രസംഘത്തെ അയക്കാമെന്ന് ഉറപ്പുനൽകി.

ദുരന്തബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു മാസത്തെ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തബാധിതരെ സഹായിക്കാൻ ഉദാരമതികൾ മുന്നോട്ടുവരുന്നുണ്ട്. അവരിൽ ചിലർ സർക്കാരിന് മുമ്പാകെ പല നിർദേശങ്ങളും വയ്ക്കുന്നു. അതിലൊന്നാണ് സർക്കാർ ജീവനക്കാർ മൂന്നുദിവസത്തെ ശമ്പളം നൽകണമെന്നത്. പതിനായിരം രൂപയിൽ കൂടുതൽ പെൻഷൻ പറ്റുന്നവർ ആകെ പെൻഷൻ തുകയുടെ പകുതിയും തൊഴിലാളികൾ ഒരുദിവസത്തെ വേതനവും നൽകണമെന്നും നിർദ്ദേശം ഉയർന്നു. ഈ മൂന്ന് നിർദേശവും സർക്കാർ മുന്നോട്ടുവയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP