Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരിൽ പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം; മെഡിക്കൽ കോളേജിൽ ഉറ്റവരെ കാത്തു കിടക്കുന്നത് പത്ത് മൃതദേഹങ്ങൾ: ആധുനിക ഡി.എൻ.എ. ടെസ്റ്റിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമവും തുടങ്ങി

ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരിൽ പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം; മെഡിക്കൽ കോളേജിൽ ഉറ്റവരെ കാത്തു കിടക്കുന്നത് പത്ത് മൃതദേഹങ്ങൾ: ആധുനിക ഡി.എൻ.എ. ടെസ്റ്റിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമവും തുടങ്ങി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ മരിച്ചവരുടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത വിധം ജീർണിച്ച നിലയിലാണ്. ഇവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് എത്രയും വേഗം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനായി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം രാത്രിയിൽ പോലും പോസ്റ്റുമോർട്ടം നടത്തിയിരുന്നു.

മെഡിക്കൽ കോളേജിൽ ഇതുവരെ 16 പേരെയാണ് മരിച്ച നിലയിൽ കൊണ്ടുവന്നത്. ഇതിൽ 6 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനി 10 മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്. ബന്ധുക്കൾക്ക് പോലും തങ്ങളുടെ സ്വന്തക്കാരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല. ഈയൊരവസരത്തിലാണ് ആധുനിക ഡി.എൻ.എ. ടെസ്റ്റിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയത്. മുമ്പ് പുറ്റിങ്ങൽ അപകട സമയത്തും തിരിച്ചറിയാത്ത എല്ലാ മൃതദേഹങ്ങളും ഇതേ അവസ്ഥയിലായിരുന്നു തിരിച്ചറിഞ്ഞത്.

എന്താണ് ഡി.എൻ.എ. ടെസ്റ്റ്?

ഡി.എൻ.എ. ടെസ്റ്റ് എന്തെന്നറിയാൻ സാധാരണക്കാർക്ക് ആകാംക്ഷയാണ്. ഇതിനെപ്പറ്റി പല തെറ്റിദ്ധാരണകളാണ് പടരുന്നത്. പാരമ്പര്യമായി പകർന്നു കിട്ടുന്ന കോശത്തിനകത്തുള്ള ജനിതക സ്വഭാവമുള്ള ഘടകമാണ് ഡി.എൻ.എ. ഇത് ഓരോ കോശത്തിനകത്തേയും നൂക്ലിയസിനകത്താണ് കാണുന്നത്. ഈ സ്വഭാവ സവിശേഷതകൾ പകുതി അച്ഛനിൽ നിന്നും പകുതി അമ്മയിൽ നിന്നുമാണ് മക്കളിലേക്ക് പാരമ്പര്യമായി കിട്ടുന്നത്. എന്നുകരുതി ഒരേ അച്ഛനും അമ്മയ്ക്കും ജനിക്കുന്ന മക്കൾക്ക് ഒരേ സ്വഭാവം ആയിരിക്കില്ല. ഇവരുടെ ഡിഎൻഎയുടെ പ്രകടനത്തിലെ വ്യത്യാസമാണ് ഇതിന് കാരണം. എങ്കിലും ചില സവിശേഷതകൾ ഡിഎൻഎയിൽ കാണും. ഒരേപോലുള്ള അപൂർവം ചില ഇരട്ടകൾക്ക് മാത്രമാണ് ഒരേ സ്വഭാവം ലഭിക്കുന്നത്.

അച്ഛൻ, അമ്മ, മക്കൾ, അടുത്ത രക്തബന്ധു എന്നിവരുടെ ഡിഎൻഎകൾ തമ്മിൽ സാമ്യം ഉണ്ടാകും. ഇത് ആധാരമാക്കിയാണ് ഡിഎൻഎ ടെസ്റ്റ് നടത്തുന്നത്. അടുത്ത രക്തബന്ധുവിന്റെ രക്തമാണ് ഡിഎൻഎ ടെസ്റ്റിനായി അയയ്ക്കുന്നത്.

മരിച്ചയാളുടെ പല്ല്, രക്തം, പേശി, അസ്ഥിമജ്ഞ, വേരോടെയുള്ള തലമുടി എന്നിവയിലേതെങ്കിലും കിട്ടുന്ന മുറയ്ക്കാണ് ഡിഎൻഎ ടെസ്റ്റിനായി എടുക്കുന്നത്. പോസ്റ്റ് മോർട്ടം ചെയ്യുന്ന സമയത്ത് തന്നെ ഇതിന്റെ സാമ്പിളുകൾ എടുത്ത് സീൽ ചെയ്ത കവറിൽ പൊലീസിനെ ഏൽപ്പിക്കുന്നു. പൊലീസ് ഇത് കോടതി വഴിയാണ് ഡിഎൻഎ ടെസ്റ്റിന് അംഗീകാരമുള്ള ലബോറട്ടറിയിൽ അയക്കുന്നത്.

തിരുവനന്തപുരത്ത് ഡിഎൻഎ ടെസ്റ്റ് നടത്താൻ കഴിയുന്ന രണ്ട് ലബോറട്ടറികളാണുള്ളത്. പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ ഫോറൻസിക് സയൻസ് ലാബിലും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലുമാണ് ഡിഎൻഎ ടെസ്റ്റിനുള്ള സൗകര്യമുള്ളത്.

പോസ്റ്റുമോർട്ടം സമയത്ത് ഇവിടെയുള്ള മൃതദേഹങ്ങളുടെ സാമ്പിളുകളും എടുത്ത് ഡിഎൻഎ ടെസ്റ്റിന് അയച്ചിരുന്നു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി ലാബിലാണ് ഇവയുടെ ഡി.എൻ.എ. ടെസ്റ്റ് നടത്തുന്നത്.

ബന്ധുക്കൾ ചെയ്യേണ്ടതെന്ത്?

ഈ മൃതദേഹങ്ങൾ തങ്ങളുടെ ബന്ധുക്കളുടേതാണെന്ന് സംശയമുള്ളവർ അതത് പൊലീസ് സ്റ്റേഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്. പൊലീസ് വഴി കോടതി ആ അപേക്ഷ സ്വീകരിക്കുന്നു. തുടർന്ന് ഉത്തരവ് ലഭിക്കുന്ന ഡിഎൻഎ ടെസ്റ്റ് നടത്തുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി ലാബിൽ നിന്നും അവരുടെ രക്തം സ്വീകരിച്ച് പരിശോധിക്കുന്നു.

മരിച്ച ഒരു വ്യക്തിയുടെ സാമ്പിളിൽ നിന്ന് ഡിഎൻഎ വേർതിരിച്ച് കാണാതായ എല്ലാവരുടേയും അടുത്ത ബന്ധുക്കളുടെ ഡിഎൻഎയുമായി ഒത്തു നോക്കിയാണ് മരിച്ചയാളിന്റെ മൃതദേഹം തിരിച്ചറിയുന്നത്. 99.5 ശതമാനം വരെ ഡിഎൻഎ ടെസ്റ്റിലൂടെ കണ്ടുപിടിക്കാൻ കഴിയും. മൂന്ന് മുതൽ ഒരാഴ്ചയ്ക്കുള്ളിൽ ഫലം അറിയാവുന്നതാണ്. ഇതിന്റെ റിപ്പോർട്ടും കോടതി വഴിയാണ് പൊലീസുകാർക്ക് ലഭിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP