Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമർശനം കടുത്തപ്പോൾ മാനം രക്ഷിക്കാൻ വിദ്യാഭ്യാസ മന്ത്രി പറഞ്ഞതു പച്ചക്കള്ളം; ഓണപ്പരീക്ഷ ഓണം കഴിഞ്ഞു തന്നെ; 15 ലക്ഷം പുസ്തകങ്ങൾ സ്വകാര്യ പ്രസുകൾക്കു കൊടുക്കുമെന്നു മന്ത്രി; ടെൻഡർ വിളിക്കാതെ നൽകാൻ സമ്മതിക്കില്ലെന്നു സെക്രട്ടറി: അബ്ദുറബും രാജു നാരായണ സ്വാമിയും മുഖ്യമന്ത്രിയുടെ മുമ്പിൽ കൊമ്പുകോർത്തു

വിമർശനം കടുത്തപ്പോൾ മാനം രക്ഷിക്കാൻ വിദ്യാഭ്യാസ മന്ത്രി പറഞ്ഞതു പച്ചക്കള്ളം; ഓണപ്പരീക്ഷ ഓണം കഴിഞ്ഞു തന്നെ; 15 ലക്ഷം പുസ്തകങ്ങൾ സ്വകാര്യ പ്രസുകൾക്കു കൊടുക്കുമെന്നു മന്ത്രി; ടെൻഡർ വിളിക്കാതെ നൽകാൻ സമ്മതിക്കില്ലെന്നു സെക്രട്ടറി: അബ്ദുറബും രാജു നാരായണ സ്വാമിയും മുഖ്യമന്ത്രിയുടെ മുമ്പിൽ കൊമ്പുകോർത്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള ചരിത്രത്തിൽ ഏറ്റവും മോശം വിദ്യാഭ്യാസ മന്ത്രി താൻ തന്നെയാണെന്ന് അടിവരയിട്ടുകൊണ്ട് ഓണം കഴിഞ്ഞ് ഓണപ്പരീക്ഷ നടക്കുന്ന സാഹചര്യത്തിലേക്കു തന്നെ കേരളം നീങ്ങുമെന്ന് ഉറപ്പായി. പാഠപുസ്തകം അടിച്ചു തീരാത്തതിനാൽ ഓണം കഴിഞ്ഞു പരീക്ഷ നടത്തിയാൽ മതിയെന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതിയുടെ ശുപാർശ വിവാദമായപ്പോൾ മാനം രക്ഷിക്കാൻ വിദ്യാഭ്യാസ മന്ത്രി നിഷേധിച്ചതു പച്ചക്കള്ളം ആയിരുന്നെന്ന് ഇപ്പോൾ വ്യക്തമാകുകയാണ്.

ഒരു തലമുറയുടെ ഓണാഘോഷം മുഴുവൻ കുട്ടിച്ചോറാക്കിയ തീരുമാനം പ്രഖ്യാപിച്ചിട്ടും പഴി മറ്റുള്ളവരുടെ പുറത്തുവയ്ക്കാൻ ശ്രമിച്ചതു വിദ്യാഭ്യാസ മന്ത്രിയും അച്ചടി വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള തർക്കത്തിൽ കലാശിക്കുകയും ചെയ്തു.

പാഠപുസ്തക വിവാദം കൊഴുക്കുവേ ഓണപ്പരീക്ഷ ഓണത്തിന് ശേഷം തന്നെ നടത്താനാണു  സർക്കാർ തീരുമാനം. ഓണപ്പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവെക്കാൻ വിദ്യാഭ്യാസ ഗുണനിലവാര സമിതി സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു. ഇത് അനുസരിച്ചാണ് സർക്കാറിന്റെ തീരുമാനം. സെപ്റ്റംബർ ഏഴു മുതൽ 15 വരെ ഓണപ്പരീക്ഷ നടത്താനാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ചയും ഇത്തരത്തിലൊരു ശുപാർശ സമിതി മുന്നോട്ട് വച്ചിരുന്നു. നേരത്തെ സെപ്റ്റംബർ 9-16 ആയിരുന്നു തിയതി നിശ്ചയിച്ചിരുന്നത്. ഈ സാഹചര്യത്തിൽ ഓണപ്പരീക്ഷ , ഓണത്തിന് ശേഷം നടത്താൻ സർക്കാരും സമ്മതിച്ചു.

സ്‌കൂളുകളിൽ പാഠപുസ്തകം എത്താത്തതാണ് പരീക്ഷ മാറ്റിവെക്കാൻ സർക്കാറിനെ പ്രേരിപ്പിച്ച പ്രധാന ഘടകം. എന്നാൽ ഓണപ്പരീക്ഷ നീട്ടിവയക്കുന്നതിന് വിചിത്ര ന്യായമാണ് മന്ത്രി പുറത്ത് പറയുന്നത്. ഓണം നേരത്തെ ആയതിനാൽ അധ്യയന ദിനങ്ങളിൽ കുറവ് വന്നു. അതുകൊണ്ട് ഓണപ്പരീക്ഷ ഓണം കഴിഞ്ഞെന്നാണ് മന്ത്രി പറഞ്ഞത്. ഇതിലൂടെ പാഠപുസ്തകത്തിന്റെ അച്ചടി വൈകിയതിലെ പ്രതിഷേധം തന്റെ തലയിൽ വരാതിരിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. എന്നാൽ പാഠപുസ്തകം വൈകിയ സാഹചര്യത്തിൽ തന്നെയാണ് ഗുണനിലവാര സമിതിയുടെ ശുപാർശ എന്നത് വ്യക്തമാണ്.

പാഠപുസ്തക വിതരണം വൈകുന്ന സാഹചര്യത്തിൽ പരീക്ഷ ഓണത്തിനു മുമ്പ് നടത്തുന്നത് ഉചിതമാവില്ലെന്നും സമിതി വ്യക്തമാക്കി. പാഠപുസ്തക വിതരണം പൂർത്തിയാവാതെ പരീക്ഷ നടത്തുന്നത് വീണ്ടും വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും സമിതി മുന്നോട്ട് വച്ചു. തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിലാണ് പരീക്ഷ മാറ്റി വയ്ക്കുന്നതിന് അംഗീകരാം നൽകിയത്. എന്നാൽ പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്വേഷണം നടത്തുന്നതിൽ തീരുമാനവുമായില്ല.

അതേസമയം പാഠപുസ്തകം ഈമാസം 20നകം എല്ലാ സ്‌കൂളുകളിലും എത്തുമെക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പാലിക്കാൻ സാധിക്കുമോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. തുടർന്ന് 15 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി സ്വകാര്യ പ്രസുകളെ ഏൽപ്പിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ഈ മാസം 15നകം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കി നൽകാൻ കഴിയില്ലെന്ന് കെ.ബിപി.എസ് അറിയിച്ചതിനെ തുടർന്നാണിത്.

പാഠപുസ്തക അച്ചടിയെ കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടി മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബും അച്ചടി വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും തമ്മിലുടക്കി. പുസ്തകം അച്ചടിക്കുന്നതിൽ കെബിപിഎസിന് വേഗതയില്ലെന്ന് വിമർശിച്ച മന്ത്രി സ്വകാര്യ പ്രസുകളെ ഏൽപ്പിക്കുമെന്ന് പറഞ്ഞു. ടെണ്ടറില്ലാതെ പാഠപുസ്തക അച്ചടി ഏൽപ്പിക്കുമെന്ന് മന്ത്രി പറഞ്ഞപ്പോൾ തുറന്നെതിർത്ത് രാജു നാരായണ സ്വാമി രംഗത്തെത്തുകയായിരുന്നു.

കെബിപിഎസിൽ ഒമ്പത് ലക്ഷം പാഠപുസ്തകങ്ങൾ മാത്രമേ അച്ചടിക്കാൻ സാധിക്കൂവെന്നായിരുന്നു രാജു നാരായാണ സ്വമി മന്ത്രിയെ അറിയിച്ചത്. മുഴുവൻ പുസ്തകം അച്ചടിക്കാൻ ഈമാസം 31ന് വരെയെങ്കിലും അച്ചടിക്കാൻ സാവകാശം വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, കെ.ബി.പി.എസിന്റെ നിർദ്ദേശം സർക്കാർ തള്ളി. തുടർന്ന് , ഇനി അച്ചടിക്കാനുള്ള 24 ലക്ഷം പുസ്തകങ്ങളിൽ 15 ലക്ഷം സ്വകാര്യ പ്രസിനെ ഏൽപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിർദ്ദേശിച്ചു.

എന്നാൽ, ടെണ്ടർ വിളിക്കാതെ പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകളെ ഏൽപ്പിക്കുന്നതിനെ രാജു നാരായണസ്വാമി എതിർത്തു. തുടർന്ന് മന്ത്രിയും സെക്രട്ടറിയും തമ്മിൽ വാക്കുതർക്കമുണ്ടായി. മുഖ്യമന്ത്രി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പാഠപുസ്തകം അച്ചടിച്ച് നൽകാൻ ഇനിയും വൈകുന്നത് അനുവദിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും ഈ നിലപാടിനോട് യോജിക്കുകയായിരുന്നു.

നേരത്തെ 20നകം പാഠപുസ്തകങ്ങൾ അച്ചടിച്ച് തീരുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയെങ്കിലും അച്ചടിയുടെ ചുമതലയുള്ള കെ.ബി.പി.എസിന് ഇക്കാര്യത്തിൽ ഉറപ്പില്ലെന്നതാണ് അച്ചടി വകുപ്പ് സെക്രട്ടറിയുടെ വാക്കുകൾ. പാഠപുസ്തകം ഇനിയും ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഓണപ്പരീക്ഷ നീട്ടിവയ്ക്കാൻ തീരുമാനിച്ചത്. ഇത് ആദ്യമായാണ് പാഠ പുസ്തക അച്ചടി വൈകിയതിന്റെ പേരിൽ ഓണപ്പരീക്ഷ നീട്ടി വച്ചത്.

അതേസമയം പാഠപുസ്തക അച്ചടി വൈകുന്നതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കണ്ണൂർ, തൊടുപുഴ, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിലെ മാർച്ചുകളാണ് അക്രമാസക്തമായത്. കണ്ണൂരിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. കല്ലേറിലും ലാത്തിച്ചാർജിലും പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു. കോട്ടയം കളക്ടറേറ്റിലേക്കു നടന്ന മാർച്ചിനു നേരെയും പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP